ഒന്നാം ഭാഗത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അറബ് വസന്തം: അകവും പുറവും ഭാഗം 1
സമീര്‍ അമീന്‍
ജനാധിപത്യപ്രസ്ഥാനവുമായുള്ള ഏറ്റുമുട്ടല്‍, പ്രതിലോമസംഘങ്ങള്‍
സമരങ്ങളുയര്‍ന്നുവന്ന മുന്‍കാലത്തേതുപോലെതന്നെ ജനാധിപത്യ സാമൂഹിക പ്രസ്ഥാനങ്ങളും സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളും ഈജിപ്തില്‍ അതിശക്തമായ ഒരു പ്രതിലോമ വിഭാഗത്തെ നേരിടുന്നുണ്ട്. ഈ വിഭാഗം അതിന്റെ സാമൂഹ്യ ഉള്ളടക്കം കൊണ്ടു തന്നെ തിരിച്ചറിയാവുന്നതാണ്. (അതിന്റെ വര്‍ഗ്ഗ ഉള്ളടക്കം പ്രധാനമാണ്.) അതോടൊപ്പം പ്രധാനമാണ് അതിന്റെ രാഷ്ട്രീയ ഇടപെടലിന്റെ മാനവും രാഷ്ട്രീയത്തില്‍ പ്രയോഗിക്കുന്ന പ്രത്യയശാസ്ത്ര സംവാദങ്ങളുടെ സവിശേഷതയും.
സാമൂഹ്യമായ അര്‍ത്ഥത്തില്‍ ഈ പിന്തിരിപ്പന്‍ വിഭാഗം ഈജിപ്തിലെ ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ളതാണ്. ആശ്രിത സ്വഭാവത്തിലൂടെ മൂലധനം സ്വരൂപിക്കുന്ന രീതി കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ ഒരു ധനിക ബൂര്‍ഷ്വാസിയുടെ ഉയര്‍ച്ചക്കിടയാക്കിയിട്ടുണ്ട്. ആഗോള ലിബറല്‍ മാതൃകയുടെ ഏകഗുണഭോക്താവ് ഈ വിഭാഗം മാത്രമാണ്. അവര്‍ പതിനായിരങ്ങളെ വരൂ.
ലോകബാങ്ക് വിശേഷിപ്പിക്കുന്ന വിധത്തിലുള്ള നവീന സംരംഭകരൊന്നുമല്ല ഇവര്‍. രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമായി നില്‍ക്കുന്ന ശതകോടീശ്വരന്‍മാരും ദശകോടീശ്വരന്‍മാരും ഒക്കെയാണ് ഇവര്‍. (അഴിമതി ഈ രാഷ്ട്രീയ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമാണ്) ഇതൊരു തരം ദല്ലാള്‍ ബൂര്‍ഷ്വാസിയാണ്. (ഈജിപ്തില്‍ ഇപ്പോള്‍ പ്രചാരമുള്ള ഭാഷയനുസരിച്ച് ഇവര്‍ അഴിമതിക്കാരായ ഇത്തിക്കണ്ണികളാണ്).
അവര്‍ പൂര്‍ണ്ണമായും പിന്തുണ നല്കുന്നത് ഇപ്പോഴത്തെ സാമ്രാജ്യത്വ ആഗോളവല്‍ക്കരണ ഘടനയും അമേരിക്കയുടെ നിരുപാധിക സഖ്യകക്ഷിയായി ഈജിപ്തിനെ സ്ഥാപിക്കുന്നതിനാണ്. അതിന്റെ അണികളില്‍ ബൂര്‍ഷ്വാസി വിന്യസിച്ചിരിക്കുന്നത് എണ്ണമറ്റ സൈനികപോലീസ് മേധാവികളെയും സര്‍ക്കാരുകളുമായി ബന്ധമുള്ള സിവിലിയന്‍മാരെയും സാദത്തും മുബാറക്കും രൂപം നല്‍കിയ നാഷണല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വവും, മത നേതൃത്വവും മുസ്ലിം ബ്രദര്‍ഹുഡിന്റെ മുഴുവന്‍ നേതാക്കളും അല്‍ അസര്‍ സര്‍വ്വകലാശാലയെ നയിക്കുന്ന ഷെയ്ക്കുമാരും ഉള്‍പ്പെടുന്ന കോടീശ്വരന്‍മാരെയാണ്.
തീര്‍ച്ചയായും സജീവമായ ചെറുകിട -ഇടത്തരം ബൂര്‍ഷ്വാ വിഭാഗമായ സംരംഭകരും ഇതിലുണ്ട്. പക്ഷെ ഇവര്‍ ദല്ലാള്‍ ബൂര്‍ഷ്വാസി നടപ്പാക്കുന്ന തട്ടിപ്പുകളുടെ ഇരകള്‍ കൂടിയാണ്. ഇക്കൂട്ടര്‍ പ്രാദേശിക കുത്തകകളുടെ കീഴാളരായ ഉപകരാറുകാരായി തരംതാഴ്ത്തപ്പെട്ടിരിക്കുന്നു. വിദേശകുത്തകകളുടെ വിതരണശൃംഖല മാത്രമാണ് ഇവര്‍. നിര്‍മ്മാണവ്യവസായത്തില്‍ ഈ സമ്പ്രദായം പൊതുവായ ഒരു സംഗതിയാണ്. വലിയ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ കോണ്‍ട്രാക്ടുകള്‍ ഉപകരാറിലൂടെ ചെറുകിടക്കാര്‍ക്ക് കൈമാറും. സംരംഭക ബൂര്‍ഷ്വാസി ഇക്കാരണത്താല്‍ ജനാധിപത്യ പ്രസ്ഥാനത്തോട് അനുഭാവമുള്ള നിലപാടിലാണ് ഉള്ളത്.
പിന്തിരിപ്പന്‍ വിഭാഗങ്ങളുടെ ഗ്രാമീണതലവും പ്രാധാന്യം കുറഞ്ഞതല്ല. നാസറുടെ കാര്‍ഷിക പരിഷ്‌കാരത്തിന്റെ മുഖ്യ ഗുണഭോക്താക്കള്‍ ധനികകര്‍ഷകരായിരുന്നു. മുന്‍കാലത്തെ സമ്പന്ന ഭൂവുടമകള്‍ക്ക് പകരമായാണ് ഇവര്‍ രൂപപ്പെട്ടത്. നാസറുടെ ഭരണകാലത്ത് ആരംഭിച്ച കാര്‍ഷിക സഹകരണ സ്ഥാപനങ്ങള്‍ ധനികകര്‍ഷകര്‍ക്കും ദരിദ്രകര്‍ഷകര്‍ക്കും പങ്കാളിത്തമുള്ളതായിരുന്നു. എന്നാല്‍ ഗുണം ലഭിച്ചത് ധനികകര്‍ഷകര്‍ക്കുമാത്രമാണ്.
സാദത്തിന്റെയും മുബാറക്കിന്റെയും ഭരണകാലത്ത് ലോകബാങ്കിന്റെ ഉപദേശപ്രകാരം ഈ നടപടികള്‍ ഉപേക്ഷിക്കപ്പെട്ടതോടെ ദരിദ്രകര്‍ഷകരെ ഉന്‍മൂലനം ചെയ്യാനാണ് ധനികകര്‍ഷകര്‍ ശ്രമിച്ചത്. ആധുനിക ഈജിപ്തില്‍ മുമ്പെന്നത്തേക്കാളും ഗ്രാമീണധനിക വിഭാഗം കടുത്ത പിന്തിരിപ്പന്‍മാരായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇവരാണ് യാഥാസ്ഥിതിക ഇസ്ലാമിന്റെ ഗ്രാമീണ തലത്തിലെ പിന്തുണക്കാരായി മാറിയത്.
ഗ്രാമീണധനിക വിഭാഗത്തിന്റെ ദൃഢമായ (പലപ്പോഴും കുടുംബപരമായ) ബന്ധങ്ങളിലൂടെയാണ് സര്‍ക്കാരുദ്യോഗസ്ഥരും മതമേധാവികളും സ്വാധീനമുറപ്പിക്കുന്നത്. ഈജിപ്തിലെ അല്‍ അസര്‍ സര്‍വ്വകലാശാലക്ക് സംഘടിതമായ മുസ്ലിം പൗരോഹിത്വത്തിന്റെ സ്ഥാനമാണുള്ളത്. ഇക്കൂട്ടരാണ് ഗ്രാമീണ സാമൂഹ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. ഇതിനേക്കാള്‍ പ്രധാനം നഗരങ്ങളിലെ മധ്യവര്‍ഗ്ഗത്തിന്റെ (വിശേഷിച്ച് സൈനിക -പോലീസ് ആപ്പീസര്‍മാര്‍, സാങ്കേതിക വിദഗ്ദ്ധര്‍, ഡോക്ടര്‍മാര്‍, വക്കീലന്‍മാര്‍ തുടങ്ങിയവര്‍) രൂപപ്പെടലും ഗ്രാമീണധനികരില്‍ നിന്ന് നേരിട്ടാണ്.
ഈ പിന്തിരിപ്പന്‍ വിഭാഗത്തിന് ശക്തമായ രാഷ്ട്രീയ ഉപകരണങ്ങളുമുണ്ട്. സൈന്യത്തിലും പോലീസ് സേനയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, പുറമെ അഭിജാതമായ നാഷണല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഒക്കെ (സാദത്ത് രൂപീകരിച്ച പാര്‍ട്ടിയാണിത. ഈജിപ്തില്‍ എല്ലാ പ്രവര്‍ത്തന സ്വാതന്ത്ര്യവുമുള്ള ഏകപാര്‍ട്ടിയാണിത്.) മതസ്ഥാപനങ്ങള്‍( അല്‍അസര്‍) രാഷ്ട്രീയ ഇസ്ലാമിന്റെ ഘടകങ്ങള്‍ (മുസ്ലിം ബ്രദര്‍ഹുഡും സലഫിസ്റ്റുകളും) തുടങ്ങിയവ ഇതിന്റെ ഭാഗമായുണ്ട്.
സൈനിക പിന്തുണ (കൊല്ലത്തില്‍ ഒന്നര ബില്യണ്‍ ഡോളറിന്റേതാണ് ഈ സഹായം)ക്കായി അമേരിക്ക നല്‍കുന്ന സഹായം ഒരിക്കല്‍പോലും പൂര്‍ണ്ണമായും പ്രതിരോധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ടിട്ടില്ല. ഇതിന്റെ ഫലം അപകടകരമാം വിധമുള്ള അഴിമതിയിലൂടെയുള്ള വിപരീത പ്രവര്‍ത്തനമാണ്. പൊതുവെ എല്ലാവര്‍ക്കും അറിയാവുന്ന ഈ അഴിമതി തടയപ്പെടുകയല്ല പ്രോത്സാഹിപ്പിക്കപ്പെടുകയാണുണ്ടായത്.
ഈ സഹായം സൈന്യത്തിലെ ഉയര്‍ന്ന തസ്തികയിലുള്ളവര്‍ക്ക് ഈജിപ്തിലെ ദല്ലാള്‍ബൂര്‍ഷ്വാസിയായിത്തീരാനാണ് സഹായിച്ചത്. സൈന്യം ഉള്‍ച്ചേര്‍ക്കപ്പെട്ടു (ഷരിക അല്‍ഗീഷ്) എന്നത് ഒരു പൊതുപ്രയോഗമായിത്തീര്‍ന്നു. ഇതിനെല്ലാം നേതൃത്വം കൊടുത്ത സൈനിക നേതൃത്വത്തിലെ ഉന്നതര്‍ രാജ്യത്തിലെ രാഷ്ട്രീയ പരിവര്‍ത്തനഘങ്ങള്‍ സംബന്ധിച്ച് നിഷ്പക്ഷരൊന്നും അല്ല.
ജനങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ നിന്ന് വിട്ടുനിന്നെങ്കിലും തെരഞ്ഞെടുക്കപ്പെട്ട സിവിലിയന്‍ സര്‍ക്കാര്‍ താരതമ്യേന ദുഷ്‌പേരു കുറഞ്ഞവരെ ഉള്‍ക്കൊള്ളിച്ചെങ്കിലും പ്രതിലോമകരമായ നടപടികളുടെ ഒരു പരമ്പരതന്നെ സ്വീകരിച്ചിട്ടുണ്ട്. ജനകീയപ്രസ്ഥാനം വിപ്ലവകരമായ തലത്തിലേക്ക് ഉയരാതിരിക്കാന്‍ ഇവര്‍ ഇടപെടുന്നുണ്ട്. ഇവയില്‍ പ്രധാനം സമരങ്ങള്‍ നിരോധിക്കുന്ന നിയമമാണ്. (സമ്പദ്ഘടന പുനരുജ്ജീവിക്കപ്പെടുന്നതിന്റെ മുന്നോടിയാണത്രെ ഇത്.)അതുപോലെ രാഷ്ട്രീയപാര്‍ട്ടികള്‍ രൂപീകരിക്കുന്നതിന് കര്‍ക്കശമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമമാണ് മറ്റൊന്ന്.
രാഷ്ട്രീയ ഇസ്ലാമിന്റെ പ്രവണതകളുള്ള സംഘടനകളിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തനം ചുരുക്കിനിര്‍ത്താനുള്ള (പ്രധാനമായും മുസ്ലിം ബ്രദര്‍ഹുഡിനെ സഹായിക്കാന്‍) തന്ത്രമാണിത്. മുന്‍സര്‍ക്കാറുകളുടെ നിര്‍ലോഭമായ പിന്തുണയോടെ മുസ്ലിം ബ്രദര്‍ഹുഡ് നല്ല രീതിയില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം പുറമെ സൈന്യത്തിന്റെ നിലപാട് പ്രവചനത്തിനതീതമായിത്തന്നെ തുടരുകയാണ്.
സൈന്യത്തിന്റെ ഉദ്യോഗസ്ഥ ശ്രേണിയിലെ അഴിമതിയ്‌ക്കൊപ്പം ദേശീയ വികാരം പൂര്‍ണ്ണമായും ഇല്ലാതാകാത്തതും ഈ പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കുന്നു. മാത്രമല്ല, സൈന്യത്തിന് ഇടപെടാനുള്ള അവസരങ്ങളില്‍ പലതും പോലീസിന് കൈമാറ്റം ചെയ്യപ്പെട്ടതും ഒരു പ്രശ്‌നമാണ്. ഇത്തരം ചുറ്റുപാടില്‍ ഈജിപ്തിലെ ജനകീയപ്രസ്ഥാനം ശക്തിപൂര്‍വ്വം തന്നെ രാജ്യത്തിന്റെ രാഷ്ട്രീയനേതൃത്വത്തില്‍ നിന്നും സൈന്യത്തെ ഒഴിച്ചുനിര്‍ത്തണമെന്ന ആവശ്യമുന്നയിച്ചിരിക്കുമ്പോള്‍ സൈനികനേതൃത്വം തിരശ്ശീലക്കു പിന്നില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാനാവും നേരിട്ട് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനേക്കാള്‍ താത്പര്യപ്പെടുക.
പോലീസ് സംവിധാനം പോറലേല്‍ക്കാതെ നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനം പൊതുവില്‍ പഴയ ഭരണസംലിധാനത്തിലെ മുതിര്‍ന്ന പൗരന്‍മാരാണ് പുതിയ ഭരണാധികാരികള്‍. പഴയ മട്ടില്‍ തുടരുകയാണ് നാഷണല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഈ കൊടുങ്കാറ്റില്‍ അലിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന നിയമപരമായി അതിനെ പിരിച്ചുവിടാന്‍ ഉത്തരവിറങ്ങിയിട്ടുണ്ട്. പക്ഷേ ഈജിപ്തിലെ ബൂര്‍ഷ്വാസി അവരുടെ പാര്‍ട്ടിക്ക് പുതിയ പേരും ലേബലും നല്‍കി പുനരുജ്ജീവിപ്പിക്കുമെന്നത് ഉറപ്പാണ്.
രാഷ്ട്രീയ ഇസ്ലാം
മുസ്ലിം ബ്രദര്‍ഹുഡ് മാത്രമാണ് ഈജിപ്തില്‍ ഭരണാധികാരികളാല്‍ സഹിഷ്ണുതയോടെ വീക്ഷിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്ത ഏക രാഷ്ട്രീയ ശക്തി. സാദത്തും മുബാറക്കും മൂന്നു അടിസ്ഥാനമേഖലകളുടെ നിയന്ത്രണം ഇവര്‍ക്കു കൈമാറി വിദ്യാഭ്യാസം, കോടതികള്‍, ടെലിവിഷന്‍ എന്നിവയാണവ.
മുസ്ലിം ബ്രദര്‍ഹുഡ് ഒരിക്കലും മിതവാദികളോ ജനാധിപത്യവാദികളോ ആയിരുന്നില്ല. ഇനിയും അങ്ങനെ ആവാനും ഇടയില്ല. അവരുടെ നേതാവ് -മുര്‍ഷിദ് (അറബിയില്‍ വഴികാട്ടി എന്നര്‍ത്ഥം, ഫ്യൂറര്‍ എന്നും പറയാം) സ്വമേധയാ നിശ്ചയിക്കപ്പെടുന്നതും നേതാവിന്റെ വാക്കുകള്‍ ചര്‍ച്ചകൂടാതെ അച്ചടക്കത്തോടെ അനുസരിക്കപ്പെടുന്ന രീതിയുള്ളതുമാണ്.
ബ്രദര്‍ഹുഡിന്റെ ഉന്നതനേതൃത്വം പൂര്‍ണ്ണമായും അതിസമ്പന്ന വിഭാഗത്തില്‍ നിന്നുള്ളവരാണ്. (സൗദി അറേബ്യ നല്‍കുന്ന ധനസഹായത്തിന് നന്ദിപറയാം. വാഷിങ്ടണ്‍ വഴിയുള്ളതാണ് ഈ സഹായം). അതിന്റെ രണ്ടാംനിര നേതൃത്വം കടുത്ത യാഥാസ്ഥിതിക മനോഭാവക്കാരായ മധ്യവര്‍ഗ്ഗക്കാരാണ്. അണികളാകട്ടെ ദരിദ്രവിഭാഗത്തില്‍ നിന്നും. അണികളെ ബ്രദര്‍ഹുഡിന്റെ സന്നദ്ധസഹായ പ്രവര്‍ത്തനങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ് (ഇതും സൗദികളുടെ സഹായഫലം തന്നെ) അതിന്റെ സായുധവിഭാഗം മിലിഷ്യകളാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരില്‍നിന്നാണ് ഇവര്‍ സംഘടിപ്പിക്കപ്പെടുന്നത്.
പരിപൂര്‍ണ്ണമായും വിദേശപിന്തുണയോടെയുള്ള കമ്പോളാധിഷ്ഠിതമായ ഒരു സാമ്പത്തിക വ്യവസ്ഥയോടെ പ്രതിബദ്ധതയുള്ളവരാണ് മുസ്ലിം ബ്രദര്‍ഹുഡ്. യഥാര്‍ത്ഥത്തില്‍ ദല്ലാള്‍ ബൂര്‍ഷ്വാസിയുടെ ഒരു ഘടകമാണ് അവര്‍. തൊഴിലാളികളുടെ വലിയ പണിമുടക്കുകള്‍ക്കെതിരെയും ദരിദ്രകര്‍ഷകരുടെ ഭൂമിക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളെയും എതിര്‍ക്കുന്ന നിലപാടാണ് ബ്രദര്‍ഹുഡിനുള്ളത്.
മുസ്ലിം ബ്രദര്‍ഹുഡ് മിതവാദികളാണെന്ന് പറയുന്നത് രണ്ടര്‍ത്ഥത്തിലാണ്. ഒന്ന് അവര്‍ ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക സാമൂഹ്യപരിപാടി അവതരിപ്പിക്കുന്നതില്‍ വിമുഖരാണ്. അതായത് ചോദ്യമൊന്നുമുയര്‍ത്താതെ പ്രതിലോമകരമായ നിയോലിബറല്‍ നയങ്ങളെ അംഗീകരിക്കാന്‍ അവര്‍ തയ്യാറാണ്. മേഖലയിലും ലോകത്താകെയും അമേരിക്കന്‍ നിയന്ത്രണം നടപ്പാക്കുന്നതിനോട് എതിര്‍പ്പില്ലാത്തവരാണ്.
വാഷിങ്ടണിന് ഏറെ ഉപകാരപ്രദമായ ഒരു സഖ്യശക്തിയാണവര്‍ (ഒരു പക്ഷേ അവരുടെ സംരക്ഷകനായ സൗദി അറേബ്യയേക്കാളും വിശ്വസ്തരായ സഖ്യകക്ഷിയായേക്കാം) ഇതിനാലാണ് അമേരിക്ക മുസ്ലിം ബ്രദര്‍ഹുഡിന് ജനാധിപത്യവിശ്വാസമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നത്.
എന്തായാലും മേഖലയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുകയാണ് അതിന്റെ ലക്ഷ്യമെന്ന് അംഗീകരിക്കാന്‍ അമേരിക്കക്കു കഴിയില്ല. ഇതേക്കുറിച്ച് ഞങ്ങള്‍ക്ക് ഉല്‍ക്കണ്ഠയുണ്ട് എന്ന ഭാവം നിലനിര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഭീകരവാദത്തിനെതിരെ സ്ഥിരമായ യുദ്ധം ന്യായീകരിക്കുന്നനതിന് ഇതിലൂടെ യു.എസിന് സാധിക്കും.
യഥാര്‍ത്ഥത്തില്‍ ഇതിന് വ്യത്യസ്തമായ ലക്ഷ്യങ്ങളുണ്ട്. അമേരിക്കയും യൂറോപ്പും ജപ്പാനുമടങ്ങുന്ന ത്രിമൂര്‍ത്തികള്‍ക്ക് ലോകത്തെങ്ങുമുള്ള വിഭവങ്ങള്‍ക്കുമേല്‍ നിയന്ത്രണമുറപ്പിക്കാനാവുംവിധം ആഗോളസൈനികനിയന്ത്രണം ഉറപ്പുവരുത്തുക. ഈ ഇരട്ടത്താപ്പിന്റെ മറ്റൊരു ഗുണം ഇസ്ലാമോഫോബിയ പ്രചരിപ്പിച്ച് പൊതുജനാഭിപ്രായം തങ്ങള്‍ക്കനുകൂലമായി സ്വരൂപിച്ചെടുക്കാം.
യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ഈ മേഖലയില്‍ ഇടപെടാന്‍ യാതൊരു തന്ത്രങ്ങളുമില്ല. അതിനാല്‍ തന്നെ ദൈനംദിന പ്രശ്‌നങ്ങളില്‍ അമേരിക്കക്കൊപ്പം ചലിക്കുകയേ നിവൃത്തിയുള്ളൂ. യഥാര്‍ത്ഥ ജനാധിപത്യമുള്ള ഒരു ഈജിപ്ത് രൂപപ്പെടുന്നതിനെ അമേരിക്ക ഭയക്കുന്നത് സാമ്പത്തിക ഉദാരവല്‍ക്കരണത്താല്‍ ഈജിപ്തിന്റെ ജനാധിപത്യവല്‍ക്കരണം തടയുന്നതിന് (ആത്മവഞ്ചനാപരമായ രീതിയില്‍) മുസ്ലിം ബ്രദര്‍ഹുഡിനെ ഏതറ്റംവരെയും സഹായിക്കാന്‍ അമേരിക്ക തയ്യാറാവും. യഥാര്‍ത്ഥ മാറ്റത്തിനുവേണ്ടിയുള്ള ഈജിപ്ത് ് പ്രസ്ഥാനത്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് ന്യൂനപക്ഷമാണെന്ന വസ്തുത അമേരിക്കയെ സംബന്ധിച്ച് വിഷയമേ അല്ല.
സാമ്രാജ്യത്വശക്തികളും രാഷ്ട്രീയ ഇസ്ലാമും തമ്മിലുള്ള കൂടിച്ചേരല്‍ ഈജിപ്തിനെ സംബന്ധിച്ച് പുതിയ അനുഭവമോ സവേശേഷമായ അനുഭവമോ അല്ല. മുസ്ലിം ബ്രദര്‍ഹുഡ് രൂപപ്പെട്ട 1927മുതല്‍ ഇന്നുവരെയും സാമ്രാജ്യത്വത്തിന്റെ വിശ്വസ്ത സഖ്യശക്തിയായിരുന്നു. ഈജിപ്തിലെ ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്ക് ഭീതിജനകമായ എതിരാളിയായിരുന്നു ബ്രദര്‍ഹുഡ്. ഇപ്പോള്‍ ബ്രദര്‍ഹുഡിനെ നയിക്കുന്ന ശതകോടീശ്വരന്‍മാര്‍ ജനാധിപത്യലക്ഷ്യത്തിലേക്ക് സഞ്ചരിക്കാന്‍ തീരുമാനിച്ചവരൊന്നുമല്ല. മുസ്ലിംലോകത്തെല്ലായിടത്തും രാഷ്ട്രീയ ഇസ്ലാം അമേരിക്കയുടെയും അതിന്റെ നാറ്റോ പങ്കാളികളുടെയും തന്ത്രപരമായ സഖ്യശക്തിയാണ്. തലിബാനെ ആയുധങ്ങളും സാമ്പത്തിക സഹായങ്ങളും നല്‍കി വളര്‍ത്തിയത് അമേരിക്കയാണ്. സ്വാതന്ത്ര്യപോരാളികള്‍ എന്നാണ് അക്കാലത്ത് അമേരിക്ക അവരെ വിശേഷിപ്പിച്ചിരുന്നത്. അഫ്ഗാനിസ്ഥാനിലെ ദേശീയ ജനകീയ (കമ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട ഗവര്‍മ്മെണ്ടിനെതിരെയാണ് അക്കാലത്ത് തലിബാന്‍ പോരാടിക്കൊണ്ടിരിക്കുന്നത്. സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനില്‍ ഇടപെട്ട ഘട്ടമായിരുന്നു അത്. കമ്യൂണിസ്റ്റുകാര്‍ സ്ഥാപിച്ച പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ തലിബാന്‍ അടച്ചുപൂട്ടിയപ്പോള്‍ ജനാധിപത്യവാദികളും എന്തിന് ഫെമിനിസ്റ്റുകള്‍പോലും തലിബാനെ ന്യായീകരിക്കാന്‍ രംഗത്തിറങ്ങിയിരുന്നു. പാരമ്പര്യത്തെ ബഹുമാനിക്കണം എന്നായിരുന്നു അവരുടെ വാദം.
ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡിനും ഇപ്പോള്‍ പാരമ്പര്യവാദികളായ സലഫിസ്റ്റുകളുടെ പിന്തുണയും ഗള്‍ഫ്‌രാജ്യങ്ങളില്‍ നിന്ന് ഉദാരമായ സംഭാവനകള്‍ ലഭിക്കുന്നവരാണ് ഇവര്‍. സലഫിസ്റ്റുകളും (ഇസ്ലാമിന്റെ മറ്റൊരു വ്യാഖ്യാനവും പൊറുപ്പിക്കാത്ത മതഭ്രാന്തന്‍മാരായ വഹാബികളാണിവര്‍.) അവരുടെ തീവ്രവാദത്തിന്റെ ലക്ഷണങ്ങള്‍ മൂടിവെക്കുന്നില്ല. തുടര്‍ച്ചയായി ഈജിപ്ഷ്യന്‍ വംശജരായ ക്രിസ്ത്യാനികള്‍ക്കെതിരെ കൊലപാതകമടക്കമുള്ളവ നടത്തുകയും ശത്രുതാപരമായ പ്രചരണം നടത്തുകയും ഇവരുടെ പതിവാണ്. സര്‍ക്കാറിന്റെ പരോക്ഷ പിന്തുണയില്ലാതെ അവര്‍ക്ക് പ്രവര്‍ത്തിക്കാനും കഴിയില്ല എന്നതും വ്യക്തമാണ്. പ്രത്യേകിച്ച് മുസ്ലിം ബ്രദര്‍ഹുഡിന്റെ നിയന്ത്രണത്തിലുള്ള കോടതികളുടെ പിന്‍ബലം ഇക്കൂട്ടത്തിലുണ്ട്. വിചിത്രമായ ഈ വിഭജനമാണ് മുസ്ലിം ബ്രദര്‍ഹുഡിന് മിതവാദമുഖം നല്‍കുന്നത്, വാഷിങ്ടണ്‍ വിശ്വസിക്കുന്ന രീതിയിലെങ്കിലും.
ഏതായാലും ഈജിപ്തില്‍ അക്രമാസക്തമായ ഏറ്റുമുട്ടലുകളുടെ ഒരു കാലം വരാനിരിക്കുന്നതേയുള്ളൂ. ഈജിപ്തിലെ ഇസ്ലാം ചരിത്രപരമായിത്തന്നെ മുഖ്യമായും സൂഫിപാരമ്പര്യമുള്ളതാണ്. സൂഫിസാഹോദര്യം വളരെ ശക്തമാണ്. ഇപ്പോള്‍പോലും പതിനഞ്ചു ദശലക്ഷം ഈജിപ്ഷ്യന്‍ മുസ്ലിങ്ങള്‍ സൂഫി പാരമ്പര്യത്തില്‍ വിശ്വസിക്കുന്നുണ്ട്. സൂഫിസം തുറന്നതും സഹിഷ്ണുതാപരവുമായ ഇസ്ലാമിലാണ് വിശ്വസിക്കുന്നത്. വ്യക്തികളുടെ വിശ്വാസങ്ങളില്‍ ഊന്നിപ്പറയുകയും ആചാരപരമായ പ്രയോഗങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവരാണിവര്‍. അവര്‍ പറയുന്നത് എത്ര മനുഷ്യരുണ്ടോ അത്രയും വഴികള്‍ ദൈവത്തിലേക്കുണ്ട് എന്നാണ്. സര്‍ക്കാറിന്റെ ഘടകങ്ങള്‍ സൂഫിസത്തെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. എങ്കിലും സൂഫികള്‍ക്കെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഗള്‍ഫ് രാജ്യങ്ങളിലെ വഹാബി ഇസ്ലാം സൂഫിസത്തിന്റെ എതിര്‍ ധ്രുവത്തിലാണ്. അത് ആചാരപരവും യാഥാസ്ഥിതികവും വ്യത്യസ്തവുമായ വ്യാഖ്യാനങ്ങളെയെല്ലാം ശത്രുതാപരമായി കാണുന്നതുമാണ്. അവര്‍ തെരഞ്ഞെടുത്ത ഗ്രന്ഥങ്ങള്‍ക്ക് പുറമെയുള്ളതെല്ലാം ചെകുത്താന്റെ കാര്യങ്ങളായാണ് മുദ്രകുത്തുന്നത്. വഹാബി ഇസ്ലാം പരസ്യമായിത്തന്നെ സൂഫിസത്തെ എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അധികൃതരില്‍നിന്ന് ഇതിനുള്ള സഹായവും അവര്‍ പ്രതീക്ഷിക്കുന്നു. ഇതിനോടുള്ള പ്രതികരണമായാണ് സമകാലസൂഫിസം കുറേക്കൂടി മതനിരപേക്ഷമാകാനാണ് ശ്രമിക്കുന്നത്. അവര്‍ മതത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. രാഷ്ട്രാധികാരത്തെയും അല്‍ അസര്‍ പ്രതിനിധീകരിക്കുന്ന മതാധികാരത്തെയും അവര്‍ അംഗീകരിക്കുന്നുണ്ട്. സൂഫികള്‍ ജനധിപത്യപ്രസ്ഥാനത്തിന്റെ സഖ്യശക്തികളാണ്.
വഹാബി ഇസ്ലാമിന് ഈജിപ്തില്‍ തുടക്കം കുറിച്ചത് 1920കളില്‍ റാഷിദ് റാഡയാണ്. 1927നു ശേഷം ഈ ആശയങ്ങള്‍ മുസ്ലിം ബ്രദര്‍ഹുഡിലൂടെ പ്രചരിപ്പിക്കപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനുശേഷമാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായത്. ഗള്‍ഫ് രാജ്യങ്ങളില്‍ പെട്രോളിയം കണ്ടെത്തിയതിനുശേഷമായിരുന്നു ഇത്. അമേരിക്കന്‍ പിന്തുണയോടെയാണ് ഇവരുടെ വളര്‍ച്ച. 1960കളിലെ ദേശീയ വിമോചനത്തിനുള്ള ജനകീയപ്രക്ഷോഭങ്ങള്‍ അലയടിച്ചുയരുമ്പോള്‍ സാമ്രാജ്യത്വവും മുസ്ലിം ബ്രദര്‍ഹുഡും കൈകോര്‍ത്ത് നീങ്ങി. ഇക്കാലത്ത് മുസ്ലിം ബ്രദര്‍ഹുഡിന്റെ സാമ്പത്തികശേഷി വമ്പിച്ചതോതില്‍ വികസിച്ചു.
അമേരിക്കന്‍ തന്ത്രങ്ങള്‍
മധ്യപൂര്‍വ്വദേശത്ത് 1967മുതല്‍ 2011 വരെയുള്ള കാലത്ത് മൂന്നു പ്രബലശക്തികള്‍ക്കാണ് ആധിപത്യം. ഇവ അമേരിക്ക, (വ്യവസ്ഥയുടെ പരമാധികാരിയാണിത്) സൗദിഅറേബ്യ, ഇസ്രയേല്‍ എന്നിവയാണവ. ഇവര്‍ മൂന്നുപേരും സഖ്യശക്തികളാണ് ജനാധിപത്യ ഈജിപ്ത് രൂപപ്പെടുന്നതിനെ ഇവര്‍ ഭയപ്പെടുന്നു. അത്തരമൊരു ഈജിപ്ത് സാമ്രാജ്യത്വവിരുദ്ധവും ക്ഷേമസിദ്ധാന്തത്തില്‍ വിശ്വസിക്കുന്നതും ആഗോളവല്‍കൃത ലിബറലിസത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതും ആയിരിക്കും. ഇത് സൗദിയേയും ഗള്‍ഫ് രാജ്യങ്ങളെയും അപ്രധാനമാക്കുന്നതോടൊപ്പം ജനകീയമായ അറബ് ഐക്യദാര്‍ഢ്യം പുനരുജ്ജീവിപ്പിക്കുകയും ഇസ്രയേലിന് പലസ്തീനെ അംഗീകരിക്കേണ്ടിവരികയും ചെയ്യും.
ലോകവ്യാപകമായ നിയന്ത്രണത്തിനുള്ള അമേരിക്കയുടെ മൂലക്കല്ല് ഇനി ഈജിപ്ത് ആയിരിക്കും. അമേരിക്കയുടെയും സഖ്യശക്തികളുടെയും ഇസ്രയേലിന്റെയും സൗദി അറേബ്യയുടെയും ഏകലക്ഷ്യം ഈജിപ്തിലെ ജനാധിപത്യപ്രസ്ഥാനത്തെ ദുര്‍ബ്ബലപ്പെടുത്തുക എന്നതായിരിക്കും. മുസ്ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക രാജ്യം സ്ഥാപിക്കാനാണ് അമേരിക്ക താത്പര്യപ്പെടുന്നത്. തുര്‍ക്കിയിലെ മാതൃകയെക്കുറിച്ച് മുസ്ലിം ബ്രദര്‍ഹുഡ് സംസാരിക്കുന്നുണ്ടെങ്കിലും അത് കണ്ണില്‍പ്പൊടിയിടുന്നതിനാണ് തുര്‍ക്കിയില്‍ സൈന്യത്തിന് നിര്‍ണ്ണായകസ്ഥാനമുള്ള ജനാധിപത്യരഹിതമായ തുര്‍ക്കി മാതൃകയില്‍ പക്ഷെ സെക്കുലറിസം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒബാമയുടെയും ഹിലാരിയുടെയും മനസ്സിലുള്ളത് തീര്‍ച്ചയായും പാക്കിസ്താന്റെ മാതൃകയാണ്. ഇസ്ലാമിക സേന തിരശ്ശീലക്കുപിന്നില്‍ നിന്നു നിയന്ത്രിക്കുന്ന, തെരഞ്ഞെടുക്കപ്പെട്ട ഒന്നിലേറെ ഇസ്ലാമിക രാഷ്ട്രീയകക്ഷികള്‍ക്ക് നിയന്ത്രണമുള്ള സിവിലിയന്‍ സര്‍ക്കാരാണ് അവരുടെ മനസ്സില്‍. രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും ഇസ്ലാമികവല്‍ക്കരിക്കുക, ഈജിപ്ഷ്യന്‍ വംശജരായ കൃസ്ത്യാനികളെ ഉന്‍മൂലനം ചെയ്യുക, തുടങ്ങിയവയ്ക്ക് സൗദി അറേബ്യയുടെ പിന്തുണയും ലഭിക്കും. സ്ത്രീകള്‍ക്ക് തുല്യത എന്ന രീതികൂടി നിഷേധിക്കപ്പെടണമെന്നേയുള്ളൂ.
സംഘര്‍ഷമേഖല
മാവോ ശരിയായി വിശകലനം ചെയ്തപോലെ സാമ്രാജ്യത്വനിയന്ത്രണത്തിലുള്ള മൂന്ന് വന്‍കരകള്‍ (ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍അമേരിക്ക) ന്യൂനപക്ഷമേഖലയാണ്. ലോകജനസംഖ്യയില്‍ 85% ജനങ്ങളുണ്ടെങ്കിലും സാമ്രാജ്യത്വത്തിന്റെ നിലപാട് ഇതാണ്. പക്ഷെ ഇവിടം നിരന്തരമായ വിപ്ലവവേലിയേറ്റങ്ങളുടെ മേഖലകൂടിയാണ്. മുതലാളിത്തത്തില്‍നിന്നും സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ മുന്നേറ്റത്തിന് ഈ വിപ്ലവങ്ങള്‍ ഇടയാക്കുമെന്ന് മാവോ വിലയിരുത്തുകയുണ്ടായി. അറബ്വസന്തം ഈ യാഥാര്‍ത്ഥ്യത്തെയാണ് അടയാളപ്പെടുത്തുന്നത്. സമൂര്‍ത്തമായ ബദലുകളെ വഹിക്കുന്ന വിപ്ലവങ്ങള്‍ ഒരു സോഷ്യലിസ്റ്റ് കാഴ്ചപ്പാടിനകത്ത് രൂപപ്പെടുന്നു. പക്ഷെ ഇത് അസ്ഥിരത സൃഷ്ടിക്കാനുള്ള എല്ലാ സാദ്ധ്യതയും കൂടി വഹിക്കുന്നുണ്ട്. സാമ്പത്തികവും ധനകാര്യപരവുമായ സമ്മര്‍ദ്ദങ്ങള്‍തൊട്ട് സൈനിക അട്ടിമറിവരെ സംഭവിച്ചേക്കാം. ചിലപ്പോള്‍ ഫാസിസ്റ്റ് ആയതോ അല്ലെങ്കില്‍ വ്യാജമായ ഫാസിസ്റ്റ് മുഖമുള്ളതോ അല്ലെങ്കില്‍ സൈനിക സ്വേച്ഛാധിപത്യമോ ഒക്കെ ഇവിടങ്ങളില്‍ രൂപപ്പെട്ടേക്കാം. ഒബാമയുടെ ഒരു വാക്കും വിശ്വസിക്കാനാവില്ല. ഒബാമ വ്യത്യസ്ത രീതിയില്‍ സംസാരിക്കുന്ന ബുഷ് തന്നെയാണ്. സാമ്രാജ്യത്വത്രിത്വത്തിലെ എല്ലാ നേതാക്കളുടെയും (അമേരിക്ക, പശ്ചിമയുറോപ്പ്, ജപ്പാന്‍) വാക്കുകളില്‍ ഇരട്ടത്താപ്പ് നിറഞ്ഞുനില്‍ക്കുന്നു.
അറബ്‌ലോകത്ത് എല്ലാ ജനകീയപ്രസ്ഥാനങ്ങളെയും വിശദമായി പരിശോധിക്കാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. (ടുണീഷ്യ, ലിബിയ, സിറിയ, യെമന്‍ തുടങ്ങിയവ) ഓരോ രാജ്യത്തെയും പ്രസ്ഥാനങ്ങളുടെ ഉള്ളടക്കം വ്യതിരിക്തമാണ്. അവിടങ്ങളിലെ ഭരണകൂടത്തിന്റെ സ്വഭാവവും സാമ്രാജ്യത്വവുമായുള്ള ബന്ധത്തിന്റെ സവിശേഷതകളും ആസ്പദമാക്കിയാണ് ഇത്.
ടുണീഷ്യയിലാണ് ആദ്യവെടിപൊട്ടിയത്. തീര്‍ച്ചയായും ഈജിപ്തുകാരെ ആവേശംകൊള്ളിച്ചതും ടുണീഷ്യയിലെ സംഭവവികാസങ്ങളാണ്. ടുണീഷ്യയിലെ അര്‍ദ്ധമതനിരപേക്ഷ സമൂഹത്തെ ചോദ്യംചെയ്യാന്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ലിബറല്‍ മുതലാളിത്ത മാതൃകയിലുള്ള വികസനരീതിയാണ് അവരുടെ പരിമിതി.
ലിബിയ ടുണീഷ്യയോ ഈജിപ്‌തോ അല്ല. ഗദ്ദാഫി കേവലമൊരു കോമാളി മാത്രമായിരുന്നു. പാശ്ചാത്യരെ സന്തോഷിപ്പിക്കാന്‍ വേഷം കെട്ടിക്കൊണ്ടിരുന്ന അയാള്‍ ചിലപ്പോള്‍ ദേശീയവാദിയും മറ്റുചിലപ്പോള്‍ സോഷ്യലിസ്റ്റും ഒടുവില്‍ ലിബറലും ഒക്കെയായി വേഷം മാറി. പ്രാദേശിക വാദികളും ഇസ്ലാമിസ്റ്റുകളും ഒക്കെ ഇടകലര്‍ന്നിട്ടുള്ള ലിബിയയില്‍ നാറ്റോയാണ് അന്തിമവിജയം നേടിയത്.
സിറിയയില്‍ വിപ്ലവകാരികളുടെ യഥാര്‍ത്ഥ ഉള്ളടക്കം ഇപ്പോഴും വെളിപ്പെട്ടിട്ടില്ല. സിഐഎയുടെയും മുസ്ലിം ബ്രദര്‍ഹുഡിന്റെയും ഇടപെടല്‍ ശക്തമായി ഇവിടെയുണ്ട്. സിറിയയും ഇറാനും തമ്മിലുള്ള സഖ്യം അവസാനിപ്പിച്ചാല്‍ ഗാസയിലെ ഹമ്മാസിനെയും ലബനണിലെ ഹിസ്‌ബൊള്ളയെയും തകര്‍ക്കാമെന്ന് അമേരിക്ക കണക്കുകൂട്ടുന്നുണ്ട്.