[] ഹരിയാന: ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സംഝൗത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ ഹിന്ദുത്വ നേതാവ് സ്വാമി അസീമാനന്ദ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കുറ്റം ചുമത്തി.
പഞ്ചകല അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഗുര്‍ബീനന്ദര്‍ കൗറാണ് കുറ്റം ചുമത്തിയത്.
കുറ്റകരമായ ഗൂഢാലോചന(വകുപ്പ് 120), കൊലപാതകം (302), വധശ്രമം (307), അപകടം വരുത്ത വസ്തുക്കള്‍ കൊണ്ട് മനപൂര്‍വ്വം വേദനിപ്പിക്കുക (327), രാജ്യ ദ്രോഹം (124 എ) എന്നിവയടക്കം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 18 കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
റെയില്‍വേ നിയമം, സ്ഥോടന വസ്തു നിയമം, പൊതു സ്വത്തിന് നാശം വരുത്തല്‍ തടയല്‍ നിയമം, നിയമ വിരുദ്ധ പ്രവര്‍ത്തികള്‍ തടയല്‍ നിയമം എന്നിവ പ്രകാരവും വിചാരണ നേരിടണം.
അസീമാനന്ദയും കൂട്ടുപ്രതികളായ കമല്‍ചന്ദ്, രജീന്ദര്‍ ചൗധരി, ലോകേഷ് ശര്‍മ എന്നിവരും കോടതിയില്‍ ഹാജരായിരുന്നു. അടുത്ത മാസം 24, 25 തീയതികളില്‍ കേസ് വീണ്ടും പരിഗണിക്കും.
ദല്‍ഹി-ലാഹോര്‍ സംഝൗത എക്‌സ്പ്രസ്സില്‍ 2007 ഫെബ്രുവരി 18നാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടിരുന്നു.
മരിച്ചവരില്‍ ഭൂരിഭാഗവും പാകിസ്ഥാന്‍കാരായിരുന്നു. സ്‌ഫോടനം നടന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2011 ലായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്.