| Wednesday, 2nd October 2024, 10:25 am

സാംസങ് ജീവനക്കാരുടെ സമരം; ആയിരത്തോളം തൊഴിലാളികളെ അറസ്റ്റ് ചെയ്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സാംസങ് അപ്ലയന്‍സസ് പ്ലാന്റിന് മുന്നില്‍ മൂന്നാഴ്ചയോളമായി സമരം ചെയ്യുന്ന തൊഴിലാളികളെ അറസ്റ്റ് ചെയ്ത് പൊലീസ്. സമരം ചെയ്യുന്ന തൊഴിലാളികളില്‍ ആയിരത്തോളം പേരെയാണ് നഗരത്തില്‍ റോഡ് മാര്‍ച്ച് നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്.

മൂന്നാഴ്ചയോളമായി സാംസങിന്റെ ഇലക്ട്രോണിക് ഫാക്ടറിക്ക് മുന്നില്‍ 1500ഓളം തൊഴിലാളികള്‍ സമരം ചെയ്യുന്നുണ്ട്. പണിമുടക്കിയിരുന്ന തൊഴിലാളികള്‍ ഇന്നലെ ചെന്നൈ നഗരത്തില്‍ റോഡ് മാര്‍ച്ച നടത്തിയിരുന്നു. പൊതുനിരത്തില്‍ പ്രകടനം നടത്തി ഗതാഗത തടസമുണ്ടാക്കിയതിനും പൊതുസംവിധാനത്തിന് ഭംഗം വരുത്തിയെന്നുമാരോപിച്ചാണ് തൊഴിലാളികളെ കാഞ്ചീപുരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ വൈകീട്ടോടെ തൊഴിലാളികളെ വിട്ടയച്ചിരുന്നു.

സാംസങിന്റെ കാഞ്ചീപുരത്തെ കമ്പനിയിലെ സി.ഐ.ടി.യു അനുഭാവമുള്ള സാംസങ് ഇന്ത്യ ട്രേഡ് യൂണിയനാണ് പണിമുടക്ക് നടത്തുന്നത്. യൂണിയന്റെ അംഗീകാരം, മൂന്ന് വര്‍ഷത്തെ ശമ്പള പരിഷ്‌ക്കരണം, തൊഴില്‍ സമയം എന്നിങ്ങനെയുള്ള വിഷയങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കിയത്.

ഏകദേശം പ്രതിമാസ ശമ്പളം 25000 രൂപ ലഭിക്കുന്ന തൊഴിലാളികള്‍ക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ 36000മായി വര്‍ധിപ്പിക്കണമെന്ന് തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.

2007ല്‍ ചെന്നൈയിലെ കാഞ്ചീപുരത്ത് കമ്പിനിയില്‍ നിര്‍മാണം ആരംഭിച്ചത് മുതല്‍ സാംസങ് ഇന്ത്യ ഇലക്ട്രോണിക്‌സില്‍ ഒരു യൂണിയനും ഉണ്ടായിരുന്നില്ല. പിന്നാലെ 2024ല്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലാണ് യൂണിയന്‍ രൂപീകരിച്ചത്. എന്നാല്‍ ട്രേഡ് യൂണിയന്‍ ആക്ട് പ്രകാരം കമ്പിനിയില്‍ നിന്നും യൂണിയന് രജിസ്‌ട്രേഷനും അംഗീകാരവും ലഭിച്ചിട്ടില്ലെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

1700 തൊഴിലാളികളില്‍ 1500ലധികം ആളുകള്‍ ഭാഗമായ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള യൂണിയന് അംഗീകാരം നല്‍കാതെ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ‘നാംസേക്ക് യൂണിയന്‍’ രൂപീകരിക്കാനുള്ള ശ്രമമുള്ളതായും തൊഴിലാളികള്‍ പറഞ്ഞിരുന്നു.

തൊഴിലാളികള്‍ സംഘടിക്കുന്നതിനെതിരായ സമീപനമാണ് കമ്പനിക്കുള്ളതെന്ന് വ്യക്തമാക്കുന്ന പല സന്ദര്‍ഭങ്ങളും നേരത്തെ ഉണ്ടായതായും തൊഴിലാളികള്‍ പറഞ്ഞിരുന്നു.

ഭീഷണിപ്പെടുത്തലും വീട്ടുകാരുമായി ബന്ധപ്പെടലും തുടങ്ങി സമരത്തില്‍ നിന്നും തൊഴിലാളികളെ പിന്തിരിപ്പിക്കാന്‍ കമ്പനി നിരവധി ശ്രമങ്ങള്‍ തുടര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം നടത്തിയതിന് തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.

അതേസമയം തൊഴിലാളികള്‍ ഇനിയും സമരം തുടര്‍ന്നാല്‍ പിരിച്ചുവിടുമെന്നും ശമ്പളം നല്‍കില്ലെന്നും കമ്പനി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കമ്പനിയിലെ എച്ച്.ആര്‍ ടീം ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

Content Highlight: Samsung workers strike; the police arrested thousand workers

Latest Stories

We use cookies to give you the best possible experience. Learn more