|

അന്ന് ആ പൃഥ്വിരാജ് ചിത്രമിറങ്ങുമ്പോള്‍ ഇത്രയും ഫൈറ്റൊക്കെ ആക്സെപ്റ്റ് ചെയ്യുമോയെന്ന് അറിയില്ലായിരുന്നു: സംജിത്ത് മുഹമ്മദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് സുകുമാരന്റെ കരിയറില്‍ എടുത്ത് പറയേണ്ട ചിത്രങ്ങളില്‍ ഒന്നാണ് പുതിയ മുഖം. അദ്ദേഹത്തിന്റെ താരപദവി വലിയ രീതിയില്‍ ഉയര്‍ത്തിയ ചിത്രമായിരുന്നു ഇത്. ദീപന്‍ സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ചിത്രം വമ്പന്‍ വിജയമാവുകയും യൂത്തിനിടയില്‍ ആഘോഷമാവുകയും ചെയ്തിരുന്നു.

ചിത്രം എഡിറ്റ് ചെയ്തിരുന്നത് സംജിത്ത് മുഹമ്മദ് ആയിരുന്നു. ഇപ്പോള്‍ സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പുതിയ മുഖത്തെ കുറിച്ച് പറയുകയാണ് സംജിത്ത്. തന്റെ ജീവിതത്തില്‍ അത്രയും എന്‍ജോയ് ചെയ്ത വേറെ സിനിമയുണ്ടാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇത്രയും ഫൈറ്റൊക്കെ മലയാള സിനിമ ആക്സെപ്റ്റ് ചെയ്യുമോയെന്ന് അന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും സംജിത്ത് പറഞ്ഞു.

പുതിയ മുഖം സിനിമയുടെ എഡിറ്റിങ് ഞാനായിരുന്നില്ല ചെയ്യേണ്ടത്. ഈ സിനിമ തുടങ്ങുന്ന ദിവസം ദീപന്‍ ചേട്ടനാണ് എന്നെ വിളിക്കുന്നത്. അദ്ദേഹത്തെ എനിക്ക് മുമ്പേ തന്നെ പരിചയം ഉണ്ടായിരുന്നു. ഒരു ദിവസം രാവിലെ ഞാന്‍ അദ്ദേഹത്തിന്റെ കോളിന്റെ ശബ്ദം കേട്ടിട്ടാണ് എഴുന്നേല്‍ക്കുന്നത്.

കോള്‍ എടുത്തതും ദീപന്‍ ചേട്ടന്‍ പറഞ്ഞത് ‘ ഇന്ന് പടം തുടങ്ങുകയാണ്’ എന്നായിരുന്നു. ഞാന്‍ അപ്പോള്‍ കണ്‍ഗ്രാറ്റ്‌സ് എന്ന് പറഞ്ഞു. ‘നീ സിസ്റ്റമൊക്കെ എടുത്തിട്ട് വാ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാനാണോ എഡിറ്റിങ്ങെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം അതേയെന്നും പറഞ്ഞു.

ആ സിനിമയുടെ എക്സ്പീരിയന്‍സിനെ കുറിച്ച് ചോദിച്ചാല്‍, എന്റെ ജീവിതത്തില്‍ ഞാന്‍ അത്രയും എന്‍ജോയ് ചെയ്ത് വര്‍ക്ക് ചെയ്ത വേറെ സിനിമയുണ്ടാകില്ല. ഒരു വെക്കേഷന്‍ സമയത്ത് കോളേജിന്റെ അകത്തായിരുന്നു ഷൂട്ട് നടന്നത്. ഒരു കോളേജ് ലൈഫ് പോലെ തന്നെയായിരുന്നു അത്. എല്ലാ ദിവസവും ഫൈറ്റ് തന്നെയായിരുന്നു ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നത്.

ഇത്രയും ഫൈറ്റൊക്കെ മലയാള സിനിമ ആക്സെപ്റ്റ് ചെയ്യുമോയെന്ന് അന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ആ ഫൈറ്റൊക്കെ എഡിറ്റ് ചെയ്യുന്നതായിരുന്നു വളരെ ചാലഞ്ചിങ്ങായ കാര്യം. വളരെ ഭംഗിയായിട്ട് തന്നെ അത് ചെയ്യാന്‍ പറ്റിയിരുന്നു. ആ സിനിമ എനിക്ക് ഒരു സിഗ്‌നേച്ചര്‍ തന്ന സിനിമ തന്നെയായിരുന്നു,’ സംജിത്ത് മുഹമ്മദ് പറഞ്ഞു.

പുതിയ മുഖം (2009):

എം. സിന്ധുരാജിന്റെ തിരക്കഥയില്‍ ആയിരുന്നു ഈ ആക്ഷന്‍ ത്രില്ലര്‍ ദീപന്‍ സംവിധാനം ചെയ്തത്. പൃഥ്വിരാജിന് പുറമെ പ്രിയാമണി, മീര നന്ദന്‍, ബാല തുടങ്ങി മികച്ച താരനിരയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്. ദീപക് ദേവ് സംഗീതം നിര്‍വഹിച്ച പുതിയ മുഖം കന്നഡയില്‍ സിദ്ദി എന്ന പേരില്‍ റീമേഡ് ചെയ്യപ്പെട്ടു. ഒപ്പം തമിഴില്‍ പുതിയ മുഖം എന്ന പേരിലും തെലുങ്കില്‍ യമ മുധുരു എന്ന പേരിലും മൊഴിമാറ്റം ചെയ്യപ്പെട്ടു.

Content Highlight: Samjith Mohammed Talks About Prithviraj Sukumaran’s Puthiya Mugham Movie