കോഴിക്കോട്: കോണ്‍ഗ്രസിന് ശക്തമായ മുന്നറിയിപ്പുമായി ഇ.കെ വിഭാഗം സമസ്തയുടെ മുഖപത്രം. മറ്റു സമുദായങ്ങള്‍ക്കു താല്‍പര്യമുള്ള നേതാക്കളെ കോണ്‍ഗ്രസ് പരിഗണിക്കുമ്പോള്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ ആ സമുദായത്തിന് ഒട്ടും താല്‍പര്യമില്ലാത്തവരോ സമുദായവുമായി ബന്ധമില്ലാത്തവരോ ആണ് കോണ്‍ഗ്രസില്‍ പരിഗണിക്കപ്പെടുന്നതെന്ന് കോണ്‍ഗ്രസിനോട് സ്നേഹപൂര്‍വ്വം എന്ന തലക്കെട്ടില്‍ പ്രാധാന്യപൂര്‍വ്വം പ്രസിദ്ധീകരിച്ച ബക്കര്‍ പേരാമ്പ്രയുടെ ലേഖനത്തില്‍ പറയുന്നു.
മുസ്‌ലിംകളുടെ ജീവല്‍ പ്രശ്നങ്ങളില്‍ പോലും സമുദായവുമായി ആശയവിനിമയം നടത്താന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്നും അര്‍ഹമായ പരിഗണന പോലും ലഭിക്കുന്നില്ലെന്നുമാണ് ലേഖനത്തിലെ വിമര്‍ശനം.
രാജ്യത്തിന്റെ മതേതര ഭാവിയെ സംബന്ധിച്ച് അതിനിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂനപക്ഷങ്ങള്‍ അകലുന്നുവെന്ന കോണ്‍ഗ്രസ് ആശങ്ക അതീവഗൗരവത്തോടെ പരിശോധിക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറുണ്ടോ. ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുകയാണ് എന്ന ആമുഖത്തോടെ തുടങ്ങുന്ന ലേഖനം
സമസ്തയുടെ ഗൗരവമേറിയ രാഷ്ട്രീയ നിലപാടുകളാണ് ഉന്നയിക്കുന്നത്.
Read Also : ബി.ജെ.പി എം.പിയാണ് തന്റെ സഹോദരനെ വെടിവെയ്ക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്: കഫീല്‍ ഖാന്‍
“ഗവണ്‍മെന്റിന്‍െ താക്കോല്‍ സ്ഥാനത്തു നായര്‍ വേണമെന്നു സുകുമാരന്‍നായര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടപ്പോള്‍ രമേശ് ചെന്നിത്തലയടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ ഒപ്പം നിന്നു. കോണ്‍ഗ്രസിലെ തങ്ങളുടെ ജാതി,മതാംഗങ്ങളായ നേതാക്കളെ ഉപയോഗിച്ചു പരസ്യമായി വിലപേശാന്‍ ഒരു മടിയും ഈ ഗ്രൂപ്പുകള്‍ കാണിച്ചിട്ടില്ല, കേരളത്തില്‍ 27 ശതമാനമത്തോളം വരുന്ന മുസ്ലിംകള്‍ ഇക്കൂട്ടത്തില്‍ എവിടെയാണ്. മുസ്ലിംപ്രാതിനിധ്യം മുസ്ലിംലീഗ് വഴി മാത്രം മതിയെന്നു നിശ്ചയിച്ച കോണ്‍ഗ്രസ് മുസ്ലിംകളെ നേരിട്ട് അഭിസംബോധന ചെയ്യാന്‍ ഒരിടത്തും തയാറായില്ലെന്നു നിസംശയം പറയാം. എല്ലാം സാമുദായികമായി പങ്കിടുമ്പോള്‍ മുസ്ലിംകള്‍ക്കുള്ള പങ്ക് കോണ്‍ഗ്രസ് എവിടെയാണു വച്ചത്. മുസ്ലിംലീഗിന്റെ കാര്യം പറഞ്ഞു കൈയൊഴിയാനാണ് എപ്പോഴും കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളത്. കേരളകോണ്‍ഗ്രസിന്റെ കാര്യം പറഞ്ഞു ക്രൈസ്തവരെ കോണ്‍ഗ്രസ് കൈയൊഴിയാറില്ലല്ലോ. അതുമുസ്‌ലിംകളുടെ കാര്യത്തില്‍ പ്രാവര്‍ത്തികമാക്കാത്തതെന്ത്”. ലേഖനം ചോദിക്കുന്നു.
സമുദായ വിരുദ്ധനാണ് ആര്യാടന്‍. സമുദായവുമായി ഒരു ബന്ധവുമില്ലാത്തയാളും സമുദായ വിരുദ്ധനുമായ ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ കൂടിയാലോചനക്ക് കോണ്‍ഗ്രസ് തയ്യാറായില്ല. നിലമ്പൂരില്‍ തോറ്റപ്പോള്‍ ഇക്കാര്യം കോണ്‍ഗ്രസിന് മനസിലായിക്കാണണം. അതത് സമുദായങ്ങളുടെ താല്‍പര്യം പരിഗണിച്ചാണ് കോണ്‍ഗ്രസ് മറ്റിടങ്ങളിലെല്ലാം സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. കത്തോലിക്കാ സഭയുടെ എതിര്‍പ്പ് പരിഗണിച്ച് ഇടുക്കി ലോക്സഭാ സീറ്റില്‍ നിന്നും പിടി തോമസിനെ മാറ്റിയത് ലേഖനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മുസ്‌ലിം സമുദായത്തിന്റെ കാര്യത്തില്‍ ഈ മാനദണ്ഡം ഒരിക്കല്‍ പോലും കോണ്‍ഗ്രസ് പരിഗണിച്ചിട്ടില്ലെന്നും വിമര്‍ശമുന്നയിക്കുന്നു. 25 ല്‍ കുറഞ്ഞ സീറ്റിലാണ് ലീഗ് മത്സരിക്കുന്നത്. ബാക്കി മണ്ഡലങ്ങളില്‍ സമുദായത്തിന്റെ വോട്ട് യു.ഡി.എഫിനും കോണ്‍ഗ്രസിനും ആവശ്യമില്ലേയെന്നും ലേഖനം ചോദിക്കുന്നു. ആര്യാടന്‍ ബ്രാന്‍ഡ് പൊളിറ്റിക്സ് അംഗീകരിക്കില്ലെന്നും ലേഖനം ആവര്‍ത്തിക്കുന്നു.
Read Also : കേജ്‌രിവാളിന്റെ സമരം കടുക്കുന്നു; പിന്തുണയുമായി സി.പി.ഐ.എമ്മും മറ്റ് പ്രതിപക്ഷ കക്ഷികളും
മുസ്‌ലിം ലീഗിനെ മാത്രം ആശ്രയിക്കാതെ മുസ്‌ലിം സമുദായവുമായി നേരിട്ട് ആശയ വിനിമയം നടത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന സന്ദേശമാണ് ലേഖനം നല്‍കുന്നത്. സമസ്ത പ്രസിഡന്റായി ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചുതലയേറ്റതിന് ശേഷം രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിക്കാന്‍ സംഘടന പലപ്പോഴും ശ്രമിച്ചിട്ടുണ്ട്.ഏറ്റവും ഒടുവിലായി രാജ്യസഭാ സീറ്റില്‍ എന്തുകൊണ്ട് മുസ്‌ലിംകളെ കോണ്‍ഗ്രസ് പരിഗണിക്കുന്നില്ലെന്ന വിമര്‍ശവും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ സമീപനത്തില്‍ ശക്തമായ വിമര്‍ശവുമായി സമസ്തയുടെ മുഖപ്പത്രം ലേഖനം പ്രസിദ്ധീകരിച്ചത്.
“മുസ്‌ലിംപ്രതിനിധികളെന്ന്, സമുദായവുമായി ബന്ധമുള്ളവരെന്നു നിങ്ങള്‍ കരുതുന്ന പലര്‍ക്കും അത്തരം ബന്ധമില്ലെന്നു തിരിച്ചറിയുക. ഹമീദ് ചേന്നമംഗല്ലൂരും എം.എന്‍ കാരശ്ശേരിയും പറയുന്നതു കേട്ട് ആര്യാടന്മാരുടെ വാലും പിടിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നതെങ്കില്‍ ഒന്നും പറയാനില്ല. അനുഭവിക്കാനുള്ളതു സ്വയം അനുഭവിക്കുക. സത്യസന്ധമായി മുസ്ലിംസമുദായത്തോട് ആശയവിനിമയം നടത്താന്‍ തയാറുണ്ടെങ്കില്‍ ആ സമുദായത്തിന്റെ നേതാക്കള്‍ പറയുന്നതു കേള്‍ക്കുക. ആ സമുദായവുമായി ബന്ധമുള്ളവര്‍ പറയുന്നതു കേള്‍ക്കുക. തിരുത്താന്‍ ഇനിയും സമയമുണ്ട്. നിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് അതിനു മുതിരുമെന്നു പ്രതീക്ഷിക്കുന്നു” എന്ന് പറഞ്ഞ് കൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.