'മഹാരാഷ്ട്ര സര്‍ക്കാര്‍ ഉറങ്ങിപ്പോയി, ഇപ്പോള്‍ വാവിട്ട് കരയുന്നു: സര്‍ക്കാര്‍ ഉടന്‍ താഴെ വീഴും': സംപീത് പത്ര
national news
'മഹാരാഷ്ട്ര സര്‍ക്കാര്‍ ഉറങ്ങിപ്പോയി, ഇപ്പോള്‍ വാവിട്ട് കരയുന്നു: സര്‍ക്കാര്‍ ഉടന്‍ താഴെ വീഴും': സംപീത് പത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th August 2020, 2:43 pm

ന്യൂദല്‍ഹി: സുശാന്ത് സിംഗ് രജ്പുത്ത് കേസ് സി.ബി.ഐയ്ക്ക് വിടാന്‍ സുപ്രിം കോടതി ഉത്തരവിട്ടതിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ബി.ജെ.പി വക്താവ് സംപീത് പത്ര. ഇത്രയും നാളും മഹാരാഷ്ട്ര സര്‍ക്കാര്‍ ഉറങ്ങിയിരിക്കുകയായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ആദ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉറങ്ങിപ്പോയി. പിന്നീട് സഞ്ജയ് റാവത്ത് മുന്നിലേക്ക് വന്ന് സുശാന്തിന്റെ കുടുംബത്തെ അപമാനിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ ഇരുന്ന് കരയുന്നു. സുഹൃത്തുക്കളെ മഹാരാഷ്ട്ര മന്ത്രിസഭ ഉടന്‍ താഴെ വീഴുന്നത് ഇനി നമുക്ക് കാണാം’- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

മഹാരാഷ്ട്രയില്‍ നിലവില്‍ മുഖ്യമന്ത്രി അടക്കമുള്ള എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഉറങ്ങിക്കിടക്കുകയാണ്. ഒരു തരത്തിലും ജനക്ഷേമകരമല്ലാത്ത പ്രവൃത്തികളാണ് ഇവരുടെ ഭാഗത്ത് നിന്നുള്ളതെന്നും സംപീത് പറഞ്ഞു.

സുശാന്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ആശംസകള്‍. സത്യം എന്തായാലും പുറത്തുവരും. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പക്ഷാപാതപരമായ നിലപാട് പൊതുജനത്തിന് ഇപ്പോള്‍ വ്യക്തമായി. സുശാന്തിന്റെ കേസിലെ എല്ലാ രഹസ്യങ്ങളും ഇനി മറ നീക്കി പുറത്തുവരും- സംപീത് ട്വീറ്റ് ചെയ്തു.

സുശാന്തിന്റെ മരണം മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ബി.ജെ.പി വലിയരീതിയില്‍ ഈ വിഷയം ഉപയോഗിക്കുകയും ചെയ്തിരുന്നു. മുംബൈ പൊലീസിനെതിരേയും ഉദ്ദവ് താക്കറക്കെതിരെ ബി.ജെ.പി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്ലാ ഘട്ടങ്ങളിലും മുംബൈ പൊലീസിനെ സംരക്ഷിക്കുന്ന നിലപാടാണ് ഉദ്ദവ് താക്കറെ സ്വീകരിച്ചത്.

അതേസമയം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പട്‌നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രവര്‍ത്തിയുടെ ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു.

ബിഹാര്‍ സര്‍ക്കാരിന് സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട മറ്റ് കേസുകളും സി.ബി.ഐക്ക് ഏറ്റെടുക്കാമെന്നും കോടതി വ്യക്തമാക്കി. രേഖകളും തെളിവുകളും സി.ബി.ഐക്ക് കൈമാറാന്‍ മഹാരാഷ്ട്രാ സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

കേസ് കൈമാറാന്‍ മാത്രമാണ് മഹാരാഷ്ട്ര ആവശ്യപ്പെട്ടതെന്നും സി.ബി.ഐ അന്വേഷണത്തെ അല്ല ചോദ്യം ചെയ്തതെന്നും മഹാരാഷ്ട്ര കൗണ്‍സില്‍ കോടതിയെ അറിയിച്ചെങ്കിലും സി.ബി.ഐയോട് സഹകരിക്കണമെന്ന് ഈ ആവശ്യം തള്ളിക്കൊണ്ട് മുംബൈ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി.

ഇതോടെ സുശാന്തിന്റെ മരണം വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വഴിതിരിഞ്ഞിരിക്കുകയാണ്. നേരത്തെ തന്നെ മഹാരാഷ്ട്ര- ബീഹാര്‍ രാഷ്ട്രീയത്തില്‍ സുശാന്തിന്റെ മരണം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: sampeeth patra slams maharastra governement