| Sunday, 15th April 2018, 9:28 pm

വിഷുവെടിക്കെട്ട്; ഓറഞ്ച് ക്യാപ് കൈക്കലാക്കിയ സജ്ഞുവിന്റെ മാസ്മരിക പ്രകടനം (വീഡിയോ കാണാം)

സ്പോര്‍ട്സ് ഡെസ്‌ക്

ബെംഗളൂരു: വിഷുദിനത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ മാസ്മരിക ബാറ്റിങ്ങ് പ്രകടനത്തില്‍ ശക്തരായ ബാംഗ്ലൂരുവിനെതിരെ രാജസ്ഥന്‍ റോയല്‍സിന് 19 റണ്‍സ് വിജയം. അര്‍ധസെഞ്ച്വറി നേടിയ സഞ്ജുവിന്റെ ചിറകിലേറി രാജസ്ഥാന്‍ പടുത്തുയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരുവിന് നിശ്ചിത 20 ഓവറില്‍ 198 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. 45 പന്തില്‍ 92 റണ്‍സ് അടിച്ചെടുത്ത സഞ്ജുവാണ് കളിയിലെ താരവും. സ്‌കോര്‍; രാജസ്ഥാന്‍ റോയല്‍സ്- 20 ഓവറില്‍ 217/4, ബെംഗളൂരു- 20 ഓവറില്‍ 198/6.

ബാംഗ്ലൂരു ബൗളര്‍മാരെ നാലുപാടും പായിച്ച് രണ്ട് ബൗണ്ടറികളും പത്ത് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. അതോടെ ഐ.പി.എലിലെ ഏറ്റവുമധികം സിക്‌സുകളിടിച്ചവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി സഞ്ജു സാംസണ്‍. കൊല്‍ക്കത്തയുടെ കരീബിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസ്സലാണ് 13 സിക്‌സുകളുമായി പട്ടികയില്‍ മുന്നില്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയുള്ള ഇന്നിംഗ്‌സില്‍ നേടിയ 11 സിക്‌സുകളുടെ ബലത്തിലാണ് റസ്സല്‍ പട്ടികയില്‍ ഒന്നാമത്.

സഞ്ജു റോയല്‍ ചലഞ്ചേഴ്‌സിനെതിരെയാണ് 10 സിക്‌സുകളോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ 12 സിക്‌സുകളാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ബാംഗ്ലൂരിന്റെ എബി ഡി വില്ലിയേഴ്‌സ് ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. 9 സിക്‌സുകളാണ് എ.ബി.ഡി വില്ലിയേഴ്‌സ് നേടിയിട്ടുള്ളത്.

8 സിക്‌സുമായി നാല്, അഞ്ച് സ്ഥാനങ്ങളിലുള്ള ഡ്വെയിന്‍ ബ്രാവോ, ലോകേഷ് രാഹുല്‍ എന്നിവര്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ഇറങ്ങും എന്നതിനാല്‍ സഞ്ജുവിന്റെ സ്ഥാനം പിന്തള്ളപ്പെടുവാന്‍ സാധ്യതയുണ്ടെങ്കിലും ഒരിന്നിംഗ്‌സില്‍ ഏറ്റവും അധികം സിക്‌സെന്ന നേട്ടത്തില്‍ രണ്ടാം സ്ഥാനത്ത് സഞ്ജു കുറച്ചധികം കാലം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം സജ്ഞുവിന്റെ ഈ മാസ്മരിക പ്രകടനം ഓറഞ്ച് ക്യാപ്പും സ്വന്തമായി. 3 മത്സരങ്ങളില്‍ നിന്നായി 178 റണ്‍സാണ് മലയാളി താരം വാരികൂട്ടിയത്. രണ്ടാമത് 3 മത്സരങ്ങളില്‍ നിന്നായി 130 റണ്‍ നേടിയ ശിഖര്‍ധവാനാണ്.

കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ബാംഗ്ലൂരുവിനായി ക്യാപ്റ്റന്‍ കോലിയും (30 പന്തില്‍ 57 റണ്‍സ്), മന്ദീപ് സിങും (25 പന്തില്‍ 47 റണ്‍സ്), വാഷിങ് ടണ്‍ സുന്ദറും (19 പന്തില്‍ 35 റണ്‍സ്) പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്താന്‍ സാധിച്ചില്ല. രാജസ്ഥാനായി ശ്രേയസ് ഗോപാല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. കൃഷ്ണപ്പ ഗൗതം, ബെന്‍ സ്റ്റോക്ക്സ്, ഷോര്‍ട്ട്, ബെന്‍ ലാഫ്ലിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സീസണില്‍ ബാംഗ്ലൂരുവിന്റെ രണ്ടാമത്തെ തോല്‍വിയാണിത്, രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയവും

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനുവേണ്ടി ക്യാപ്റ്റന്‍ അജ്യങ്ക്യ രഹാനെയും ഷോര്‍ട്ടും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 20 പന്തുകള്‍ നേരിട്ട് 36 റണ്‍സ് നേടിയ രഹാനെയുടെ വിക്കറ്റാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ ഷോര്‍ട്ടും മടങ്ങി. മൂന്നാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്കിനൊപ്പം 49 റണ്‍സിന്റെയും നാലാം വിക്കറ്റില്‍ ജോസ് ബട്ലര്‍ക്കൊപ്പം 73 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കാന്‍ സഞ്ജുവിന് സാധിച്ചു. മൂന്ന് കളികളില്‍ നിന്നായി 151 റണ്‍സ് നേടിയ സഞ്ജു ഹൈദരാബാദ് ഓപ്പണര്‍ ശിഖര്‍ ധവാനെ മറികടന്ന് ഓറഞ്ച് ക്യാപും സ്വന്തമാക്കി

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

We use cookies to give you the best possible experience. Learn more