ചെന്നൈ: ശ്രീപെരുമ്പത്തൂര്‍ സാംസങ് ഫാക്ടറിയില്‍ പണിമുടക്കിയ തൊഴിലാളികളെയും യൂണിയന്‍ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. 250 ഓളം തൊഴിലാളികളെയും സി.ഐ.ടി.യു നേതൃത്വത്തിലുള്ള സാംസങ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് കാഞ്ചീപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എ. സൗന്ദരരാജന്‍, സംസ്ഥാനസെക്രട്ടറി എസ്.ഐ.ഡബ്ല്യൂ.യൂണിയന്‍ പ്രസിഡന്റ് ഇ. മുത്തുകുമാര്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പണിമുടക്കിനെതിരായ നിലപാട് സ്വീകരിച്ച പൊലീസ് സമര പന്തല്‍ സ്വകാര്യഭൂമിയിലാണെന്ന് കാണിച്ച് പൊളിച്ച് നീക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ സമര പന്തലില്‍ കയറുന്നത് പൊലീസ് തടഞ്ഞതോടെ ഇന്നലെ തൊഴിലാളികളുമായി സംഘര്‍ഷം നടന്നിരുന്നു.
സമരത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളില്‍ പത്ത് പേരെ പൊലീസ് ചൊവ്വാഴ്ച രാത്രി വീട്ടില്‍ കയറി അറസ്റ്റ് ചെയ്തത് വലിയ പ്രക്ഷോഭങ്ങള്‍ക്കിടയായിരുന്നു.
പിന്നാലെ പൊലീസിന്റെ നടപടികളെ അവഗണിച്ച് തൊഴിലാളികള്‍ പ്രതിഷേധം നടത്തുകയും ദൂരെ മാറി മറ്റൊരു സമരപന്തല്‍ നിര്‍മിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ തൊഴിലാളികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്നലെ പണിമുടക്ക് നടക്കുന്ന സ്ഥലത്ത് പൊലീസെത്തി തൊഴിലാളികളെയും യൂണിയന്‍ നേതാക്കളെയും അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായിരുന്നു. പൊലീസും തൊഴിലാളികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി നേതാക്കളും രംഗത്തെത്തിയിരുന്നു.
സെപ്റ്റംബര്‍ ഒമ്പത് മുതല്‍ ചെന്നൈ സാംസങ് പ്ലാന്റിലെ തൊഴിലാളികള്‍ മെച്ചപ്പെട്ട വേതനം, മെച്ചപ്പെട്ട സൗകര്യങ്ങള്‍, ട്രേഡ് യൂണിയന് അംഗീകാരം ലഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്കിലാണ്. കമ്പനിയിലെ 1800 തൊഴിലാളികളില്‍ 800 പേര്‍ ഒഴികെ ബാക്കി 1000 പേരും പണിമുടക്കിന്റെ ഭാഗമാണ്.
ഒരു വിഭാഗം തൊഴിലാളികള്‍ ഒപ്പിട്ട മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് പണിമുടക്കുന്ന തൊഴിലാളികള്‍ അംഗീകരിച്ചിരുന്നില്ല. മെമ്മോറാണ്ടത്തില്‍ കമ്പനിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് സി.ഐ.ടി.യു നേതൃത്വം വ്യക്തമാക്കിയത്.