കോഴിക്കോട്: കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സാമുവല്‍ റോബിന്‍സണ്‍. ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കുമെന്ന് അധികാരികള്‍ ഉറപ്പാക്കണമെന്നും “സുഡാനി ഫ്രം നൈജീരിയ” ചിത്രത്തിലെ നായകന്‍ പറഞ്ഞു.
ആ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കാനായി അധികാരത്തിലുള്ളവര്‍ പ്രവര്‍ത്തിക്കണം എന്ന് സാമുവല്‍ റോബിന്‍സണ്‍ തന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പിലൂടെ പറഞ്ഞു. “ഇതുപോലുള്ള കാര്യങ്ങള്‍ ഇപ്പോഴും നടക്കുന്നു എന്നത് ഹൃദയഭേദകമാണ്”. ഈ കൃത്യത്തിലെ കുറ്റവാളികള്‍ ഒരു കാരണവശാലും രക്ഷപ്പെടരുതെന്നും സാമുവല്‍ വ്യക്തമാക്കി.
ജമ്മുവിനടുത്തുള്ള കത്വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ജനുവരി 10ന് കാണാതായ പെണ്‍കുട്ടിയെ ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ കുടുംബമടങ്ങുന്ന ബക്കര്‍വാല്‍ മുസ്ലിം നാടോടി സമുദായത്തെ രസനയില്‍ നിന്നും ഭയപ്പെടുത്തി ആട്ടിയോടിക്കുന്നതിനായി റിട്ട റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി റാം ആണ് കൊലപാതകവും തട്ടിക്കൊണ്ടു പോകലും ആസൂത്രണം ചെയ്തത്. ഇയാളുടെ മകന്‍ വിശാല്‍ ജംഗോത്ര, മരുമകന്‍ എന്നിവരും പിടിയിലായിട്ടുണ്ട്.
സ്‌പെഷ്യല്‍ പൊലീസ് ഒഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, രസനയിലെ താമസക്കാരനായ പര്‍വേശ് കുമാര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബള്‍, തിലക് രാജ് എന്നിവരാണ് മറ്റു പ്രതികള്‍.
അതേസമയം പെണ്‍കുട്ടിയുടെ കുടുംബം രസനയിലുള്ള വീടൊഴിഞ്ഞിട്ടുണ്ട്. കൊലപാതകത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം രാജ്യമാകെ പടരുന്നതിനിടയില്‍ തന്നെയാണ് പെണ്‍കുട്ടിയുടെ കുടുംബം വീടൊഴിഞ്ഞിരിക്കുന്നത്.