ഒരു സിനിമയ്ക്കു പിന്നിലെ മാറ്റി നിര്‍ത്താനാവാത്ത ഘടകമാണ് വസ്ത്രാലങ്കാരം. ഇതിനോടകം തന്നെ നിരവധി മലയാള സിനിമകള്‍ക്ക് വേണ്ടി വസ്ത്രമൊരുക്കിയ സമീറ സനീഷ് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.
മലയാളികളുടെ പ്രിയനടന്‍ മമ്മൂട്ടിയുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് പറയുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ സമീറ സനീഷ്. രാജമാണിക്യം എന്ന സിനിമയിലെ മമ്മൂട്ടിയുടെ വസ്ത്രധാരണത്തെക്കുറിച്ചാണ് സമീറ പറയുന്നത്.
ബെല്ലാരിയില്‍ നിന്നു വന്ന പോത്തു കച്ചവടക്കാരനായ രാജമാണിക്യത്തിന്റെ യുണീക് സ്റ്റൈലും അപ്പിയറന്‍സും മലയാളികള്‍ എന്നും ഓര്‍ത്തുവെയ്ക്കുന്നതാണെന്ന് സമീറ പറയുന്നു. ഇടിവെട്ട് എന്ന് പറയാവുന്ന തരത്തിലുള്ള ചൈനീസ് കോളര്‍ ജുബ്ബയും മാലയും കൈച്ചെയ്‌നും അതിനു മുകളിലുള്ള വളയുമെല്ലാം കണ്ട് പ്രേക്ഷകര്‍ ഇവന്‍ പുലിയാണ് കെട്ടോ എന്നാണ് പറഞ്ഞതെന്നും സമീറ പറയുന്നു.
മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രം ഇട്ട വസ്ത്രങ്ങളും മികച്ചതായിരുന്നുവെന്നും ഡബിള്‍ പോക്കറ്റ് ഷര്‍ട്ടും ജീന്‍സും ലെതര്‍ ജാക്കറ്റും ഇട്ട് വന്ന ബിലാലിനെ മലയാളികള്‍ എല്ലാ കാലത്തും നെഞ്ചേറ്റുമെന്നും സമീറ പറയുന്നു.
‘ന്യൂജനറേഷന്‍ സിനിമകളുടെ തുടക്കത്തില്‍ വളരെ ഡിഫറന്റായ കളര്‍ പാറ്റേണിലും സ്റ്റൈലിലുമായി വന്ന മമ്മൂട്ടി ചിത്രമായിരുന്നു ഡാഡി കൂള്‍. സ്റ്റൈല്‍ ബ്രാന്റഡ് കമ്പനികള്‍ പോലും അത് അനുകരിക്കുകയായിരുന്നു. അതുപോലെത്തന്നെയായിരുന്നു പ്രാഞ്ചിയേട്ടനിലെ വസ്ത്രങ്ങളും. വ്യത്യസ്തമായ ലുക്കിലാണ് ഓരോന്നിലും മമ്മൂക്ക ഒരുങ്ങിയത്. ആ സിനിമയില്‍ ക്വട്ടേഷന്‍ ഗ്യാങ്ങിന്റെ നേതാവായി വരുന്ന മമ്മൂക്കയും മലയാളികളെ ഞെട്ടിച്ചു’, സമീറ സനീഷ് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക