| Tuesday, 20th August 2024, 12:34 pm

ഫിഞ്ച് നേടിയ 175 റണ്‍സിനേക്കാളും മികച്ചത് ഇവന്റെ 132 റണ്‍സ്; ക്രിക്കറ്റ് ഭൂപടത്തിലേക്ക് തന്റെ രാജ്യത്തെയും ചേര്‍ത്തുവെക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ടി-20യില്‍ ഒരു ഓവറില്‍ ഏറ്റവുമധികം റണ്‍സെന്ന റെക്കോഡ് നേട്ടവുമായാണ് സമോവയുടെ ഡാരിയസ് വിസര്‍ റെക്കോഡിട്ടത്. വന്വാട്ടുവിനെതിരെ നടന്ന 2026 ഐ.സി.സി ടി-20 ലോകകപ്പിനുള്ള ഏഷ്യാ പസഫിക് യോഗ്യതാ മത്സരത്തില്‍ ഒരു ഓവറില്‍ 39 റണ്‍സാണ് താരം അടിച്ചെടുത്തത്.

ഈ വെടിക്കെട്ടിന്റെ കരുത്തില്‍ സെഞ്ച്വറിയും വിസര്‍ പൂര്‍ത്തിയാക്കിയിരുന്നു. 62 പന്തില്‍ 14 സിക്‌സറും അഞ്ച് ഫോറും അടക്കം 132 റണ്‍സാണ് സമോവന്‍ റെക്കിങ് ബോള്‍ നേടിയത്.

താരത്തിന്റെ ചെറുത്തുനില്‍പ്പ് ഒന്ന് മാത്രമാണ് സമോവയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 21 പന്തില്‍ 16 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കാലെബ് ജസ്മത് മാത്രമാണ് സമോവന്‍ നിരയില്‍ ഇരട്ടയക്കം കണ്ട മറ്റൊരു താരം.

View this post on Instagram

A post shared by ICC (@icc)

എക്‌സ്ട്രാസിലൂടെ പിറന്ന 10 റണ്‍സാണ് സമോവന്‍ ഇന്നിങ്‌സിലെ മൂന്നാമത് ഉയര്‍ന്ന സ്‌കോര്‍.

ഡാരിയസ് വിസറിന്റെ സെഞ്ച്വറി കരുത്തില്‍ സമോവ നിശ്ചിത ഓവറില്‍ 174 റണ്‍സ് നേടി.

ഇതോടെ മറ്റൊരു റെക്കോഡും ഡാരിയസിന്റെ പേരില്‍ പിറവിയെടുത്തു. ഒരു കംപ്ലീറ്റഡ് ടി-20 ഇന്നിങ്‌സില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് ശതമാനമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.

സമോവ നേടിയ 174 റണ്‍സിന്റെ 75.84 ശതമാനം റണ്‍സും സ്‌കോര്‍ ചെയ്തത് വിസറാണ്. ഓസ്‌ട്രേലിയയെ ലോകകപ്പ് ചൂടിച്ച ആരോണ്‍ പിഞ്ചിനെ മറികടന്നുകൊണ്ടാണ് താരം ഈ നേട്ടത്തിലെത്തിയത്.

ഒരു കംപ്ലീറ്റഡ് ടി-20 ഐ ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന റണ്‍ ശതമാനം

(താരം – മത്സരം – റണ്‍സ് – ടീം ടോട്ടല്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഡാരിയസ് വിസര്‍ – സമോവ vs വന്വാട്ടു – 132 – 174 – 75.84% 2024*

ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ vs സിംബാബ്‌വേ – 172 – 229 – 75010% 2018

കെ.പി. സിങ് – മണിപ്പൂര്‍ vs രാജസ്ഥാന്‍ – 55* – 74 – 74.32% – 2019

സമോവന്‍ ഇന്നിങ്‌സിന്റെ 15ാം ഓവറിലാണ് വിസര്‍ സിക്‌സറടിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. വന്വാട്ടും താരം നലിന്‍ നിപിക്കോ എറിഞ്ഞ ഓവറിലെ ഒരു പന്ത് ഡോട്ട് ആയി മാറിയെങ്കിലും ആറ് സിക്‌സറുകള്‍ പൂര്‍ത്തിയാക്കാന്‍ താരത്തിനായി. മൂന്ന് നോ ബോളുകളിലൂടെയാണ് ശേഷിച്ച മൂന്ന് റണ്‍സും ആ ഓവറില്‍ പിറവിയെടുത്തത്.

ഓവറിലെ ആദ്യ മൂന്ന് പന്തും ഡാരിയസ് സിക്‌സറിന് പറത്തി. അടുത്ത പന്ത് നോ ബോളായപ്പോള്‍ ഓവറിലെ നാലാമത് ലീഗല്‍ ഡെലിവറിയിലും ആറ് റണ്‍സ് പിറന്നു.

അഞ്ചാം പന്ത് ഡോട്ടാക്കി മാറ്റിയ നലിന്‍ നിപിക്കോ തുടര്‍ച്ചയായ നോ ബോളുകളെറിഞ്ഞ് മോശം റെക്കോഡിലേക്ക് സ്വയം കാലെടുത്തുവെച്ചു.

ഓവറിലെ അവസാന പന്തും ഗ്യാലറിയിലെത്തിയതോടെ ആ ഓവറില്‍ പിറന്നത് 39 റണ്‍സാണ്. ഇതോടെ അന്താരാഷ്ട്ര ടി-20യിലെ ഏറ്റവും എക്‌സ്‌പെന്‍സീവായ ഓവര്‍ എന്ന മോശം റെക്കോഡും നലിന്റെ പേരില്‍ കുറിക്കപ്പെട്ടു.

6, 6, 6, nb, 6, 0, nb, nb6, 6 എന്നിങ്ങനെയാണ് ഓവറില്‍ ഡാരിയസ് വിസര്‍ സ്‌കോര്‍ ചെയ്തത്.

അതേസമയം, മത്സരത്തില്‍ സമോവ വിജയിക്കുകയും ചെയ്തിരുന്നു. 175 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ വന്വാട്ടു 164ന് 9 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. 52 പന്തില്‍ 73 റണ്‍സ് നേടിയ നിലിന്‍ നിപിക്കോയാണ് വന്വാട്ടുവിന്റെ ടോപ് സ്‌കോറര്‍.

Content highlight: Samoa’s Darius Visser tops the list of highest percentage of runs in a completed T20 innings

We use cookies to give you the best possible experience. Learn more