ന്യൂദല്‍ഹി: 2007 സംഝോത ട്രെയിന്‍ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതി അസീമാനന്ദയടക്കം നാല് പ്രതികളെയും എന്‍.ഐ.എ കോടതി വെറുതെ വിട്ടു. എന്‍.ഐ.എ കോടതിയുടേതാണ് ഉത്തരവ്. ലോകേഷ് ശര്‍മ്മ, കമല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി, എന്നിവരാണ് വിട്ടയക്കപ്പെട്ട മറ്റു പ്രതികള്‍.
പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ അന്വേഷണ ഏജന്‍സിയ്ക്ക് സാധിച്ചില്ലെന്നും സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതികളെ വിട്ടയ്ക്കുകയാണെന്നും കോടതി പറഞ്ഞു.
കേസില്‍ മാര്‍ച്ച് ആറിന് വാദം പൂര്‍ത്തിയായി മാര്‍ച്ച് 11 ന് വിധി പറയേണ്ടതായിരുന്നു. എന്നാല്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട പാക് പൗരന്റെ മകള്‍ നല്‍കിയ അവസാന നിമഷ ഹരജിയെ തുടര്‍ന്നാണ് കേസ് വിധി പറയുന്നത് മാറ്റിവെച്ചത്. സ്ഫോടനത്തിന് ദൃക്സാക്ഷികളായവര്‍ ഭൂരിപക്ഷവും പാക് പൗരന്മാരാണെന്നും ഇവരെ കോടതിയില്‍ വിസ്തരിച്ചിട്ടില്ലെന്നും ഇവര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് ഹരജി ഹരിഗണിച്ച കോടതി ഇതു തള്ളി.
2007 ഫെബ്രുവരി 18നായിരുന്നു ലാഹോറിനും ദല്‍ഹിക്കുമിടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസില്‍ സ്ഫോടനം നടന്നത്. ഹരിയാനയിലെ പാനിപത്തിനടുത്ത് വെച്ചായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ മരണപ്പെട്ട 68 പേരില്‍ ഭൂരിഭാഗം പേരും പാകിസ്ഥാന്‍ പൗരന്‍മാരായിരുന്നു.
മക്ക മസ്ജിദ്, അജ്മീര്‍ദര്‍ഗ സ്ഫോടനക്കേസുകളിലും അസീമാനന്ദയെ കോടതികള്‍ വെറുതെ വിട്ടിരുന്നു. അസീമാനന്ദയാണ് ഗൂഢാലോചന നടത്തിയതെന്നും പ്രതികള്‍ക്ക് സാമ്പത്തിക സഹായമൊരുക്കിയതന്നും എന്‍.ഐ.എ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. പഞ്ചാബ് ഹരിയാന ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് 2015 മുതല്‍ അസീമാനന്ദ പുറത്താണ്.
കേസില്‍ എട്ട് പേര്‍ കുറ്റാരോപിതരാണെങ്കിലും അസീമാനന്ദയടക്കം നാല് പേര്‍ മാത്രമാണ് വിചാരണ നേരിട്ടത്. കമല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി, ലോകേഷ് ശര്‍മ്മ എന്നീ പ്രതികള്‍ ഇപ്പോള്‍ അംബാല സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതേസമയം അമിത് ചൗഹാന്‍, രാമചന്ദ്ര കല്‍സന്‍ഗ്ര, സന്ദീപ് ഡാങ്കെ എന്നീ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
കേസിലെ മുഖ്യപ്രതിയെന്ന് എന്‍.ഐ.എ വിശേഷിപ്പിച്ചിരുന്ന സുനില്‍ ജോഷി 2017ല്‍ മധ്യപ്രദേശില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു.
#NewsAlert — Special NIA court acquits all 4 accused including prime accused Aseemanand in the Samjhauta train blast case #SamjhautaBlastVerdict. | @jyotik with more details pic.twitter.com/U3CBGNK9Pd
— News18 (@CNNnews18) March 20, 2019