സാംസങ്ങിന്റെ 'ഫോള്‍ഡബിള്‍ ഫോണ്‍' ജനുവരിയില്‍?
Big Buy
സാംസങ്ങിന്റെ 'ഫോള്‍ഡബിള്‍ ഫോണ്‍' ജനുവരിയില്‍?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th September 2015, 1:13 pm

samsung-foldable-668
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ഒന്നാമന്മാരായ സാംസങ്ങിന് ഏറെക്കാലമായുള്ള മോഹമാണ്, ഒരു ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുക എന്നത്. സോണിയും നോക്കിയയുമടക്കം അത്തരമൊരു ഫോണ്‍ ഇറക്കുന്നത് നോക്കി കാഴ്ചക്കാരായി ഇരിക്കാനേ സാംസങ്ങിന് ഇതുവരെ കഴിഞ്ഞിരുന്നുള്ളൂ.

ചുമ്മാ ചൊറിയും കുത്തിയിരിക്കുകയല്ല കേട്ടോ, കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരു ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണിന്റെ പണിപ്പുരയിലായിരുന്നേ്രത കമ്പനി ടെക്‌നീഷ്യന്മാര്‍. അവസാനം അത് യാഥാര്‍ത്ഥ്യമാകുന്നു! 2016 ജനുവരിയില്‍ ഈ ഫോണ്‍ വിപ്ലവം സൃഷ്ടിക്കാനെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഗ്യാലക്‌സി സീരീസിലാകും ഫോണ്‍ ഇറങ്ങുക.

സ്‌നാപ്ഡ്രാഗണ്‍ 620, 820 പ്രൊസസറുകളുപയോഗിച്ച് കമ്പനി ഇപ്പോള്‍ ഈ ഫോണ്‍ ടെസ്റ്റ് ചെയ്യുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അതിനാല്‍ ഈ രണ്ടുതരം പ്രൊസസറുകളുള്‍ക്കൊള്ളിച്ച് രണ്ടു വ്യത്യസ്ത മോഡലുകളിറക്കാനാകും കമ്പനി പ്ലാന്‍ ചെയ്യുന്നതെന്നും പറയപ്പെടുന്നു. 3 ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, അഴിച്ചുമാറ്റാന്‍ കഴിയാത്ത ബാറ്ററി എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

ഗ്ലാസിനുപകരം പ്ലാസ്റ്റിക്കാണ് ഡിസ്‌പ്ലേ നിര്‍മ്മിക്കാനുപയോഗിക്കുന്നതെന്ന കമ്പനി 2013ല്‍ പറഞ്ഞിരുന്നു. മറ്റുപല ഫോള്‍ഡബിള്‍ ഫോണുകളില്‍ നിന്നും വ്യത്യസ്തമായി നന്നായിത്തന്നെ “മടക്കി” വയ്ക്കാവുന്ന ടെക്‌നോളജിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നും അറിയുന്നു. വലിയ സ്‌ക്രീനുള്ള  ഫോണുകള്‍ മടക്കി പോക്കറ്റിലിടാം എന്നതാണ് ഫോള്‍ഡബിള്‍ ആകുന്നതു കൊണ്ടുള്ള ഗുണം.