| Monday, 29th April 2024, 11:45 am

തമിഴ് സിനിമകളില്‍ ജാതീയത നിലനില്‍ക്കുന്നു, മലയാള സിനിമയില്‍ അതില്ല: സമുദ്രക്കനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് തെലുങ്ക് സിനിമകളില്‍ ജാതീയത നിലനില്‍ക്കുന്നുണ്ടെന്ന് നടന്‍ സമുദ്രക്കനി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സമുദ്രക്കനിയുടെ പരാമര്‍ശം.

തമിഴിലെ ചില പ്രമുഖ നിര്‍മാതാക്കള്‍ തങ്ങളുടെ യൂണിറ്റിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത് ജാതിയും മതവും നോക്കിയാണെന്നായിരുന്നു സമുദ്രക്കനി പറഞ്ഞത്.

സമാനമായ സാഹചര്യം തെലുങ്ക് സിനിമാ മേഖലയിലും നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

മലയാള സിനിമയില്‍ ജാതീയത നിലനില്‍ക്കുന്നില്ലെന്നും, അവിടെ അത്തരത്തിലൊരു വേര്‍തിരിവ് താന്‍ കണ്ടിട്ടില്ലെന്നും സമുദ്രക്കനി അഭിപ്രായപ്പെട്ടു.

ഏതൊരു ഇന്‍ഡസ്ട്രിയിലും ഒരുമയും ഐക്യവുമാണ് വേണ്ടത്. ജാതീയമായ വേര്‍തിരിവിനെ താന്‍ ശക്തമായി എതിര്‍ക്കുന്നു എന്നും നടന്‍ പറഞ്ഞു. സാമാനമായ രീതിയില്‍ വേര്‍തിരിവ് നടത്തുന്ന തമിഴ് സംവിധായകരെയും അദ്ദേഹം വിമര്‍ശിച്ചു.

ദക്ഷിണേന്ത്യയിലെ മികച്ച നടന്മാരിലൊരാളാണ് സമുദ്രക്കനി. എല്ലാ തരം റോളുകളിലൂടെയും പ്രേക്ഷക സ്വീകാര്യത നേടിയ സമുദ്രക്കനി ‘ഉന്നൈ സരണഅടൈന്തേന്‍’ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

2003 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ സമുദ്രക്കനിയുടെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശശികുമാര്‍ സംവിധാനം ചെയ്ത ‘സുബ്രഹ്‌മണ്യപുരം’എന്ന ചിത്രത്തിലും പ്രധാന വേഷം ചെയ്തിരുന്നു. മലയാള സിനിമയിലും മികച്ച വേഷം കൈകാര്യം ചെയ്ത നടന്റെ ഏറ്റവും പുതിയ സിനിമ ‘ഹനുമാന്‍’ ആണ്.

Content Highlight: Samuthirakani’s remarks on caste exploitation by Tamil directors

Latest Stories

We use cookies to give you the best possible experience. Learn more