സിയോള്‍: ഗ്യാലക്‌സി നോട്ട് 7ന്റെ ഉല്പാദനം സാംസങ് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. റീപ്ലെയ്‌സ് ചെയ്തു നല്‍കിയ ഡിവൈസുകളും കത്തുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.
ചൈനയിലെയും യു.എസിലെയും അധികൃതരുമായി സഹകരിച്ചാണ് നോട്ട് 7 ഉല്പാദനം നിര്‍ത്തിവെച്ചിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് സാംസങ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നോട്ട് 7 റിപ്ലെയ്‌സ്‌മെന്റിനുശേഷവും പ്രശ്‌നങ്ങളുണ്ടായത് സാംസങ്ങിന്റെ പേരിനു കോട്ടമുണ്ടാക്കിയിട്ടുണ്ട്. റിപ്ലെയ്‌സ്‌മെന്റ് ചെയ്ത ഫോണുകള്‍ക്കും തീപിടിക്കുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ പല സ്ഥാപനങ്ങളും നോട്ട് 7 ഫോണുകള്‍ റീപ്ലെയ്‌സ് ചെയ്തു നല്‍കുന്നത് അവസാനിപ്പിച്ചിട്ടുണ്ട്.
തിരിച്ചുവിളിക്കുന്ന നോട്ട് 7 ഫോണുകള്‍ക്കു പകരം മറ്റേതെങ്കിലും സാംസങ് സ്മാര്‍ട്ട്‌ഫോണോ അല്ലെങ്കില്‍ അവര്‍ക്കിഷ്ടമുള്ള മറ്റു സ്മാര്‍ട്ട്‌ഫോണുകളോ നല്‍കാനാണ് തീരുമാനം.
അതേസമയം നോട്ട് 7 റീപ്ലെയ്‌സ്‌മെന്റില്‍ വിശ്വാസമുണ്ടെന്നാണ് സാംസങ് പറയുന്നത്. ഇത് സുരക്ഷിതമല്ല എന്നു വിശ്വസിക്കേണ്ട കാര്യമില്ലെന്നും സാംസങ് പറഞ്ഞതായി ആസ്‌ത്രേലിയയിലെ ടെല്‍സ്ട്ര കോര്‍പ് പറയുന്നു.
എന്നാല്‍ മുന്‍നിര എയര്‍ലൈന്‍, എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാര്‍ നോട്ട് 7 ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നോട്ട് 7 കൊണ്ടുവരുന്ന യാത്രക്കാര്‍ യാത്രാവേളയില്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്യുകയോ ചാര്‍ജ് ചെയ്യുകയോ ചെയ്യരുതെന്നാണ് ഹോങ് കോങ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്.
സിംഗപ്പൂര്‍ എയര്‍ലൈന്‍സും സമാനമായ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
സെപ്റ്റംബര്‍ രണ്ടിന് പത്തുമാര്‍ക്കറ്റുകളില്‍ നിന്നായി 2.5 മില്യണ്‍ നോട്ട് 7 ഫോണുകള്‍ സാംസങ് തിരിച്ചുവിളിച്ചിരുന്നു. ബാറ്ററിയിലെ തകരാറ് കാരണം ചില ഫോണുകള്‍ക്ക് തീപിടിക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു ഇത്.