ഓസ്‌ട്രേലിയ അണ്ടര്‍ 19നെതിരായുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ മകനായ സമിത് ദ്രാവിഡ് ഇടം നേടി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കഴിവുള്ള താരമാണ് സമിത്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മഹാരാജ ടി-20യില്‍ മൈസൂരു വാരിയേഴ്‌സിന് വേണ്ടിയാണ് സമിത് കളിക്കുന്നത്. ഏഴ് മത്സരങ്ങളിലാണ് താരം മൈസൂരുവിന് വേണ്ടി കളത്തിലിറങ്ങിയത്. 114 പ്രഹരശേഷിയില്‍ 82 റണ്‍സാണ് സമിത് ഇതുവരെ നേടിയിട്ടുള്ളത്.
ഇതിനുമുമ്പ് നടന്ന കൂച്ച് ബെഹാര്‍ ട്രോഫി നേടിയ കര്‍ണാടക ടീമിന്റെ ഭാഗമായിരുന്നു സമിത് ദ്രാവിഡ്. ഫൈനലില്‍ മുംബൈയെ പരാജയപ്പെടുത്തിയായിരുന്നു കര്‍ണാടക കിരീടം നേടിയത്. ഈ ടൂര്‍ണമെന്റില്‍ 8 മത്സരങ്ങളില്‍ നിന്നും 362 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ബൗളിങ്ങിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാനും സമിത്തിന് സാധിച്ചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഉടനീളം 16 വിക്കറ്റുകളാണ് താരം നേടിയത്.
ഇന്ത്യന്‍ അണ്ടര്‍ 19 ഏകദിന ടീമിനെ ഉത്തര്‍പ്രദേശുകാരനായ മുഹമ്മദ് അമനാണ് നയിക്കുന്നത്. റെഡ് ബോള്‍ മത്സരങ്ങളില്‍ മധ്യപ്രദേശ് താരം സോഹം പട്വര്‍ദ്ധനും നയിക്കും. ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ആണ് ഇന്ത്യ കളിക്കുക.
സെപ്റ്റംബര്‍ 21നാണ് പരമ്പരയിലെ ആദ്യ ഏകദിന മത്സരം നടക്കുന്നത്. സെപ്റ്റംബര്‍ 23ന് രണ്ടാം മത്സരവും 26ന് മൂന്നാം മത്സരം നടക്കും. ഈ മൂന്ന് മത്സരവും പുതുച്ചേരിയില്‍ വെച്ചാണ് നടക്കുക. റെഡ് ബോള്‍ മത്സരങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 മുതലാണ് തുടക്കം കുറിക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് ഏഴിനും നടക്കും. ചെന്നൈയാണ് റെഡ് ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാവുന്നത്.