Pegasus Project
കോണ്‍ഗ്രസിനെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത രാഹുലിന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് എന്ത് കിട്ടാനാണ്?; പെഗാസസ് ചോര്‍ത്തലില്‍ സംപീത് പത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 28, 03:29 pm
Wednesday, 28th July 2021, 8:59 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ബി.ജെ.പി. വക്താവ് സംപീത് പത്ര.

കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത രാഹുലിന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് എന്ത് കാര്യമാണുള്ളതെന്നാണ് സംപീതിന്റെ വിമര്‍ശനം.

‘ഫോണ്‍ ചോര്‍ത്തിയെന്ന് ഉറപ്പുണ്ടെങ്കില്‍ എന്തുകൊണ്ട് രാഹുല്‍ പരാതിപ്പെടുന്നില്ല. വെറുതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണവുമുയര്‍ത്തുകയാണ് രാഹുല്‍ ചെയ്യുന്നത്. എന്തിനാണ് രാഹുലിന്റെ ഫോണ്‍ ചോര്‍ത്തുന്നത്? കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ പോലും രാഹുലിന് കഴിയുന്നില്ല. അദ്ദേഹത്തിന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് എന്ത് കിട്ടാനാണ്,’ സംപീത് പറഞ്ഞു.

തന്റെ എല്ലാ ഫോണുകളും ചോര്‍ത്തിയിട്ടുണ്ടാകുമെന്ന കാര്യം ഉറപ്പാണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. പെഗാസസ് ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാഹുല്‍ ‘പൊട്ടെന്‍ഷ്യല്‍ ടാര്‍ഗറ്റ്’ ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മന്ത്രിമാരുള്‍പ്പെടെ രാജ്യത്ത് 300 ലേറെ പേരുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി അടുത്തിടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, രാഷ്ട്രീയ നേതാക്കള്‍, ബ്യൂറോക്രാറ്റുകള്‍ തുടങ്ങി രാജ്യത്ത് നിരവധി പേരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ് വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലൊക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍ , ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Sampeeth Patra Slams Rahul Gandhi Over Pegasus Allegations