ന്യൂദൽഹി: ദൽഹിയിലേക്ക് മാർച്ച് നടത്തുന്ന കർഷകർക്ക് പിന്തുണയുമായി സംയുക്ത കിസാൻ മോർച്ച.
കർഷകരെ പൊലീസ് മർദ്ദിക്കുന്നതിൽ പ്രതിഷേധിച്ച് സമര പരിപാടികൾ കടുപ്പിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ടാണ് കിസാൻ മോർച്ച രംഗത്ത് വന്നത്.
ദൽഹിയിലേക്ക് മാർച്ച് നടത്തുന്ന കർഷകരെ ഹരിയാന പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് പഞ്ചാബിലെ എല്ലാ ടോൾ പ്ലാസകളും നാളെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ നാല് മണിക്കൂർ നേരത്തേക്ക് തുറന്നിടുമെന്ന് സംഘടന വിളിച്ചുചേർത്ത അടിയന്തിര യോഗംത്തിൽ തീരുമാനിച്ചു.
കേന്ദ്ര സർക്കാർ കർഷകരെ അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 16ന് ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള സകല വഴികളും അടച്ചിടാനും പഞ്ചാബ് ചാപ്റ്റർ തീരുമാനിച്ചു. ഇതേദിവസം തന്നെ കർഷകർക്കെതിരായ ആക്രമണങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുവാനും ഗ്രാമീൺ ബന്ദ് ആചരിക്കുവാനും സംഘടനയിലെ അംഗങ്ങളോട് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.
കർഷകരെ ദൽഹിയിലേക്ക് കുടിയേറാൻ സർക്കാർ അനുവദിച്ചില്ലെങ്കിൽ അടുത്ത യോഗം ഫെബ്രുവരി 18 ന് ചേരുകയും കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
സമാധാനപരമായ കർഷകരുടെ പ്രതിഷേധം തടയുന്നതിന് പൊലീസിനെയും സേനയെയും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുന്നത് വെളിപ്പെടുത്തുന്നത് സർക്കാരിന് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു എന്നാണെന്നും ഒരു ജനാധിപത്യ സമൂഹത്തിൽ ഓരോ പൗരനും സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും സംയുക്ത കിസാൻ മോർച്ച ചൂണ്ടിക്കാട്ടി.
കർഷകർക്ക് നേരെ ഡ്രോണുകൾ ഉപയോഗിച്ച് പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഡ്രോണുകളെ പ്രതിരോധിക്കാൻ കർഷകർ പട്ടങ്ങൾ പറത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
അതിർത്തിയിലെ ദേശീയ പാതകളിൽ ശക്തമായ നിരീക്ഷണമാണ് നടക്കുന്നത്. പത്തടിയോളം ആഴത്തിൽ പൊലീസ് ഉദ്യോഗസ്ഥർ കിടങ്ങുകൾ സ്ഥാപിച്ചുവെന്നും കൂടുതൽ മുള്ളുവേലികൾ കെട്ടിപ്പൊക്കിയെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഉത്തർപ്രദേശിൽ നിന്നുള്ള കർഷകരും വരും ദിവസങ്ങളിൽ മാർച്ചിൽ പങ്കെടുത്തേക്കാമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബീഹാറിൽ ട്രെയിൻ തടയാൻ കർഷകർ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Content Highlight: Samuktha Kisan Morcha in solidarity with farmers protest; Will strengthen protest