ഉത്തര്‍പ്രദേശ് ടി-20 ലീഗില്‍ കാണ്‍പൂര്‍ സൂപ്പര്‍ സ്റ്റാര്‍സിന് ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ ഫാല്‍കണ്‍സിനെ മൂന്ന് റണ്‍സിനാണ് കാണ്‍പൂര്‍ പരാജയപ്പെടുത്തിയത്. ലഖ്നൗവിലെ ഏകാന സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ലഖ്നൗ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കാണ്‍പൂര്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഫാല്‍കണ്‍സിന് 20 ഓവറില്‍ 153 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ സ്റ്റാര്‍സ് സമീര്‍ റിസ്വിയുടെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് മികച്ച ടോട്ടല്‍ നേടിയത്. 51 പന്തില്‍ 89 റണ്‍സ് നേടിയായിരുന്നു റിസ്വി തിളങ്ങിയത്. 174.51 പ്രഹരശേഷിയില്‍ എട്ട് ഫോറുകളും ആറ് സിക്‌സുകളുമാണ് താരം നേടിയത്.
— Kanpur Superstars Official (@KnpurSuperstars) August 27, 2024
കഴിഞ്ഞ ഇന്ത്യന്‍ പ്രിമീയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. ലേലത്തില്‍ 8.4 കോടിക്കായിരുന്നു ഉത്തര്‍പ്രദേശ് താരത്തെ ചെന്നൈ തങ്ങളുടെ തട്ടകത്തില്‍ എത്തിച്ചത്.
ലേലത്തില്‍ അടിസ്ഥാന വില 20 ലക്ഷം രൂപ മാത്രം ഉണ്ടായിരുന്ന താരത്തിന് കോടികള്‍ വാരിയെറിഞ്ഞുകൊണ്ട് ചെന്നൈ താരത്തെ സ്വന്തമാക്കിയത്. ചെന്നൈക്കായി എട്ട് മത്സരങ്ങളിലായിരുന്നു റിസ്വി കളത്തിലിറങ്ങിയത്.
ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് റിസ്വി അരങ്ങേറ്റം കുറിച്ചിരുന്നത്. മത്സരത്തില്‍ നേരിട്ട് ആദ്യ പന്തിൽ അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനെ സിക്‌സര്‍ പറത്തിയാണ് താരം ശ്രദ്ധ നേടിയത്.
ഇതോടെ ഐ.പി.എല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയിലേക്കും താരം കാലെടുത്തുവെച്ചിരുന്നു. 2025 ഐ.പി.എല്‍ താരലേലം വരാനിരിക്കുന്ന ഈ സാഹചര്യത്തില്‍ റിസ്വിയെ ചെന്നൈ ടീമില്‍ നിലനിര്‍ത്തുമോയെന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റു നോക്കുന്നത്.
അതേസമയം കാണ്‍പൂരിനായി ശുഭം മിശ്ര നാലു വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് നടത്തിയത്. വിനീത് പന്‍വാര്‍ രണ്ട് വിക്കറ്റും മോഹ്സിന്‍ ഖാന്‍, ആഖിബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി നിര്‍ണായകമായപ്പോള്‍ ലഖ്‌നൗ ഇന്നിങ്‌സ് 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ഫാല്‍ക്കണ്‍സ് ബാറ്റിങ്ങില്‍ പ്രിയം ഗാര്‍ഗ് 23 പന്തില്‍ 31 റണ്‍സും സമര്‍ത് സിങ് 13 പന്തില്‍ 29 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും എട്ട് റണ്‍സകലെ ലഖ്‌നൗവിന് വിജയം നഷ്ടമാവുകയായിരുന്നു.
Content Highlight: Sameer Rizvi Great Performance in Uthar Pradesh T20 League