| Thursday, 29th March 2018, 11:05 am

എന്റെ ആത്മാവിന്റെ പകുതി കേരളത്തില്‍ വെച്ചാണ് പോകുന്നത്; മലയാളികളോട് യാത്ര പറഞ്ഞ് 'സുഡുമോന്‍'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുബായി: “സുഡാനി ഫ്രം നൈജീരിയ” എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സാമുവല്‍ റോബിന്‍സണ്‍ നാട്ടിലേക്ക് തിരിച്ചുപോയി. ഫേസ്ബുക്ക് പോസ്റ്റിലൂടെ മലയാളികളോട് യാത്ര പറഞ്ഞാണ് സാമുവല്‍ റോബിന്‍സണ്‍ നൈജീരിയയിലേക്ക പോകുവാണെന്ന വിവരം പങ്കുവെച്ചത്.

ദുബായി ഇന്റര്‍ നാഷണല്‍ ഏയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മലയാളികളുടെ സ്വന്തം “സുഡുമോന്‍” യാത്ര പറഞ്ഞത്. “എന്റെ ആത്മാവിന്റെ ഒരംശം ഇവിടെ വെച്ചാണ് ഞാന്‍ പോകുന്നത്. ഞാനൊരു പാതി ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ്. തിരിച്ചു വരും” താരം പറഞ്ഞു.

താരത്തിന്റെ പോസ്റ്റിനു മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി ലൈക്കും കമന്റ്‌സുമാണ് ലഭിച്ചിരിക്കുന്നത്.

നവഗാതനായ സക്കരിയ സംവിധാനം ചെയ്ത “സുഡാനി ഫ്രം നൈജീരിയ” എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെയാണ് സാമുവല്‍ റോബിന്‍സണ്‍ അവതരിപ്പിച്ചിരിക്കുന്നത്. സെവന്‍സ് കളിക്കാനായി കേരളത്തിലെത്തുന്ന ആഫ്രിക്കന്‍ താരത്തിന്റെ കഥയെ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

ഫുട്‌ബോള്‍ ഭ്രാന്തനായ മജീദ് ആയി സൗബിന്‍ എത്തുന്ന ചിത്രത്തില്‍ മലപ്പുറത്തെ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ നൈജീരയയില്‍ നിന്നു മലപ്പുറത്ത് എത്തുന്ന സുഡാനിയായാണ് സാമുവല്‍ റോബിന്‍സണ്‍ അഭിനയിക്കുന്നത്. സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി, കെ.ടി.സി അബ്ദുല്ല അഭിരാം പൊതുവാള്‍, ലുക്മാന്‍, സിദ്ദീഖ് കൊടിയത്തൂര്‍, നവാസ് വള്ളിക്കുന്ന് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നു നിര്‍മ്മിച്ച ചിത്രത്തിന്റെ ഛയാഗ്രഹണം ഷൈജു ഖാലിദ് തന്നെയാണ്. മുഹ്സിന്‍ പരാരിയും സക്കരിയയുമാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more