| Tuesday, 3rd September 2024, 9:24 am

ഒരിക്കലും തനിക്ക് വേണ്ടിയല്ല അദ്ദേഹം ബാറ്റ് ചെയ്യുന്നത്, സ്വന്തം കാര്യം മാത്രം നോക്കുന്നവനല്ല: സമീര്‍ റിസ്വി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പുകഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് യുവതാരം സമീര്‍ റിസ്വി. രോഹിത് ശര്‍മയുടെ ബാറ്റിങ് രീതി തനിക്ക് ഏറെ ഇഷ്ടമാണെന്നും അദ്ദേഹം കളിക്കളത്തില്‍ നിസ്വാര്‍ത്ഥനാണെന്നും റിസ്വി കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് രോഹിത് ശര്‍മയുടെ ബാറ്റിങ് ഏറെ ഇഷ്ടമാണ്. പേടിയില്ലാതെ ബാറ്റ് വീശുന്ന അദ്ദേഹത്തിന്റെ കളിശൈലി എനിക്കിഷ്ടമാണ്. അദ്ദേഹം ഒരിക്കലും തനിക്ക് വേണ്ടിയല്ല ബാറ്റ് ചെയ്യാറുള്ളത്. നിസ്വാര്‍ത്ഥനായ താരമാണ്. പേടിയില്ലാതെയും സ്വാര്‍ത്ഥതയില്ലാതെയുമാണ് അദ്ദേഹം കളിക്കുന്നത്,’ റിസ്വി പറഞ്ഞു.

നേരത്തെ എം.എസ്. ധോണിയെ കുറിച്ചും വിരാട് കോഹ്‌ലിയെ കുറിച്ചുമെല്ലാം റിസ്വി സംസാരിച്ചിരുന്നു. ഏതൊരു താരത്തെ സംബന്ധിച്ചും ധോണി ഒരു പ്രചോദനമാണെന്നും ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ തന്നെ അദ്ദേഹത്തോടൊപ്പം ഡ്രസ്സിങ് റൂം പങ്കിടാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നുമാണ് റിസ്വി പറഞ്ഞത്.

ഇക്കഴിഞ്ഞ ഐ.പി.എല്ലിന് മുന്നോടിയായി 8.4 കോടി രൂപക്കാണ് സൂപ്പര്‍ കിങ്‌സ് റിസ്വിയെ ടിമിലെത്തിച്ചത്. ഒരു അണ്‍ ക്യാപ്ഡ് താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയയായിരുന്നു ഇത്.

പലപ്പോഴും ഇംപാക്ട് പ്ലെയറിന്റെ റോളിലാണ് താരം കളത്തിലിറങ്ങിയത്. മോശമല്ലാത്ത പ്രകടനങ്ങളും താരത്തിന്റെ ബാറ്റില്‍ നിന്നും പിറവിയെടുത്തു. എട്ട് മത്സരത്തില്‍ നിന്നും 121 റണ്‍സാണ് റിസ്വി നേടിയത്.

അതേസമയം, നിലവില്‍ യു.പി ടി-20 ലീഗില്‍ കാണ്‍പൂര്‍ സൂപ്പര്‍ സ്റ്റാര്‍സിന് വേണ്ടിയാണ് താരം ബാറ്റേന്തുന്നത്.

ഗൊരഖ്പൂര്‍ ലയണ്‍സിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് റിസ്വി തിളങ്ങിയത്. 50 പന്തില്‍ എട്ട് സിക്‌സറും മൂന്ന് ഫോറും അടക്കം 87 റണ്‍സാണ് താരം സ്വന്തമാക്കിയത്.

എന്നാല്‍ റിസ്വിയുടെ വെടിക്കെട്ടിനും കാണ്‍പൂരിനെ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ഗൊരഖ്പൂര്‍ ലയണ്‍സ് ഉയര്‍ത്തിയ 178 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍സ്റ്റാര്‍സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

നിലവില്‍ ആറ് മത്സരത്തില്‍ നിന്നും നാല് ജയത്തോടെ രണ്ടാം സ്ഥാനത്താണ് കാണ്‍പൂര്‍ സൂപ്പര്‍ സ്റ്റാര്‍സ്. ചൊവ്വാഴ്ചയാണ് കാണ്‍പൂരിന്റെ അടുത്ത മത്സരം. എകാന സ്‌പോര്‍ട്‌സ സിറ്റിയില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ ഫാല്‍ക്കണ്‍സാണ് എതിരാളികള്‍.

Content Highlight: Sameer Rizvi praises Rohit Sharma

We use cookies to give you the best possible experience. Learn more