ന്യൂദല്‍ഹി: എന്‍.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്കിനെതിരെ പരാതിയുമായി എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ ഭാര്യാ സഹോദരി. സമൂഹമാധ്യമങ്ങള്‍ വഴി നവാബ് മാലിക് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
ഐ.പി.സി സെക്ഷന്‍ 354, 354 ഡി, 503, 506, 1986 ലെ സ്ത്രീകളെ അസഭ്യം പറയല്‍ നിയമം സെക്ഷന്‍ 4 എന്നിവ പ്രകാരം മാലിക്കിനും നിശാന്ത് വര്‍മയ്ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഗൊരെഗാവ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.
14 വര്‍ഷം മുമ്പ് നടന്നതായി ആരോപിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളാണ് ട്വീറ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കുറ്റാരോപിതന്‍ തന്റെ സഹോദരനെ ഭീഷണിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ തന്റെ ജീവിതം നശിപ്പിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
ആഡംബര കപ്പലിലെ ലഹരിക്കടത്ത് കേസിലെ പ്രതികള്‍ സമീര്‍ വാങ്കഡെയെ ഭീഷണിപ്പെടുത്താന്‍ മാലിക്കിനെയും വര്‍മയെയും സ്പോണ്‍സര്‍ ചെയ്യുന്നതായി അവര്‍ പരാതിയില്‍ പറഞ്ഞു. മാലിക്കിന്റെയും വര്‍മയുടെയും ട്വീറ്റില്‍ വാങ്കഡെയുടെ ഭാര്യാസഹോദരിയുടെ പേരും ഉണ്ടായിരുന്നു.
‘സമീര്‍ ദാവൂദ് വാങ്കഡെ, നിങ്ങളുടെ ഭാര്യാസഹോദരി ഹര്‍ഷദ ദിനനാഥ് റെഡ്കര്‍ മയക്കുമരുന്ന് ബിസിനസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ? അവരുടെ കേസ് പൂനെ കോടതിയുടെ പരിഗണനയിലായതിനാല്‍ നിങ്ങള്‍ ഉത്തരം പറയണം. തെളിവ് ഇതാ,’ എന്ന് പറഞ്ഞായിരുന്നു മന്ത്രിയുടെ ട്വീറ്റ്.
പ്രതികളോടുള്ള പ്രത്യേക താല്‍പര്യ പ്രകാരം ചിലര്‍ പൂനെയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തന്നെ കുടുക്കിയെന്നാണ് ഹര്‍ഷദ പരാതിയില്‍ പറയുന്നത്. കേസ് പൂനെയിലെ കോടതിയുടെ പരിഗണനയിലാണ്.
രാഷ്ട്രീയ നിരീക്ഷകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന വര്‍മ്മ കിംവദന്തി പ്രചരിക്കുന്ന ആളാണെന്നും തന്റെ കക്ഷിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ സജീവമാണെന്നും പരാതിയില്‍ പറയുന്നു.