| Tuesday, 26th June 2018, 7:37 pm

അര്‍ജന്റീന ജയിക്കും, ഇന്നവര്‍ കളിക്കുക ഹൃദയം കൊണ്ടാണ്: ജോര്‍ജ് സാംപോളി

സ്പോര്‍ട്സ് ഡെസ്‌ക്

മോസ്‌കോ: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ പുതിയ അധ്യായമാണ് നൈജീരിയയ്ക്കെതിരെ തുടങ്ങുകയെന്ന് കോച്ച് ജോര്‍ജ് സാമ്പോളി. നൈജീരിയയ്ക്കെതിരായ ഇന്നത്തെ മത്സരത്തില്‍ അര്‍ജന്റീന വിജയം സ്വന്തമാക്കുമെന്നും സാംപോളി പറഞ്ഞു. ക്രായേഷ്യക്കെതിരായ മത്സരത്തില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് ശേഷം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനൊരുങ്ങുന്നതിനിടെയാണ് സാമ്പോളിയുടെ പ്രതികരണം. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് അര്‍ജന്റീന – നൈജീരിയ പോരാട്ടം.അതേസമയത്ത് തന്നെയാണ് ക്രൊയേഷ്യ – ഐസ്ലന്‍ഡ് മത്സരവും.

“തിരിച്ചടികളെല്ലാം മറന്നു, അര്‍ജന്റീന കുതിക്കാന്‍ തയ്യാറായി. തിരിച്ചടികള്‍ മറികടക്കാന്‍ കഴിവുള്ള ടീമാണ് ഞങ്ങളുടേത്. വിജയം സ്വന്തമാക്കാനുള്ള ഊര്‍ജവുമായിട്ടാണ് ടീം ഇന്ന് മൈതാനത്തിറങ്ങുക. ഇന്നവര്‍ ഹൃദയം കൊണ്ടാണ് കളിക്കുക, ആ ഹൃദയങ്ങള്‍ നിങ്ങളെ കീഴടക്കും.” സാംപോളി പറഞ്ഞു.


Read Also : അര്‍ജന്റീന നൈജീരീയ പോരാട്ടം; അഷില്ലസ് പൂച്ചയുടെ പ്രവചനം വന്നു: നെഞ്ചിടിപ്പോടെ ആരാധകര്‍


ക്രൊയേഷ്യയ്ക്കെതിരെയുള്ള ഗെയിം പ്ലാന്‍ മെസിയെ സഹായിക്കും വിധമായിരുന്നില്ല, ആ പിഴവ് ഇനി ഉണ്ടാകില്ല. ടീമില്‍ ആഭ്യന്തര പ്രശ്നങ്ങളൊന്നും തന്നെയില്ല. ഇല്ലാത്ത പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും സാംപോളി വ്യക്തമാക്കി. കളിക്കാരുടെ അഭിപ്രായം കണക്കിലെടുത്ത് 4-2-3-1 മാറ്റി 4-3-3 ഫോര്‍മാഷനിലായിരിക്കും ഇന്ന് ടീം കളിക്കുകയെന്നും കോച്ച് വ്യക്തമാക്കി.

നൈജീരിയയെ അര്‍ജന്റീന തോല്‍പ്പിക്കുകയും ഐസ്ലന്‍ഡിനുമേല്‍ ക്രൊയേഷ്യ വിജയം നേടുകയും ചെയ്താല്‍ അര്‍ജന്റീനക്ക് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാം.

We use cookies to give you the best possible experience. Learn more