ചന്ദ്രപ്രകാശ് ദ്വിവേദിയുടെ സംവിധാനത്തിലൊരുങ്ങിയ സാമ്രാട്ട് പൃഥ്വിരാജ് കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്തത്. 12ാം നൂറ്റാണ്ടിലെ രജപുത് ഭരണാധികാരിയായിരുന്ന പൃഥ്വിരാജിനേയും തന്റെ രാജ്യത്തെ ആക്രമിക്കാനെത്തിയ മുഹമ്മദ് ഗോറിയുമായുള്ള പോരാട്ടത്തേയുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചത്.
അക്ഷയ് കുമാര്‍ നായകനായ ചിത്രം എന്നാല്‍ ബോക്‌സ്ഓഫീസില്‍ വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. ബോളിവുഡില്‍ അടുത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ പരാജയമാണ് പ്രേക്ഷകര്‍ സാമ്രാട്ടിന് കരുതി വെച്ചത്.
ഇപ്പോഴിതാ ചിത്രത്തിന്റെ തിയേറ്റര്‍ തോല്‍വി കണക്കിലെടുത്ത് ഒ.ടി.ടി റിലീസ് ചെയ്യുന്ന തിയതിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ വൈ.ആര്‍.എഫ്, നേരത്തെ ചിത്രം റിലീസായി 6 ആഴ്ചകള്‍ക്ക് ശേഷം ഒ.ടി.ടി റിലിസ് എന്നായിരുന്നു ആമസോണുമായുള്ള കരാര്‍. എന്നാല്‍ പരാജയം കണക്കിലെടുത്ത് 4 ആഴ്ചക്ക് ശേഷം ഒ.ടി.ടി പ്രീമിയര്‍ ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഏകദേശം 300 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ഇതുവരെ ആകെ നേടിയത് വെറും 45 കോടി രൂപയാണ്. നാലാം ദിനത്തില്‍ 4.85 കോടി രൂപയ്ക്കും 5.15 കോടി രൂപയ്ക്കും ഇടയില്‍ മാത്രമാണ് ചിത്രം നേടിയത്. ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ക്ക് ലഭിച്ച തുക ഉള്‍പ്പെടെ കണക്കാക്കിയാല്‍ പോലും ചിത്രം 100 കോടി രൂപ നഷ്ടം നേരിടുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സംവിധായകന്‍ ചന്ദ്രപ്രകാശ് ദ്വിവേദിയാണ് സാമ്രാട്ട് പൃഥ്വിരാജിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. മാനുഷി ചില്ലര്‍, സഞ്ജയ് ദത്ത്, മാനവ് വിജ്, അശുതോഷ് റാണ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യാഷ് രാജ് ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം.
Content Highlight : Samrat Prithviraj early release on amazon prime due to Theatre failure