സോള്‍: ചരിത്രത്തിലാദ്യമായി പണിമുടക്കി ദക്ഷിണ കൊറിയന്‍ സമ്പദ്‌വ്യവസ്ഥയില്‍ ആധിപത്യം പുലര്‍ത്തുന്ന കമ്പനിയായ സാംസങിലെ തൊഴിലാളികള്‍. സാംസങിന്റെ ചിപ്പ് നിര്‍മ്മാണ വിഭാഗത്തിലെ തൊഴിലാളികളാണ് വെള്ളിയാഴ്ച പണിമുടക്കിയത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളിലെ നിര്‍ണായക ഘടകമായ മെമ്മറി ചിപ്പുകള്‍ നിര്‍മ്മിക്കുന്ന ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിപണി പിടിച്ചെടുക്കാനുള്ള കമ്പനിയുടെ നീക്കത്തിനിടെയാണ് പണിമുടക്ക്.
വേതനം വർധിപ്പിക്കുന്നതിനും ബോണസുകള്‍ ലഭ്യമാകുന്നതിനുമുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് തൊഴിലാളികള്‍ പണിമുടക്കിലേക്ക് നീങ്ങിയത്. സാംസങിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയനായ ദക്ഷിണ കൊറിയയിലെ നാഷണല്‍ സാംസങ് ഇലക്ട്രോണിക്‌സ് യൂണിയനാണ് പണിമുടക്കിന് നേതൃത്വം നല്‍കിയത്.
വേതന വർധനയും ബോണസും സംബന്ധിച്ച് ഒന്നിലധികം തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും പരാജയപ്പെട്ടതായി യൂണിയന്‍ പ്രതിനിധികള്‍ പറയുന്നു. കമ്പനി ഒരു യൂണിയന്‍ എന്ന നിലക്ക്, തങ്ങള്‍ക്ക് ഒരു വിലയും കല്പിക്കുന്നില്ലെന്നും ചര്‍ച്ചകളില്‍ ഒരു തീരുമാനവും ഉണ്ടാകുന്നില്ലെന്നും അവര്‍ പറഞ്ഞു.
മാനേജ്മെന്റ് തങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്നില്ലെങ്കില്‍ ഇനിയും കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
മത്സരാധിഷ്ഠിത എ.ഐ ചിപ്പ് വിപണിയില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന സാംസങ്ങിന് പണിമുടക്ക് വലിയ തിരിച്ചടിയാണ്. സമരം കമ്പനിക്ക് വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്.
യൂണിയനുമായി ധാരണയിലെത്താന്‍ കമ്പനി ശ്രമിക്കുന്നുണ്ടെന്നാണ് സാംസങ് ഇലക്ട്രോണിക്സ് പ്രതിനിധി പറഞ്ഞത്. എന്നാല്‍ സമരത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
Content Highlight: Samsung workers strike, the first in the company’s history