| Saturday, 21st December 2024, 4:07 pm

20 സിക്‌സര്‍, 13 ഫോര്‍! വെറും 97 പന്തില്‍ 201*!! ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇത് തീരാ നഷ്ടം, കോളടിച്ച് ദല്‍ഹി

സ്പോര്‍ട്സ് ഡെസ്‌ക്

മെന്‍സ് U23 സ്‌റ്റേറ്റ് എ ട്രോഫിയില്‍ പടുകൂറ്റന്‍ ടോട്ടലുമായി ഉത്തര്‍പ്രദേശ്. ത്രിപുരയ്‌ക്കെതിരായ മത്സരത്തില്‍ 405 റണ്‍സിന്റെ റണ്‍മലയാണ് ഉത്തര്‍പ്രദേശ് യുവതാരങ്ങള്‍ അടിച്ചെടുത്തത്. ക്യാപ്റ്റന്‍ സമീര്‍ റിസ്വിയുടെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് യു.പി സ്‌കോര്‍ ബോര്‍ഡില്‍ മികച്ച ടോട്ടല്‍ എഴുതിച്ചേര്‍ത്തത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഉത്തര്‍പ്രദേശിന് മോശമല്ലാത്ത തുടക്കമാണ് ഓപ്പണര്‍മാര്‍ ചേര്‍ന്ന് സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഷോയ്ബ് സിദ്ദിഖിയും ശൗര്യ സിങ്ങും സ്‌കോറിങ്ങിന് അടിത്തറയിട്ടത്.

ടീം സ്‌കോര്‍ 66ല്‍ നില്‍ക്കവെ യു.പിക്ക് ശൗര്യ സിങ്ങിനെ നഷ്ടമായി. 38 പന്തില്‍ 51 റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്താകുന്നത്. ആദര്‍ശ് സിങ്ങാണ് വണ്‍ ഡൗണായി ക്രീസിലെത്തിയത്.

രണ്ടാം വിക്കറ്റിലും യു.പി അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 128ല്‍ നില്‍ക്കവെ 58 പന്തില്‍ 38 റണ്‍സെടുത്ത സിദ്ദിഖിയുടെ വിക്കറ്റും ഉത്തര്‍പ്രദേശിന് നഷ്ടമായി.

23ാം ഓവറിലെ രണ്ടാം പന്തിലാണ് ക്യാപ്റ്റന്‍ സമീര്‍ റിസ്വി ക്രീസിലെത്തുന്നത്. ഏകദിനത്തില്‍ ടി-20യെ തോല്‍പിക്കുന്ന വെടിക്കെട്ടാണ് താരം പുറത്തെടുത്തത്. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ സിക്‌സറുകളും ബൗണ്ടറികളും പാഞ്ഞപ്പോള്‍ സ്‌കോര്‍ ബോര്‍ഡും പറപറന്നു.

ഇതിനിടെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ആദര്‍ശ് സിങ്ങിനെയും അഞ്ചാം നമ്പറിലിറങ്ങിയ സിദ്ധാര്‍ത്ഥ് യാദവിനെയും ടീമിന് നഷ്ടമായി. ആദര്‍ശ് 64 പന്തില്‍ 52 റണ്‍സടിച്ചപ്പോള്‍ 35 പന്തില്‍ 27 റണ്‍സുമായാണ് യാദവ് തിരിച്ചുനടന്നത്.

കൂട്ടാളികളെ നഷ്ടപ്പെട്ടെങ്കിലും റിസ്വി തകര്‍ത്തടിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ 50ാം ഓവറിലെ അവസാന പന്തും എറിഞ്ഞ് തീര്‍ത്തപ്പോള്‍ ഉത്തര്‍പ്രദേശ് നാല് വിക്കറ്റിന് 405 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

97 പന്ത് നേരിട്ട് 201 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ റിസ്വി പുറത്താകാതെ നിന്നത്. 20 പടുകൂറ്റന്‍ സിക്‌സറുകളും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു റിസ്വിയുടെ ഇന്നിങ്‌സ്. 207.22 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ഒമ്പത് പന്തില്‍ പുറത്താകാതെ 17 റണ്‍സ് നേടിയ പ്രശാന്ത് വീറും ടോട്ടല്‍ 400 കടത്തുന്നതില്‍ നിര്‍ണായകമായി.

ത്രിപുരയ്ക്കായി ദിപന്‍ വിശ്വാസ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ദിപാന്ദു ചക്രബര്‍ത്തി, സ്വരാഭ് സഹാനി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

കഴിഞ്ഞ വര്‍ഷം നടന്ന ഐ.പി.എല്ലിന്റെ മിനി ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 8.40 കോടിക്ക് സ്വന്തമാക്കിയതോടെയാണ് സമീര്‍ റിസ്വിയെന്ന പേര് ആരാധകര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ചയായത്. ഒരു അണ്‍ക്യാപ്ഡ് താരത്തിന് ലഭിക്കുന്ന റെക്കോഡ് തുകയായിരുന്നു അത്.

എന്നാല്‍ ഐ.പി.എല്ലില്‍ താരത്തിന് വേണ്ട പോലെ തിളങ്ങാന്‍ സാധിച്ചില്ല. ഇതോടെ ഐ.പി.എല്‍ 2025ന് മുന്നോടിയായി നടന്ന മെഗാ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരത്തെ നിലനിര്‍ത്താനോ തിരിച്ചെത്തിക്കാനോ താത്പര്യം കാണിച്ചില്ല.

ലേലത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് താരത്തെ സ്വന്തമാക്കിയത്. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 95 ലക്ഷത്തിന് ക്യാപ്പിറ്റല്‍സ് ടീമിലെത്തിക്കുകയായിരുന്നു.

Content Highlight: Sameer Rizvi’s brilliant batting performance in Under-23 Men’s State A Trophy

We use cookies to give you the best possible experience. Learn more