ഗൂഗിള്‍ ഗ്ലാസിന് സാംസങ്ങിന്റെ മറുപടി
Big Buy
ഗൂഗിള്‍ ഗ്ലാസിന് സാംസങ്ങിന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th October 2013, 12:10 am

[]സീയൂള്‍: ഗൂഗിളിന്റെ ഇന്റര്‍നെറ്റ് കണക്റ്റഡ് കണ്ണടയ്ക്കുള്ള സാംസങ്ങിന്റെ മറുപടി ഉടനെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സ്പോര്‍ട്‌സ് ഗ്ലാസ് വിഭാഗത്തില്‍ പെടുന്ന ഇത് പേറ്റന്റിനായി സമര്‍പ്പിച്ചിരിക്കുകയാണ്.

കൊറിയന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസിലാണ് പേറ്റന്റിനായി സമര്‍പ്പിച്ചിരിക്കുന്നത്.

സ്മാര്‍ട്ട് ഫോണുമായി ബന്ധപ്പെടുത്തിയ കണ്ണടയാണിത്. ഫോണിലെ വിവരങ്ങള്‍ ഗ്ലാസില്‍ ദൃശ്യമാകും.

ഈ ഗ്ലാസിന് മ്യൂസിക് പ്ലേ ചെയ്യാനും ഫ്രെയിമില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ഇയര്‍ഫോണിലൂടെ കോള്‍ റിസീവ് ചെയ്യാനും സാധിക്കും. സ്മാര്‍ട്ട് ഫോണില്‍ ഹാന്‍ഡ്‌സ് ഫ്രീ നിയന്ത്രണവും ഇത് വാഗ്ദാനം ചെയ്യുന്നു.

ഗൂഗിള്‍ ഗ്ലാസിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഇടത് ഗ്ലാസിന് മുകളിലായി ചെറിയൊരു ഡിസ്‌പ്ലേയുമുണ്ട്.
ഇന്‍ഫര്‍മേഷനും വെബ്‌സൈറ്റുകളും വ്യക്തമാക്കാനുള്ള ഗൂഗിള്‍ ഗ്ലാസിന്റെ  ഡിസ്‌പ്ലേ വലത് ഗ്ലാസിന് മുകളിലാണ്.

ടച്ച് സ്‌ക്രീന്‍, ക്യാമറ  എന്നീ സൗകര്യങ്ങളെക്കുറിച്ച് സ്‌കെച്ചില്‍ നിന്നും വ്യക്തമല്ല. മൊബൈല്‍ ഇന്റര്‍നെറ്റുമായി നേരിട്ട് കണക്ഷനുണ്ടോ അതോ സ്മാര്‍ട്ട്‌ഫോണിന്റെ അടിമ തന്നെയാണോയെന്നും അറിയാനിരിക്കുന്നതേയുള്ളു.

ഔട്ട്‌ഡോര്‍ ആക്റ്റിവിറ്റികള്‍ക്കും സ്‌പോര്‍ട്‌സിനും വേണ്ടിയാണ് ഇതെന്ന് സാംസങ്ങ് പറയുന്നു.

മാര്‍ച്ച് എട്ടിനാണ് പേറ്റന്റിന് അപേക്ഷ സമര്‍പ്പിച്ചത്.