മഠം നടത്തുന്നപോലെയല്ല യു.പി ഭരണം; യോഗിയ്ക്ക് മതത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണോ രണ്ട് ഉപമുഖ്യമന്ത്രിമാര്‍; ബി.ജെ.പിക്കെതിരെ ശിവസേന
India
മഠം നടത്തുന്നപോലെയല്ല യു.പി ഭരണം; യോഗിയ്ക്ക് മതത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണോ രണ്ട് ഉപമുഖ്യമന്ത്രിമാര്‍; ബി.ജെ.പിക്കെതിരെ ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st March 2017, 5:07 pm

 

മുംബൈ: യു.പിയില്‍ അധികാരമേറ്റ ആദിത്യനാഥ് മന്ത്രിസഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ശിവസേന മുഖപത്രം സാമ്‌ന. രണ്ട് ഉപമുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തിയ ബി.ജെ.പിയുടെ നയത്തിനെതിരെയാണ് ശിവസേനയുടെ മുഖ പത്രത്തില്‍ എഴുതിയ മുഖപ്രസംഗത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.


Also read ഉത്സവ ദിവസം വീട്ടില്‍ മദ്യം വിളമ്പിയെന്ന് ആരോപിച്ച് തൃശൂരില്‍ ദളിത് കുടുംബത്തെ ബി.ജെ.പി ഊരുവിലക്കി; കുടുംബാഗങ്ങള്‍ക്ക് മര്‍ദ്ദനവും 


മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മതപരമായ കാര്യങ്ങളില്‍ കൂടുതലായി ഇടപെടാനാണോ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചിരിക്കുന്നതെന്നാണ് ലേഖനത്തില്‍ ചോദിക്കുന്നത്. മതപരമായ കടമകള്‍ നിറവേറ്റിയാല്‍ മാത്രം പോര നല്ല ഭരണം കൂടി കാഴ്ചവെക്കണമെന്നും മഠം നടത്തുന്ന അത്ര എളുപ്പമായിരിക്കില്ല യു.പി ഭരണമെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

നേരത്തെ മഹാരാഷ്ട്രയില്‍ ശിവസേന ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടപ്പോള്‍ പാര്‍ട്ടി നയത്തിനെതിരാണ് ഉപമുഖ്യമന്ത്രി സ്ഥാനം എന്നു പറഞ്ഞ് ബി.ജെ.പി ഇത് നിരസിച്ചിരുന്നു. ഇപ്പോള്‍ യു.പിയില്‍ ഇതേ പാര്‍ട്ടി രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചതാണ് ശിവസേനയെ വീണ്ടും ബി.ജെ.പിക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്.

യു.പിയിലെ യോഗിയുടെ മുഖ്യമന്ത്രി സ്ഥാനം സംസ്ഥാനത്ത് ഹിന്ദുത്വ ശക്തി കരരുത്താര്‍ജിക്കാന്‍ കാരണമാകുമെന്നും സാമ്‌ന ചൂണ്ടിക്കാട്ടുന്നുണ്ട്. യോഗിയുടെ നിയമനം രാമക്ഷേത്ര നിര്‍മ്മാണ പദ്ധതിക്ക് വേഗം കൈവരിക്കാന്‍ കാരണമാകുമെന്നും ലേഖനം പറയുന്നു.