| Saturday, 12th September 2015, 9:59 am

സാംസങ്ങില്‍ നിന്നും ബജറ്റ് 4G സ്മാര്‍ട്ട്‌ഫോണ്‍ ഗ്യാലക്‌സി J2

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഇന്ത്യയിലെ മഹാഭൂരിപക്ഷമുള്ള മിഡില്‍ ക്ലാസിനെ ഉദ്ദേശിച്ച് സാംസങ്ങ് പുറത്തിറക്കുന്ന 4G സ്മാര്‍ട്ടഫോണാണ് ഗ്യാലക്‌സി J2. ഇന്ത്യയില്‍ 4G എത്തിത്തുടങ്ങുന്നതേയുള്ളൂ എന്നതിനാല്‍ 4G ഒന്നു പരീക്ഷിച്ചുനോക്കാന്‍ മാത്രമായി ചെറിയ വിലയിലുള്ള ഫോണ്‍ തേടുന്നവരെയും മനസ്സില്‍ കാണുന്നു സാംസങ്ങ് ഈ ഫോണിലൂടെ. 8,490 രൂപയാണ് ബ്ലാക്ക്, വൈറ്റ്, ഗോള്‍ഡ് കളറുകളില്‍ ലഭ്യമാകുന്ന J2 വിന്റെ വില. ഈ മാസം 21 മുതല്‍ എല്ലാ റീട്ടെയില്‍ ഷോപ്പുകള്‍ വഴിയും ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴിയും വില്‍പ്പന ആരംഭിക്കും.

4.7 ഇഞ്ച് ക്യു എച്ച്ഡി സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേയാണ് ഫോണിന്. 1.3 GHz ക്വാഡ്‌കോര്‍ പ്രൊസസറും 1 GB റാമും കരുത്തുറ്റതാക്കുന്നു J2വിനെ. 8GBയാണ് ഇന്റേണല്‍ മെമ്മറി. എക്‌സ്റ്റേണല്‍ കാര്‍ഡുയോഗിച്ച് ഇത് 128 GB വരെ വര്‍ദ്ധിപ്പിക്കാം.

ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ് വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന J2 വിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഓപ്പറാ മാക്‌സിന്റെ പുതിയ അള്‍ട്രാ ഡാറ്റാ സേവിങ് മോഡ് ആണ്. ഇന്ത്യയിലാണ് ഈ ടെക്‌നോളജി വികസിപ്പിച്ചെടുത്തതെന്നാണ് സാംസങ്ങ് പറയുന്നത്. ഈ മോഡ് നാം ഉപയോഗിക്കാത്ത ആപ്പുകള്‍ ഇന്റര്‍നെറ്റുമായി കണകണക്ട് ചെയ്യുന്നത് തടയുകയും 50% വരെ ഡാറ്റാ യൂസേജ് ലാഭിക്കുകയും ചെയ്യുമെന്നാണ് കമ്പനി പറയുന്നത്. ഒപ്പം 11% റാം ഫ്രീയാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

5 MPയുള്ള പിന്‍ക്യാമറയ്ക്ക് ഫഌഷിന്റെ സപ്പോര്‍ട്ടുണ്ട്. 2 MPയാണ് മുന്‍ക്യാമറ. വലിയ ക്വാളിറ്റി പ്രതീക്ഷിക്കേണ്ട. ഡ്യുവല്‍ സിം സപ്പോര്‍ട്ട് ചെയ്യുന്ന J2, 3G ഫോണായും ഉപയോഗിക്കാം. 2000 mAh ബാറ്ററിയില്‍ നിന്നും അത്ഭുതങ്ങളൊന്നും ഉണ്ടാകാന്‍ വഴിയില്ല.

കേരളത്തിലെ പ്രധാന നഗരങ്ങളില്‍ മാത്രമാണ് നിലവില്‍ 4G സേവനം ലഭ്യമാകുന്നത്. അതിനാല്‍ എന്താണ് ഈ 4G എന്ന് പരീക്ഷിച്ചുനോക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും, ചെറിയ വിലയ്ക്ക് ഒരു പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ എന്ന സ്വപ്‌നം കൊണ്ടുനടക്കുന്നവര്‍ക്കും ധൈര്യമായി കാശുമടക്കാം J2വിനായി.

We use cookies to give you the best possible experience. Learn more