ജാവേദ് അക്തറിനെ പോലെ ശത്രുവിന്റെ മടയില്‍ ചെന്ന് സത്യം വിളിച്ചുപറയാന്‍ ചങ്കൂറ്റം വേണം; ബി.ജെ.പിയിലെ ആര്‍ക്കെങ്കിലും അതിന് കഴിയുമോ; വിമര്‍ശനവുമായി ശിവസേന മുഖപത്രം സാമ്‌ന
മുംബൈ: പാക്കിസ്ഥാനില്‍ വെച്ച് മുംബൈ ഭീകരാക്രമണത്തെ കുറിച്ച് സംസാരിച്ച ജാവേദ് അക്തറിനെ പ്രശംസിച്ച് ശിവസേന മുഖപത്രം സാമ്‌ന. ശത്രുവിന്റെ മടയില്‍ ചെന്ന് ‘നിങ്ങളാണ് ഞങ്ങളെ ആക്രമിച്ചത്’ എന്ന് പറയാന്‍ ശരിയായ ദേശസ്‌നേഹിക്ക് മാത്രമേ സാധിക്കൂവെന്നും സാമ്‌ന എഡിറ്റോറിയലില്‍ പറയുന്നു.
രാജ്യത്തെ ജനങ്ങളെ പേടിപ്പിക്കാതെ ധൈര്യമുണ്ടെങ്കില്‍ ജാവേദ് അക്തറിനെ പോലെ പാക്കിസ്ഥാനില്‍ പോയി നെഞ്ച് വിരിച്ച് സംസാരിച്ച് കാണിക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ ബി.ജെ.പിയോടും സാമ്‌ന പറയുന്നു.
‘ശത്രുക്കളെ അവരുടെ കേന്ദ്രത്തിനുള്ളില്‍ വെച്ചു തന്നെ തിരിച്ചടിക്കുക എന്നതാണ് ലക്ഷ്യം എന്നാണ് തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി പറഞ്ഞിരുന്നത്. എന്നാല്‍ ശത്രുവിന്റെ മടയില്‍ നേരിട്ടെത്തി, നിങ്ങളാണ് എന്റെ രാജ്യത്തെ ആക്രമിച്ചത് അതെങ്ങനെ ക്ഷമിക്കാനാകും എന്ന് ചോദിക്കണമെങ്കില്‍ അത് യഥാര്‍ത്ഥ ദേശസ്‌നേഹം തന്നെയാണ്,’ സാമ്‌ന പറയുന്നു.
ജാവേദ് അക്തറാണ് ശരിയായ രാജ്യസ്‌നേഹിയെന്നും സാമ്‌ന എഡിറ്റോറിയലില്‍ പറയുന്നു.
‘ബി.ജെ.പിയില്‍ നിന്നോ സംഘപരിവാറില്‍ നിന്നോ ഇത്തരത്തില്‍ പാക്കിസ്ഥാനില്‍ ചെന്ന് അവരോട് സംസാരിക്കാനുള്ള ധൈര്യം ആര്‍ക്കെങ്കിലും ഉണ്ടോ? ഇവിടെയിരുന്ന് സംസാരിച്ചിട്ട് മാത്രം കാര്യമില്ല. ജാവേദ് അക്തര്‍ കൃത്യമായി കാണിച്ചു ഒരു 56 ഇഞ്ച് എന്താണെന്ന്,’ സാമ്‌നയില്‍ പറയുന്നു.
രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി രാജ്യത്ത് പാക്കിസ്ഥാനിലെ മുസ്‌ലിങ്ങള്‍ക്കെതിരായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയാണ് ചിലര്‍. പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തെ മുസ്‌ലിങ്ങള്‍ പോലും വേട്ടയാടപ്പെടുകയാണെന്നും സാമ്‌നയില്‍ ചൂണ്ടിക്കാട്ടുന്നു.
‘ബീഫിന്റെ പേരില്‍ സാധാരണക്കാരനെ ആക്രമിക്കുന്ന സമയത്ത് ബി.ജെ.പി നേതാക്കള്‍ തന്നെ പറയുന്നു അവര്‍ ബീഫ് കഴിക്കുമെന്ന്’ സാമ്‌ന പറയുന്നു. കഴിഞ്ഞ ദിവസം മേഘാലയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഏണസ്റ്റ് മൗരി താന്‍ ബിഫ് കഴിക്കുമെന്നും അതില്‍ പാര്‍ട്ടിക്ക് പ്രശ്‌നമില്ലെന്നും പറഞ്ഞിരുന്നു. ഇതിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു സാമ്‌നയിലെ പരാമര്‍ശം.
മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രതിയായവരെല്ലാം പാക്കിസ്ഥാനില്‍ സ്വതന്ത്രമായി നടക്കുകയാണെന്നായിരുന്നു ജാവേദ് അക്തര്‍ പറഞ്ഞത്.
മുംബൈ ഭീകരാക്രമണം നേരിട്ടനുഭവിച്ച വ്യക്തി എന്ന നിലയ്ക്ക്, പ്രതികളെല്ലം പാക്കിസ്ഥാനില്‍ സ്വതന്ത്രമായി ജീവിക്കുകയാണ് എന്ന കാര്യം നിസ്സാരമായി തള്ളിക്കളയാന്‍ ഒരു ഇന്ത്യക്കാരനും സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
‘ഭീകരര്‍ ഈജിപ്തില്‍ നിന്നോ നോര്‍വേയില്‍ നിന്നോ വന്നവരായിരുന്നില്ല. അവര്‍ ഇപ്പോഴും നിങ്ങളുടെ രാജ്യത്ത് സ്വതന്ത്രമായി ജീവിക്കുന്നുണ്ട്. ഭാവിയില്‍ എപ്പോഴെങ്കിലും ഒരു ഇന്ത്യക്കാരന്‍ നിങ്ങളോട് ഈ വിഷയത്തെ കുറിച്ച് പരാമര്‍ശിച്ചാല്‍ അതില്‍ പാക്കിസ്ഥാന്‍ അസ്വസ്ഥരാകേണ്ടതില്ല,’ ജാവേദ് അക്തര്‍ പറഞ്ഞു.
പാക്കിസ്ഥാന്‍ കലാകാരന്മാര്‍ക്ക് ഇന്ത്യ പലപ്പോഴും ആതിഥേയത്വം വഹിച്ചിട്ടുണ്ടെന്നും എന്നാല്‍ ലതാ മങ്കേഷ്‌കറെ പാക്കിസ്ഥാന്‍ ഒരിക്കലും അതിഥിയായി ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ലത മങ്കേഷ്‌കറിനെ കുറിച്ച് വരെയുള്ള ജാവേദിന്റെ വിമര്‍ശനങ്ങള്‍ പാക്കിസ്ഥാന്‍ ക്ഷമയോടെ കേട്ടു. എന്നാല്‍ നമ്മുടെ രാജ്യത്ത് ഇന്ന് അതിന് സാധിക്കുമോ എന്നും സാമ്‌ന ചോദിക്കുന്നു.
Content Highlight: Samna criticizes PM narendra modi and appreciates javed akhthar for his remarks on mumbai terror attack