| Sunday, 23rd September 2012, 9:56 am

ആപ്പിള്‍ ഐഫോണ്‍ 5 നെ വെല്ലാനായി സാംസങ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് വിലകുറയ്ക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സുവോന്‍: സ്മാര്‍ട്ട് ഫോണുകളുടെ കൂട്ടത്തില്‍ ഇപ്പോള്‍ വിപണി പിടിച്ചടക്കുന്നത് ആരെന്ന ചോദ്യത്തിന് ഒറ്റ മറുപടിയേ കാണൂ. ആപ്പിള്‍ ഐഫോണ്‍ 5. ലോകോത്തര സാങ്കേതിക വിദ്യകളുമായി ആപ്പിള്‍ വിപണിയെ കിടിലംകൊള്ളിക്കുന്നത് വെറുതെ നോക്കിനില്‍ക്കാന്‍ സാംസങ്ങിനാവുമെന്ന കരുതണ്ട. ഇതിനെതിരെ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന തീരുമാനത്തിലായിരുന്നു സാംസങ്. അതിന് അവര്‍ മാര്‍ഗവും കണ്ടെത്തി. []

തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറച്ചാണ് സാംസങ് ആപ്പിള്‍ ഐഫോണ്‍ 5 ന് ചെറിയ തോതിലെങ്കിലും ഭീഷണിയുയര്‍ത്തിയത്.

സാംസങ്ങിന്റെ ടോപ് എന്‍ഡ് ഫോണുകള്‍ക്ക് 2000 മുതല്‍ 3500 രൂപയുടെ വരെ കുറവാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഐഫോണ്‍ 5 റിക്കാര്‍ഡ് വില്പനയുമായി മുന്നേറ്റം തുടരുന്നതിനിടെ സാംസങ് ഇന്ത്യയിലെ ഇ സ്റ്റോറില്‍ ഗാലക്‌സി എസ് 3യുടെ വില 35,499 രൂപയായി കുറച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു.

ഐഫോണ്‍ 5നോടു കിടപിടിക്കുന്ന സാംസങ്ങിന്റെ  ഗാലക്‌സി എസ് 3 യ്ക്കു 3500 രൂപയുടെ കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, സാംസങ് ഗാലക്‌സി എസ് 2നു 2000 രൂപയാണ് കുറച്ചത്. 25,900 ആണ് എസ് 2 വിന്റെ പുതിയ വില.

ഗാലക്‌സി നോട്ടിന് 3000 രൂപ കുറഞ്ഞ് 29,990 രൂപയായി. ഗാലക്‌സി നോട്ടിന്റെ പുതിയ പതിപ്പ് വിപണിയില്‍ എത്താനിരിക്കെയാണ് വില കുറയ്ക്കല്‍. 20,000 രൂപ വരെ വിലയുള്ള ഫോണുകള്‍ക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ 5 സകല റെക്കോഡുകളും ഭേദിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.

We use cookies to give you the best possible experience. Learn more