| Friday, 7th March 2025, 7:37 pm

ഒരു മാസം നീണ്ട് നിന്ന സമരം അവസാനിപ്പിച്ച് സാംസങ് തൊഴിലാളികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഒരുമാസമായി തുടരുന്ന സാംസങ് തൊഴിലാളികളുടെ സമരം അവസാനിച്ചു. സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാര്‍ക്കെതിരായ അച്ചടക്ക നടപടി സംസ്ഥാന സര്‍ക്കാരിന്റെ ലേബര്‍ ഡിപ്പാര്‍ട്ടമെന്റ് കൈകാര്യം ചെയ്യുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് ശ്രീപെരുമ്പൂരിലുള്ള സാംസങ് ഇലക്ട്രോണിക്സ് യൂണിറ്റില്‍ 500 ഓളം തൊഴിലാളികള്‍ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.

തൊഴിലാളികളുടെ യൂണിയനായ സാംസങ് ഇന്ത്യ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. രാജ്യത്തെ ആദ്യ സാംസങ് തൊഴിലാളി യൂണിയനാണിത്. സമരം പിന്‍വലിച്ചതായും ശനിയാഴ്ച മുതല്‍ തൊഴിലാളികളെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുവദിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. എന്നാല്‍ സസ്പെന്‍ഡ് ചെയ്ത 23 ജീവനക്കാര്‍ അച്ചടക്ക നടപടിയിലൂടെ കടന്ന് പോകണമെന്നും കമ്പനിയുടെ ഉത്തരവില്‍ പറയുന്നുണ്ട്.

ഈ 23 ജീവനക്കാര്‍ ഒഴികെയുള്ള ബാക്കി തൊഴിലാളികളുടെ വര്‍ക്ക് ഷെഡ്യൂള്‍ മെയില്‍ വഴി അറിയിക്കുമെന്ന് കമ്പനി അറിയിച്ചു . സസ്പെന്‍ഷന്‍ പിന്‍വലിക്കുക എന്നതായിരുന്നു സി.ഐ.ടി.യു ബന്ധമുള്ള യൂണിയന്‍ ആദ്യം മുന്നോട്ട് വെച്ച ആവശ്യം. എന്നാല്‍ ഒരു മാസം നീണ്ടുനിന്ന സമരത്തിന് ശേഷം ഇതില്‍ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു.

‘വെള്ളിയാഴ്ച മുതല്‍ ശമ്പളം നല്‍കാന്‍ സാംസങ് സമ്മതിച്ചിട്ടുണ്ട്. അവര്‍ തയ്യാറാണെങ്കില്‍ ഞങ്ങള്‍ സഹകരിക്കാന്‍ തയ്യാറാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഓവര്‍ടൈം ജോലി ചെയ്യാന്‍ പോലും ഞങ്ങള്‍ തയ്യാറാണ്. സസ്പെന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാര്‍ക്കെതിരെ സംസ്ഥാന തൊഴില്‍ വകുപ്പ് വഴിയും ആവശ്യമെങ്കില്‍ നിയമനടപടികളിലൂടെയും നടപടിയെടുക്കും,’ സാംസങ് ജീവനക്കാരുടെ യൂണിയന്‍ മേധാവി ഇ. മുത്തുകുമാര്‍ പറഞ്ഞു.

ഒക്ടോബറില്‍ പണിമുടക്കില്‍ പങ്കെടുത്തതിന് കമ്പനി, സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരോട് പ്രതികാരം വീട്ടുകയാണെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്.

സെപ്റ്റംബര്‍ 19ന് ആരംഭിച്ച ഒരു മാസത്തിലേറെ നീണ്ട പണിമുടക്കിന് ശേഷം ഒക്ടോബര്‍ 17ന് ജീവനക്കാര്‍ ജോലിയില്‍ തിരിച്ചെത്തി ആറ് മാസത്തിനുള്ളിലാണ് പുതിയ സമരം നടന്നത്. 1,800 ജീവനക്കാരില്‍ 500 ഓളം പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തെങ്കിലും, കമ്പനി കരാര്‍ തൊഴിലാളികളെ ഉപയോഗിച്ച് ഈ വിടവ് നികത്തിയതിനാല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ സമരം ബാധിച്ചിരുന്നില്ല.

ഇന്ത്യയിലെ സാംസങ്ങിന്റെ വരുമാനത്തിന്റെ ഏകദേശം 20-30% സംഭാവന ചെയ്യുന്നത് ഈ പ്ലാന്റ് വഴിയാണ്. ടെലിവിഷനുകള്‍, കളര്‍ മോണിറ്ററുകള്‍, റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍ എന്നിവയാണ് ഫാക്ടറി നിര്‍മ്മിക്കുന്നത്.

Content Highlight: Samsung union workers withdraws one month long strike

We use cookies to give you the best possible experience. Learn more