|

ലഹരിക്കടത്ത് കേസ്; ഷാരൂഖില്‍ നിന്നും സമീര്‍ വാങ്കഡെ 25 കോടി തട്ടാന്‍ ശ്രമം നടത്തിയതായി സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ വ്യാജ ലഹരിക്കടത്ത് കേസില്‍ മുന്‍
എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ 25 കോടി രൂപ തട്ടാന്‍ ശ്രമിച്ചതായി സി.ബി.ഐ. ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കി പണം തട്ടാനായിരുന്നു വാങ്കഡെയുടെ നീക്കമെന്ന് സി.ബി.ഐ. പ്രാഥമിക എഫ്.ഐ.ആറില്‍ പറയുന്നു. കേസില്‍ സാക്ഷിയായ കിരണ്‍ ഗോസാവിക്കൊപ്പം ഗൂഢാലോചന നടത്തിയെന്നും എഫ്.ഐ.ആറിലുണ്ട്.

ആര്യന്‍ ഖാനെ ലഹരിക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് 25 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് സി.ബി.ഐ. പ്രാഥമിക എഫ്.ഐ.ആറില്‍ പറയുന്നത്. ആര്യനെ മുംബൈയിലെ ആഡംബര കപ്പലില്‍ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പ്രതിചേര്‍ത്തിരുന്നു.

ഈ കേസില്‍ നിന്നും രക്ഷിക്കാമെന്ന പേരിലാണ് വാങ്കഡെ ഷാരൂഖില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചത്. ഇതിനായി സാക്ഷിയായിരുന്ന കിരണ്‍ ഗോസാവിക്ക് ഒപ്പം ഗൂഢാലോചന നടത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. 18 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

നേരത്തെ, കേസുമായി ബന്ധപ്പെട്ട് സമീര്‍ വാങ്കഡെക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സോണല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കിയിരുന്നു. ആദ്യഘട്ടത്തില്‍ എന്‍.സി.ബിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥ സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. പിന്നീട് സി.ബിഐ കേസ് ഏറ്റെടുക്കുകയായിരുന്നു. സമീറിന്റെ മുംബൈയിലെ വസതിയില്‍ കഴിഞ്ഞ ദിവസം സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ മൊബൈല്‍ ഉള്‍പ്പെടെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Contenthighlight: Sameer Wankhede tries to exot RS 25 crore from sharukh khan in smuggling case