| Monday, 28th May 2012, 5:49 pm

അറബ് വസന്തം: അകവും പുറവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭാഗം 1
സമീര്‍ അമീന്‍

2011ന്റെ തുടക്കത്തില്‍ തന്നെ അറബ് ലോകത്ത് ഭരണകൂടങ്ങളുടെ തകര്‍ച്ചയും ജനങ്ങളുടെ രോഷപ്രകടനങ്ങളുമാണ് ദൃശ്യമായത്. “ദക്ഷിണ ദേശങ്ങളുടെ ഉണര്‍വ്വ്” എന്ന എന്റെ പുസ്തകത്തില്‍ സംഭവവികാസങ്ങളുടെ ആദ്യഘട്ടത്തെ മുന്‍നിര്‍ത്തി ഈ ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ വെറുതെയാകുമോ എന്ന ഉല്‍ക്കണ്ഠ  ഞാന്‍ പ്രകടിപ്പിച്ചിരുന്നു. ആദ്യത്തെ നിഗമനം ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്.

രണ്ടാംഘട്ടത്തിലെ സാര്‍വ്വദേശീയ തലത്തിലെ ജനകീയ മുന്നേറ്റങ്ങള്‍ സാമ്രാജ്യത്വ മുതലാളിത്തത്തിന്റെ പരിധിക്കപ്പുറത്തേക്ക് കടക്കുമോ എന്ന പ്രശ്‌നം അറബ് ലോകത്തും പ്രസക്തമാണ്. ഇക്കാര്യത്തില്‍ പരാജയപ്പെട്ടാല്‍ അറബ് ലോകത്തിന്റെ നില കീഴടക്കിയവരുടെ പ്രാന്തപ്രദേശങ്ങള്‍ എന്നതാവും. ലോകത്തെ രൂപപ്പെടുത്തുന്നതിലെ സജീവ പങ്കാളി എന്ന സ്ഥാനം നേടുന്നതിനെ അത് അറബ് ജനതക്കു നഷ്ടമാകും.

അറബ് ലോകത്തെ സാമാന്യവല്‍ക്കരിച്ച് അവതരിപ്പിക്കുന്നത് എപ്പോഴും അപകടകരമാണ്. ഓരോ രാജ്യത്തിന്റെയും വസ്തുനിഷ്ഠമായ വൈവിധ്യത്തെ അവഗണിക്കുകയാണ് ഫലം. അതിനാല്‍ ഞാന്‍ എന്റെ നിരീക്ഷണങ്ങള്‍ ഈജിപ്തില്‍ കേന്ദ്രീകരിക്കുകയാണ്. തുടക്കം മുതല്‍ക്കേ ആ മേഖലയുടെ രൂപീകരണത്തില്‍ പ്രധാനമായ പങ്കാളിത്തം വഹിച്ച രാജ്യമാണത്.

ആഗോളമുതലാളിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നു വന്ന ആദ്യരാഷ്ട്രമാണ് ഈജിപ്ത്. ജപ്പാനും ചൈനയ്ക്കും മുമ്പേയാണിത് സംഭവിച്ചത്. വടക്കേ ആഫ്രിക്കയുടെ കിഴക്കന്‍പ്രദേശത്ത് ഈജിപ്തിനെ പുതുക്കിപ്പണിയുകയെന്ന ദൗത്യം വൈസ്രോയി മുഹമ്മദ് അലിയാണ് ഏറ്റെടുത്തത്. കിഴക്കന്‍ അറബ് പ്രദേശത്തിനുള്ള പൊതു പദ്ധതിയായാണ് സാമ്രാജ്യത്വം ഇതിനെ കണ്ടത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മൂന്നില്‍ രണ്ടു കാലവും ഈ പരിശ്രമം തുടര്‍ന്നു. 1870കളോടെയാണ് അതിന് ജീവശ്വാസം നശ്ചലമായത്. ഖദീവ് ഇസ്മയിലിന്റെ കാലഘട്ടത്തിലായിരുന്നു ഇത്. ബ്രിട്ടന്റെ വിദേശാക്രമണം ഇതിന്റെ പരാജയത്തിന്റെ ഘടകങ്ങളിലൊന്നാണ്. അക്കാലത്തെ മുന്‍നിര വ്യവസായിക രാഷ്ട്രമായിരുന്നു ബ്രിട്ടന്‍. 1840ല്‍ ബ്രിട്ടന്‍ നടത്തിയ നാവികാക്രമണവും 1870ല്‍ ഖദീസിന്റെ ധനശേഖരങ്ങളാകെ കൊള്ളയടിച്ചതും 1882ല്‍ അന്തിമമായ സൈനികാക്രമണവും ഒക്കെ അതിന്റെ ഭാഗമായിരുന്നു. ആധുനികസ്വഭാവമുള്ള ഈജിപ്ത് രൂപപ്പെടില്ലെന്ന് ഈ ആക്രമണങ്ങളിലൂടെ ബ്രിട്ടന്‍ ഉറപ്പുവരുത്തി.

തീര്‍ച്ചയായും ഈജിപ്തിനെ ഒരാധുനികരാജ്യമാക്കുകയെന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ പദ്ധതിക്ക് അതിന്റേതായ പരിമിതികളുണ്ടായിരുന്നു. മുതലാളിത്തത്തിലൂടെയുള്ള വികാരത്തിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നു. രണ്ടാംഘട്ടത്തിലുള്ള ഈജിപ്തിന്റെ ഉയിര്‍ത്തെഴുന്നേല്പില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇത്. ആ പദ്ധതിയുടെ തന്നെ സാമൂഹ്യ വൈരുദ്ധ്യങ്ങള്‍ക്ക് അതിന്റെതായ രാഷ്ട്രീയവും സാംസ്‌കാരികവും പ്രത്യയശാസ്ത്രപരവുമായ മുന്നുപാധികള്‍ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. പക്ഷേ സാമ്രാജ്യത്വത്തിന്റെ ആക്രമണങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ആ വൈരുദ്ധ്യങ്ങളെല്ലാം മറിടകടക്കപ്പെട്ടേനെ, ജപ്പാനിലെപ്പോലെ ഉണര്‍ന്നെണീക്കവേ അടിയേറ്റ ഈജിപ്ത് നാല്‍പതുവര്‍ഷത്തോളം (1880-1920) അക്കാലത്തെ മുതലാളിത്ത, സാമ്രാജ്യത്വ വികാസത്തിനുള്ള ചൂഷണമേഖലയുടെ ഭാഗമായി താഴ്ന്നുകിടന്നു. അവിടത്തെ സ്ഥാപനങ്ങള്‍ ഇതിനനുസരിച്ച് പുനഃസംഘടിപ്പിക്കപ്പെട്ടു. ഇത് തിരിച്ചടിയായി. രാജ്യത്തിന്റെ ഉല്‍പാദനവ്യവസ്ഥക്കു താങ്ങാവുന്നതിനപ്പുറമായിരുന്നു ഇത്. രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹ്യസ്ഥാപനങ്ങള്‍ക്കും ഇതിന്റെ ഫലം നേരിടേണ്ടിവന്നു. എല്ലാ പിന്തിരിപ്പന്‍ ഘടകങ്ങളെയും മധ്യകാലസംസ്‌കാരത്തെയും വ്യവസ്ഥാപിതമായി സമൂഹത്തില്‍ ആഴത്തില്‍ വേരു പിടിക്കുകയാണുണ്ടായത്. പ്രത്യയശാസ്ത്രപരമായിത്തന്നെ അടിമബോധത്തില്‍ സമൂഹത്തെ നിലനിര്‍ത്തുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.

ഈജിപ്ഷ്യന്‍ രാഷ്ട്രവും അതിലെ ജനങ്ങളും കുലീനരും ഇത്തരത്തിലൊരു നിലപാട് അടുത്ത അരനൂറ്റാണ്ടുകാലത്തെ ഇളക്കിമറിച്ച പ്രസ്ഥാനങ്ങളുടെ രണ്ടാം വരവിന് വഴിയൊരുക്കി. 1919-1967 കാലത്ത് ഈ പ്രതിഭാസം നമുക്കും കാണാം. ഇക്കാലത്ത് തുടര്‍ച്ചയായ സമരങ്ങളും പ്രസ്ഥാനങ്ങളും രൂപപ്പെട്ടു. ഇവക്കു മൂന്നു ലക്ഷ്യങ്ങളുണ്ടായിരുന്നു. ജനാധിപത്യം, ദേശീയ സ്വാതന്ത്ര്യം, സാമൂഹിക പുരോഗതി എന്നിവയായിരുന്നു അവ. ഈ മൂന്നു ലക്ഷ്യങ്ങളും എത്രതന്നെ പരിമിതവും ചിലപ്പോഴൊക്കെ രൂപീകരണത്തില്‍ ആശയക്കുഴപ്പം നിറഞ്ഞതുമായാലും ഒന്നില്‍ നിന്ന് മറ്റൊന്നിനെ വേര്‍പെടുത്താനാകാത്തതായിരുന്നു.

ആധുനിക ഈജിപ്തിനെ ആഗോളമുതലാളിത്ത സാമ്രാജ്യത്വവുമായി സംയോജിപ്പിക്കുന്ന അക്കാലത്ത് ഈ ഐക്യം പ്രകടമായിരുന്നു. ഈ വായനയില്‍ 1955 മുതല്‍ 1967വരെയുള്ള നാസറിന്റെ കാലഘട്ടം ഇത്തരമൊരു മുന്നേറ്റത്തിന്റെ തുടര്‍ച്ചകളുടെ അന്തിമമായ അദ്ധ്യായമായിരുന്നു. 1919-1920കാലത്തു തുടങ്ങിയ വിപ്ലവത്തോടെ ആരംഭിച്ചവയാണ് ഈ മുന്നേറ്റങ്ങള്‍.

ഈജിപ്തില്‍ ഉയിര്‍ത്തെഴുന്നേല്‍പ് സമരങ്ങള്‍ക്കു ആരംഭം കുറിച്ച അരനൂറ്റാണ്ടു കാലത്തിന്റെ തുടക്കം 1919ല്‍ വാഫദിന്റെ രൂപീകരണത്തോടെയാണ്. ഭരണഘടനാപരമായ ജനാധിപത്യവും (പരിമിതമായ രാജാധിപത്യം) നടപ്പാക്കാനുള്ള രാഷ്ട്രീയമായ ആധുനികവല്‍ക്കരണത്തിന് 1923ല്‍ സ്വാതന്ത്ര്യവാഞ്ഛയോടെ മുതലാളിത്ത ശക്തികള്‍ തുടക്കമിട്ടു. പുരോഗമനപരമായ മതനിരപേക്ഷവല്‍ക്കരണം ഈ ജനാധിപത്യ രൂപത്തില്‍ അനുവദിക്കപ്പെട്ടു. (ഇത് മതനിരപേക്ഷത എന്ന കര്‍ക്കശമായ അര്‍ത്ഥത്തിലുള്ള ഒന്നായിരുന്നില്ല.) കുരിശും ചന്ദ്രക്കലയും ആലേഖനം ചെയ്ത പതാകയായിരുന്നു ഇതിന്റെ പ്രതീകം. (2011 ജനിവരി, ഫെബ്രുവരി മാസങ്ങളിലെ പ്രകടനങ്ങളുണ്ടായ ഘട്ടത്തില്‍ ഈ പതാക വീണ്ടും പ്രത്യക്ഷപ്പെടുകയുണ്ടായി). സാധാരണനിലയിലുള്ള തെരഞ്ഞെടുപ്പുകള്‍ അനുവദിക്കപ്പെട്ടു. ഈജിപ്തിലെ സ്വദേശക്രിസ്ത്യാനികള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെടുക മാത്രമല്ല രാജ്യത്തിലെ ഉയര്‍ന്ന പദവികളില്‍ അവരോധിക്കപ്പെടുകയും ചെയ്തു.

ബ്രിട്ടീഷുകാര്‍ സര്‍വ്വശക്തിയും ഉപയോഗപ്പെടുത്തി പ്രതിലോമകാരികളെ രാജാക്കന്‍മാരടക്കമുള്ളവരെപിന്തുണച്ചു. വന്‍കിട ഭൂവുടമസ്ഥര്‍, ധനികകര്‍ഷകര്‍ തുടങ്ങിയവരെയെല്ലാം ഉപയോഗപ്പെടുത്തി വാഫദിസ്റ്റ് നേതൃത്വത്തില്‍ നടപ്പിലാക്കിയ ജനാധിപത്യപുരോഗതി തടസ്സപ്പെടുത്താന്‍ അവര്‍ പരിശ്രമിച്ചു. 1930കളില്‍ സെഡ്കിപോഷയുടെ ഏകാധിപത്യം അടിച്ചേല്‍പിച്ചു. ഇതിലൂടെ 1923ലെ ജനാധിപത്യഭരണഘടനയെ ഇല്ലാതാക്കി.

സാമ്രാജ്യത്വവിരുദ്ധ നിലപാടുള്ള ജനാധിപത്യപ്രസ്ഥാനങ്ങളുടെ കുന്തമുനകളായിരുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ ഏകാധിപതിക്കെതിരെ തെരുവിലിറങ്ങി. ഈ ഭീഷണിയെ മറികടക്കാന്‍ ബ്രിട്ടീഷ് എംബസിയും രാജകൊട്ടാരവും ഒത്തുചേര്‍ന്ന് 1927-ല്‍ മുസ്ലിം ബ്രദേഴ്‌സ് എന്ന സംഘടനക്ക് തുടക്കമിട്ടു. വഹാബിസത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സലഫിസ്റ്റ് വിഭാഗത്തിന്റെ ഇസ്ലാമിക ചിന്തയാണ് മുസ്ലിം ബ്രദര്‍ഹുഡിന് പ്രചോദനമായത്. ഇതായിരുന്നു ഏറ്റവും പ്രതിലോമകരമായ ആശയങ്ങള്‍. ജനാധിപത്യവിരുദ്ധവും സാമൂഹ്യപുരോഗതിക്ക് എതിരുമായിരുന്ന ഈ ചിന്തയാണ് പുതുതായി പിറന്ന “”രാഷ്ട്രീയ ഇസ്ലാമിന””് അടിസ്ഥാനമായത്.

രണ്ടാം ലോകമഹായുദ്ധം ഉരുണ്ടുകൂടുന്നതിനിടെ മുസ്സോളിനി എത്യോപ്യ കീഴടക്കിയത് ഈജിപ്തിലെ ജനാധിപത്യശക്തികള്‍ക്ക് ചില സൗജന്യങ്ങള്‍ നല്‍കാന്‍ ബ്രിട്ടനെ നിര്‍ബന്ധിതമാക്കി. 1936ല്‍ വാഫദ് ഇതിന്റെ പാഠങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും അധികാരത്തിലെത്തി പുതിയൊരു ആംഗ്ലോ ഈജിപ്ത് കരാര്‍ ഒപ്പുവെക്കപ്പെട്ടു. രണ്ടാം ലോകയുദ്ധം അനിവാര്യമായും ഒരു നിശ്ചലത സൃഷ്ടിച്ചു. എന്നാല്‍ 1946 ഫെബ്രുവരി 21ന് തൊഴിലാളി വിദ്യാര്‍ത്ഥി മുന്നണി രൂപപ്പെട്ടതോടെ പ്രക്ഷോഭങ്ങള്‍ വീണ്ടും തുടങ്ങി.

വിപ്ലവാശയങ്ങളുടെ വരവ് തൊഴിലാളി സംഘടനകളെയും കമ്യൂണിസ്റ്റുകാരെയും അരങ്ങിലെത്തിച്ചു. ഒരിക്കല്‍ക്കൂടി ബ്രിട്ടന്റെ പിന്തുണയോടെ ഈജിപ്തിലെ പിന്തിരിപ്പന്‍മാര്‍ അക്രമമഴിച്ചുവിട്ടു. മുസ്ലിം ബ്രദര്‍ഹുഡിന്റെ പിന്തുണയോടെ സെഡ്കിപാഷയുടെ ഏകാധിപത്യം രണ്ടാം വട്ടവും സ്ഥാപിക്കപ്പെട്ടു. എന്നാല്‍ ഇത്തവണ പ്രതിഷേധപ്രസ്ഥാനങ്ങളെ നിശ്ശബ്ദരാക്കാന്‍ കഴിഞ്ഞില്ല. 1950ല്‍ തെരഞ്ഞെടുപ്പു നടത്തിയപ്പോള്‍ വാഫദ് വീണ്ടും അധികാരത്തിലേറി. 1936ലെ കരാറും സൂയസ് കനാല്‍ മേഖലയിലെ ഗറില്ലാ ആക്രമണങ്ങളും പരാജയപ്പെട്ടത് കെയ്‌റോ നഗത്തിന് തീയിട്ടുകൊണ്ടായിരുന്നു. 1952 ജനുവരിയില്‍ നടന്ന ഈ ആക്രമണത്തില്‍ മുസ്ലിം ബ്രദര്‍ഹുഡിന് ആഴമേറിയ പങ്കാളിത്തമുണ്ടായിരുന്നു.

നാസറിന്റെ വരവ്

1952ല്‍ ഫ്രീ ഓഫീസേഴ്‌സ് നടത്തിയ ആദ്യത്തെ സൈനിക അട്ടിമറിക്കു പിന്നാലെ 1954ല്‍ രണ്ടാമത്തെ അട്ടിമറിനീക്കമുണ്ടായി. ഇതോടെ നാസര്‍ നിയന്ത്രണമേറ്റെടുത്തു എങ്കിലും തലപ്പാവ് മറ്റു ചിലരുടെ കൈവശമായിരുന്നു. ഇതോടെ തുടര്‍ച്ചയായ പ്രക്ഷോഭങ്ങളും അതിനെ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമായി. മേല്‍പ്പറഞ്ഞ വിധത്തിലുള്ള ഈജിപ്ഷ്യന്‍ ഉണര്‍വ്വിന്റെ വീക്ഷണങ്ങളെല്ലാം മായ്ച്ചുകളഞ്ഞ് നാസ്സറിസം ഒരു പ്രത്യയശാസ്ത്രമെന്ന നിലയ്ക്ക് മുന്നോട്ടുവെക്കപ്പെടുകയും 1919 മുതല്‍ 1952വരെയുള്ള ചരിത്രത്തെ ഒഴുക്കിക്കളയുകയും ചെയ്തു. 1952 ജൂലൈയില്‍ ആരംഭിക്കുന്നതാണ് ഈജിപ്ഷ്യന്‍ വിപ്ലവം എന്ന ധാരണ ഉറച്ചു.

ആ ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാരായ പലരും ഈ വാദങ്ങളെ എതിര്‍ക്കുകയും ഈജിപ്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന്റെ വിപ്ലവസ്വഭാവത്തെ ഇല്ലാതാക്കാനുള്ള നീക്കമാണ് 1952ലെയും 54ലെയും സൈനിക അട്ടിമറികളെന്നു പ്രഖ്യാപിക്കുകയും ചെയ്തു. അവര്‍ പറഞ്ഞത് തെറ്റായിരുന്നില്ല. കാരണം 1955ലെ ബന്ദൂങ് സമ്മേളനശേഷമാണ് നാസ്സറിസത്തിന് സാമ്രാജ്യത്വ ഉള്ളടക്കം ലഭിച്ചത്. തുടര്‍ന്ന് നല്‍കാനുള്ള സംഭാവനകളത്രയും നാസ്സറിസം നല്‍കുകയുണ്ടായി. അന്താരാഷ്ട്രരംഗത്തെ തികഞ്ഞ സാമ്രാജ്യത്വ വിരുദ്ധ നിലപാടും (വിശാല അറബ് വിശാല-ആഫ്രിക്കന്‍ പ്രസ്ഥാനങ്ങള്‍) ചില പുരോഗമനപരമായ സാമൂഹ്യ പരിഷ്‌കാരങ്ങളും (പക്ഷേ അവയൊരിക്കലും സോഷ്യലിസ്റ്റ് ആയിരുന്നില്ല) എല്ലാ കാര്യങ്ങളും മുകളില്‍നിന്നാണ് നിര്‍വ്വഹിക്കപ്പെട്ടത്. തീരെ ജനാധിപത്യപരമായിരുന്നില്ല. ജനങ്ങള്‍ക്ക് സ്വന്തം നിലയില്‍ സംഘടിക്കാനുള്ള അവകാശമുണ്ടായിരുന്നില്ല. രാഷ്ട്രീയ ജീവിതത്തിന്റെ രൂപങ്ങള്‍ നിരോധിക്കപ്പെട്ടിരുന്നു. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ശൂന്യത നിറയ്ക്കാന്‍ രാഷ്ട്രീയ ഇസ്ലാമിനെ ക്ഷണിക്കുകകൂടിയാണ് സംഭവിച്ചത്.

കേവലം പത്തുവര്‍ഷങ്ങള്‍ മാത്രമേ (19551965) നാസറിന്റെ പദ്ധതി അതിന്റെ പുരോഗമന ഉള്ളടക്കം കാത്തുസൂക്ഷിച്ചുള്ളൂ. അതിന്റെ നിലനില്‍പ്പ് സാമ്രാജ്യത്വത്തെ (യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനായി അപ്പോഴേക്കും നേതൃത്വത്തില്‍ പ്രാദേശിക സൈനിക ഉപകരണമായ ഇസ്രായേല്‍നെ) ഉപയോഗിച്ച് ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ പ്രേരിപ്പിച്ചു. 1967ലെ യുദ്ധത്തിലെ പരാജയം അരനൂറ്റാണ്ടുകാലത്തെ വേലിയേറ്റത്തിനു തടയിട്ടു. ഇതിന്റെ പിന്‍വാങ്ങലിന് നാസ്സര്‍ തന്നെ തുടക്കമിട്ടു.

ഇന്‍ഫിദയെന്ന പേരില്‍ വലതുപക്ഷത്തിനു സൗജന്യങ്ങള്‍ നല്കി മുതലാളിത്ത ആഗോളവല്‍ക്കരണത്തിനുള്ള വഴി തുറക്കുന്നതോടെയാണ് നാസ്സര്‍ ഇതാരംഭിച്ചത്. പുരോഗമനപരമായ പരിഷ്‌കാരങ്ങള്‍ക്കു പിന്‍മടക്കമായി മറ്റു പലതിനുമൊപ്പം വിദ്യാര്‍ത്ഥിപ്രസ്ഥാനവും തിരിച്ചുപോയി. (1970ല്‍ കുറച്ചുകാലം നാസറിന്റെ മരണത്തിനു തൊട്ടുമുമ്പും പിമ്പുമായി കുറച്ചുനാളുകള്‍ ഇവര്‍ അരങ്ങുവാണു.) നാസറിന്റെ പിന്‍ഗാമിയായ സാദത്ത് വലത്തോട്ടുള്ള നീക്കം ശക്തമാക്കി. മുസ്ലിം ബ്രദര്‍ഹുഡിനെ തന്റെ പുതിയ ഏകാധിപത്യക്രമത്തില്‍ ഉള്‍ച്ചേര്‍ത്തു. മുബാറക്കും ഇതേ പാതയിലൂടെയുള്ള യാത്ര തുടര്‍ന്നു.

ഈ പിന്‍മടക്കത്തിന്റെ കാലവും ഏതാണ്ട് അരനൂറ്റാണ്ടോളമായിരിക്കുന്നു. ഈജിപ്ത് ആഗോളവല്‍ക്കരണ ലിബറലിസത്തിന്റെ അടിമയായി. ഒപ്പം അമേരിക്കന്‍ തന്ത്രങ്ങളുടെയും. മേഖലാതലത്തിലോ അന്താരാഷ്ട്രതലത്തിലോ ഒരു സജീവരാഷ്ട്രീയ ഘടകമല്ലാതായി. സ്വന്തം മേഖലയില്‍ മുഖ്യ അമേരിക്കന്‍ സഖ്യകക്ഷികളായ സൗദി അറേബ്യയും ഇസ്രയേലും മുന്‍നിര കയ്യടക്കി. ഇസ്രായേലാകട്ടെ അതിന്റെ കോളനിവല്‍ക്കരണ പ്രക്രിയ പൂര്‍ണ്ണമാകും വിധം പലസ്തീന്‍ വെട്ടിപിടിച്ചു ഈജിപ്തിന്റെയും ഗള്‍ഫ് രാജ്യങ്ങളുടെയും മനസ്സമ്മതത്തോടെയായിരുന്നു ഇത്.

നാസറിന് കീഴിലെ ഈജിപ്തില്‍ ഒരു സാമൂഹ്യസാമ്പത്തിക വ്യവസ്ഥ രൂപപ്പെട്ടിരുന്നു. അത് വിമര്‍ശനവിധേയമായിരുന്നുവെങ്കിലും സംയോജിതമായിരുന്നു. നാസര്‍ ഈജിപ്തില്‍ വ്യവസായവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കി പരുത്തി ലഭ്യതയുടെ കേന്ദ്രം മാത്രമാക്കി ഈജിപ്തിനെ നിലനിര്‍ത്താനുള്ള അന്താരാഷ്ട്ര കോളനി മേധാവിത്വത്തിന്റെ നീക്കത്തിനെതിരെയായിരുന്നു നാസറിന്റെ നീക്കം. അദ്ദേഹത്തിന്റെ സാമ്പത്തികനയം വലിയൊരു ഇടത്തരം വിഭാഗത്തിന്റെ വികാസത്തിനു പ്രേരണയായി. ബഹുജനങ്ങളെ പാപ്പരാക്കാതെയായിരുന്നു ഈ വളര്‍ച്ച.

സാറുത്തും മുബാറക്കും ഈ ഉല്പാദനവ്യവസ്ഥ പൊളിച്ചടുക്കി സ്ഥാപനങ്ങളുടെ ലാഭത്തില്‍ മാത്രം ലക്ഷ്യമിടുന്നതും സാമ്രാജ്യത്വ കുത്തകകളുടെ സഹകരാറുകാരുമായി മാറുന്നതുമായ വിഭജിത വ്യവസ്ഥയാണ് ഇവര്‍ കൊണ്ടുവന്നത്. മുപ്പതുവര്‍ഷമായി ലോകബാങ്കിന്റെ പ്രശംസ നേടിയിട്ടുള്ള ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാനിരക്ക് ഈജിപ്തിനെ സംബന്ധിച്ച് അര്‍ത്ഥരഹിതമാണ്. ഈജിപ്തിന്റെ വളര്‍ച്ച അങ്ങേയറ്റം അസന്തുലിതമാണ്. ഈ വളര്‍ച്ചക്കുപിന്നാലെ അസമത്വം വന്‍തോതില്‍ ഉയര്‍ന്നു. യുവാക്കളില്‍ ഭൂരിപക്ഷവും തൊഴില്‍ രഹിതരാണ്. അതൊരു പൊട്ടിത്തെറിയിലേക്കാണ് നയിച്ചത്.

ഹിലാരി ക്ലിന്റനെപ്പോലുള്ള അമേരിക്കന്‍ നേതൃത്വം പ്രശംസിച്ച ഭരണത്തിന്റെ സുസ്ഥിരത സാധ്യമായത് ഭീമാകാരമായ പോലീസ് സംവിധാനത്തിന്റെ പിന്തുണയോടെയാണ്. പന്ത്രണ്ടുലക്ഷം പോലീസുകാരുണ് ഈജിപ്തിലുള്ളത്. (അഞ്ചുലക്ഷം പേരേ സൈന്യത്തിലുള്ളു.) ദിവസേന ഏതു ക്രിമിനല്‍ കുറ്റവും ചെയ്യാന്‍ ലൈസന്‍സുള്ളവരാണ് ഈ പോലീസ് സേനയിലുള്ളവര്‍. സാമ്രാജ്യത്വശക്തികള്‍ അവകാശപ്പെട്ടത് ഈ ഭരണം ഈജിപ്തിനെ ഇസ്ലാമിക ഭീഷണിയില്‍ നിന്നു സംരക്ഷിക്കുന്നുണ്ടെന്നായിരുന്നു. ഇതു നിറം പിടിപ്പിച്ച നുണ മാത്രമായിരുന്നു. യഥാര്‍ത്ഥത്തില്‍ പ്രതിലോമകരമായ രാഷ്ട്രീയ ഇസ്ലാമിനെ സംയോജിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. (ഗള്‍ഫിലെ വഹാബിസ്റ്റ് മോഡലിലായിരുന്നു ഇതും.)

വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം, കോടതികളുടെ നിയന്ത്രണം, ടെലിവിഷന്‍ അടക്കമുള്ള പ്രധാനമാധ്യമങ്ങളുടെ നിയന്ത്രണം എന്നിവയെല്ലാം ഇവര്‍ക്കായിരുന്നു. അനുവദിക്കപ്പെട്ടിരുന്ന ഏക പൊതുപ്രഭാഷണം സലഫി പള്ളികളില്‍ മാത്രമായിരുന്നു. ഇസ്ലാമിസ്റ്റുകള്‍ക്കായിരുന്നു ഇതിന് അനുവാദം കിട്ടിയിരുന്നത്. പ്രതിപക്ഷമായി അഭിനയിക്കാനായിരുന്നു ഇത് അനുവദിച്ചത്. യുഎസ് ഭരണസംവിധാനത്തിന്റെ ഇരട്ടമുഖം (ഒബാമ ഇക്കാര്യത്തിലും ബുഷിനെപ്പോലെയാണ്). ഇതിന് പൂര്‍ണ്ണമായും അനുയോജ്യമായിരുന്നു. രാഷ്ട്രീയ ഇസ്ലാമിന് കിട്ടിയ ഈ പിന്തുണയുടെ ഫലം ഈജിപ്ഷ്യന്‍ സമൂഹത്തിന് ആധുനിക ലോകത്തിന്റെ വെല്ലുവിളികളെ നേരിടാനുള്ള ശേഷി നഷ്ടപ്പെടുത്തി.

വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും അപകടകരമാം വിധമുള്ള തകര്‍ച്ചയാണ് ഇതു സൃഷ്ടിച്ചത്. പലപ്പോഴും ഇസ്ലാമിസ്റ്റുകളുടെ അതിക്രമങ്ങളെ (ക്രിസ്ത്യാനികളെ കൊലപ്പെടുത്തലും മറ്റും) അപലപിച്ചുകൊണ്ട് വാഷിങ്ടണ്‍ അതിന്റെ സൈനിക ഇടപെടലുകളെ ഭീകരവാദത്തിനെതിരായ യുദ്ധമെന്ന് സ്വയം പ്രഖ്യാപിച്ച് ന്യായീകരിച്ചുകൊണ്ടിരിക്കുന്നു. മുബാറക് ഭരണം സേഫ്റ്റി വാള്‍വ് കണ്ടെത്തിയത് ദരിദ്രരെയും ഇടത്തരക്കാരെയും തൊഴിലാളികളെന്ന നിലയില്‍ വലിയതോതില്‍ പെട്രോളിയം ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റി അയച്ചാണ്. ഇതിലൂടെ ഭരണം സഹനീയമാണെന്ന തോന്നലുണ്ടാക്കി. ഈ സംവിധാനം ദുര്‍ബലമായപ്പോള്‍ (ഏഷ്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ അറബ് രാജ്യങ്ങളില്‍ എത്തിച്ചേര്‍ന്നപ്പോള്‍) ഈജിപ്തില്‍ വിമതപ്രസ്ഥാനങ്ങള്‍ വീണ്ടും പിറന്നു.

2007ലെ തൊഴിലാളി പണിമുടക്കുകള്‍ (ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ അമ്പതുകൊല്ലത്തിനുള്ളില്‍ നടന്ന ഏറ്റവും വലിയ പണിമുടക്കായിരുന്നു ഇത്. ചെറുകിടകര്‍ഷകര്‍ കാര്‍ഷിക മൂലധനം ചോര്‍ത്തിയെടുക്കുന്നതിനെ ചെറുത്തു സമരരംഗത്തെത്തിയത്, ഇടത്തരക്കാര്‍ക്കിടയില്‍ ജനാധിപത്യസ്വഭാവമുള്ള പ്രതിഷേധ ഗ്രൂപ്പുകള്‍ രൂപപ്പെട്ടത് (കെഫായ, ഏപ്രില്‍ 6 പ്രസ്ഥാനം തുടങ്ങിയവ) വരാനിരിക്കുന്ന വിസ്‌ഫോടനത്തിന്റെ സൂചനകളായി. ഈജിപ്തുകാര്‍ ഏറെക്കാലമായി പ്രതീക്ഷിച്ചുകൊണ്ടിരുന്നതും വിദേശനിരീക്ഷകര്‍ക്ക് അന്ധാളിപ്പുണ്ടാക്കിയതുമായ ഈ സംഭവവികാസങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള സമരങ്ങളിലെ പുതിയൊരു ഘട്ടം കുറിക്കുന്നു. ഇതിന്റെ ദിശയും വികാസത്തിനുള്ള അവസരങ്ങളും നമുക്ക് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഘടകങ്ങള്‍

ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈജിപ്ഷ്യന്‍ വിപ്ലവം നിയോലിബറല്‍ വ്യവസ്ഥയുടെ പരാജയം മുന്‍കൂട്ടി കണ്ടതുകൊണ്ടു കൂടിയാണ് സവിശേഷത നേടിയെടുത്തത്. നിയോലിബറല്‍ വ്യവസ്ഥയുടെ എല്ലാ മേഖലകളെയും അത് പിടിച്ചുകുലുക്കി. രാഷ്ട്രീയം, സാമ്പത്തികം, സാമൂഹ്യം എന്നിങ്ങനെ മാനങ്ങളുള്ള ഒന്നാണിത്. ഈജിപ്തിലെ ജനങ്ങളുടെ ഈ മഹാപ്രസ്ഥാനം മൂന്നു ഘടകങ്ങളിലുള്ളതാണ്. ആധുനികമായ മാര്‍ഗ്ഗങ്ങളിലൂടെ പുനര്‍രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ചെറുപ്പക്കാര്‍ (സ്വയം കണ്ടുപിടിച്ച വഴികളിലൂടെയാണിവര്‍ സഞ്ചരിക്കുന്നത്) വിപ്ലവ ഇടതുപക്ഷ ശക്തികള്‍ മധ്യവര്‍ഗ്ഗക്കാരായ ജനാധിപത്യശക്തികള്‍ എന്നിവയാണവ.

ചെറുപ്പക്കാരാണ് പത്തുലക്ഷത്തോളം പ്രവര്‍ത്തകര്‍ ഈ പ്രസ്ഥാനത്തിന്റെ കുന്തമുന. ഇവര്‍ക്കൊപ്പം വിപ്ലവ ഇടതുപക്ഷവും ഇടത്തരക്കാരായ ജനാധിപത്യവാദികളും അണിനിരന്നു. ആദ്യത്തെ നാലു ദിവസം പ്രകടനങ്ങളില്‍നിന്നു വിട്ടുനില്‍ക്കാന്‍ ആഹ്വാനം നല്‍കിയ മുസ്ലിം ബ്രദര്‍ഹുഡ് (ആ ദിവസങ്ങളില്‍ പ്രകടനങ്ങള്‍ക്കു നേരെ അടിച്ചമര്‍ത്തല്‍ ശ്രമം ശക്തമായിരുന്നു) അതിന്റെ ശക്തി തിരിച്ചറിഞ്ഞപ്പോഴാണ് പ്രസ്ഥാനത്തെ അംഗീകരിച്ചത്. ഈജിപ്ഷ്യന്‍ ജനതയാകെ പ്രസ്ഥാനത്തോടൊപ്പം അണിനിരന്നപ്പോഴാണ് പതിനഞ്ചു ലക്ഷത്തോളം പേര്‍ അണിനിരന്ന പ്രസ്ഥാനമായി വളര്‍ന്നപ്പോഴായിരുന്നു ഈ മാറ്റം.

ചെറുപ്പക്കാരും വിപ്ലവ ഇടതുപക്ഷവും മൂന്നുകാര്യങ്ങളില്‍ യോജിപ്പുള്ളവരായിരുന്നു. ജനാധിപത്യത്തിന്റെ പുനസ്ഥാപനം (പോലീസിന്റെയും സൈന്യത്തിന്റെയും ഭരണം അവസാനിപ്പിക്കുക), സാധാരണ ജനങ്ങള്‍ക്കനുകൂലമായ പുതിയ സാമ്പത്തിക സാമൂഹ്യനയം നടപ്പാക്കല്‍ (ആഗോളവല്‍കൃത ലിബറലിസത്തിന് കീഴടങ്ങുന്നതില്‍നിന്നും വിട്ടുനില്‍ക്കുക), സ്വതന്ത്രമായ വിദേശനയം നടപ്പാക്കല്‍, (അമേരിക്കന്‍ മേധാവിത്വം അംഗീകരിച്ച് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കീഴടങ്ങി യുഎസിന്റെ സൈനിക നിയന്ത്രണം ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുക) എന്നിവയായിരുന്നു അവ. അവര്‍ ആഹ്വാനം ചെയ്ത ജനാധിപത്യവിപ്ലവം ജനാധിപത്യപരവും സാമുഹ്യവും സാമ്രാജ്യത്വ വിരുദ്ധവുമായ വിപ്ലവമാണ്.

ചെറുപ്പക്കാരുടെ പ്രസ്ഥാനം അതിന്റെ സാമൂഹിക ഉള്ളടക്കത്തില്‍ വ്യത്യസ്തവും അതിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പ്രകടനങ്ങളില്‍ ആകെക്കൂടി ഇടതുപക്ഷത്തെ ആശ്രയിക്കുന്നതുമാണ്. അതിന്റെ ശക്തവും സ്വാഭാവികവുമായ വിപ്ലവഇടതുപക്ഷത്തോടുള്ള കൂറ് ഇക്കാര്യം വ്യക്തമാക്കുന്നു.

മധ്യവര്‍ഗ്ഗക്കാരാകട്ടെ, പൊതുവില്‍ ജനാധിപത്യലക്ഷ്യത്തോടാണ് താല്പര്യം പുലര്‍ത്തുന്നത്. കൃത്യമായി കമ്പോളത്തെ ലക്ഷ്യമിടുന്നവര്‍ ഈജിപ്തിന്റെ സാര്‍വ്വദേശീയ ചായ്‌വിനെ ലക്ഷ്യമാക്കുന്നതോ അല്ല അവരുടെ നിലപാട്.

ബ്ലോഗര്‍മാരുടെ സംഘങ്ങളുടെ സ്വാധീനവും അവഗണിക്കാവുന്ന ഒന്നല്ല. ബോധപൂര്‍വ്വമോ അല്ലാതെയോ സിഐഎ രൂപപ്പെടുത്തിയ ഒരു ഗൂഢാലോചന ഇതില്‍ നിഴലിച്ചിട്ടുണ്ട്. സമ്പന്നവിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാരാണ് ബ്ലോഗുകളുടെ രൂപരചന നടത്തിയവരില്‍ ഭൂരിപക്ഷവും. അങ്ങേയറ്റം അമേരിക്കാവല്‍കൃതരാണ് ഇവര്‍. നിലവിലുള്ള ഏകാധിപത്യത്തിന്റെ എതിരാളികളായി ഇവര്‍ സ്വയം പ്രദര്‍ശിപ്പിക്കുന്നില്ല. ജനാധിപത്യമെന്ന പ്രമേയം വാഷിങ്ടണ്‍ വികൃതമാക്കി അവതരിപ്പിച്ച വ്യാഖ്യാനത്തിന് ഇണങ്ങുന്ന വിധത്തിലാണ് ഇന്റര്‍നെറ്റ് ചര്‍ച്ചകളില്‍ നിറഞ്ഞത്. ഈ യാഥാര്‍ത്ഥ്യം ഇവര്‍ പ്രതിവിപ്ലവകാരികളുടെ ശൃംഖലയില്‍ പെടുന്നവരാണെന്ന് വെളിപ്പെടുത്തുന്നു. വാഷിംഗ്ടണ്‍ ചിട്ടപ്പെടുത്തിയ രീതി ജനാധിപത്യ വിപ്ലവങ്ങളെ കിഴക്കന്‍യൂറോപ്പിലെ നിറമുള്ള വിപ്ലവങ്ങളുടെ മാതൃകയിലാണ് ഇവര്‍ ചിത്രീകരിച്ചത്. ഈ ഗൂഢാലോചന ജനകീയ വിപ്ലവങ്ങളുടെ പിന്നാമ്പുറത്താണുള്ളതെന്ന് ചിന്തിക്കുന്നത് തെറ്റാകും. സിഐഎ ആഗ്രഹിക്കുന്നതും ഈ പ്രസ്ഥാനത്തിന്റെ ദിശ പിന്തിരിപ്പിക്കാനാണ്. പുരോഗമനപരമായ സാമൂഹ്യപരിവര്‍ത്തനമെന്ന ലക്ഷ്യത്തില്‍ നിന്ന് പ്രക്ഷോഭകാരികളെ പിന്തിരിപ്പിച്ച് അവരെ പല പാതകളിലേക്ക് ഓടിക്കുകയാണ് ലക്ഷ്യം.

വ്യതിരിക്തതയുള്ള ഘടകങ്ങളെ ഒന്നിപ്പിക്കുന്നതില്‍ ഈ പ്രസ്ഥാനം പരാജയപ്പെട്ടാല്‍ സിഐഎയുടെ ലക്ഷ്യം വിജയിക്കാനിടയുണ്ട്. പൊതുവായ തന്ത്രപരമായ ലക്ഷ്യങ്ങളും ഫലപ്രദമായ സംഘടനാരൂപങ്ങളും പ്രവര്‍ത്തനങ്ങളും കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ഇത് സംഭവിക്കും. ഇത്തരം പരാജയങ്ങളുടെ ഉദാഹരണങ്ങള്‍ ഏറെയുണ്ട്. ഇന്തോനേഷ്യയിലും ഫിലിപ്പൈന്‍സിലും ഇതു സംഭവിച്ചിട്ടുണ്ട്. ഈ ബ്ലോഗര്‍മാര്‍ അറബിക്കിനേക്കാള്‍ ഇംഗ്ലീഷിലാണ് ഇവര്‍ എഴുതുന്നത് അമേരിക്കന്‍ മാതൃകയിലുള്ള ജനാധിപത്യത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡിനെ ന്യായീകരിക്കുന്ന വാദഗതികള്‍ ഇവര്‍ അവതരിപ്പിക്കുന്നുണ്ട്.

പ്രകടനങ്ങള്‍ നടത്തുന്നതിന് മുമ്പെ സൂചിപ്പിച്ച മൂന്ന് ഘടകങ്ങളും നല്കിയ ആഹ്വാനത്തെ ഈജിപ്തിലെ ജനങ്ങള്‍ ഏറ്റെടുത്തു. ആദ്യദിവസങ്ങളിലെ കടുത്ത അടിച്ചമര്‍ത്തല്‍ (ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു.) ചെറുപ്പക്കാരെയും സഖ്യശക്തികളെയും പിന്‍മടങ്ങാന്‍ പ്രേരിപ്പിച്ചില്ല. (ഒരു ഘട്ടത്തിലും ഇവര്‍ മറ്റുചില പ്രദേശങ്ങളിലെപ്പോലെ പാശ്ചാത്യ ശക്തികളെ സഹായത്തിന് ക്ഷണിച്ചില്ല) അവരുടെ ധീരത അസാമാന്യ മായിരുന്നു. ചെറുതും വലുതുമായ നഗരങ്ങളിലും ജില്ലകളിലും നിന്ന് പതിനഞ്ചുലക്ഷം പേരെ പകലും രാത്രിയും പ്രകടനങ്ങളില്‍ ഇവര്‍ അണിനിരന്നു. ഇവരുടെ അഭൂതപൂര്‍വ്വമായ രാഷ്ടീയ വിജയം ചുറ്റുപാടും ഭയം ജനിപ്പിച്ചു. ഒബാമയും ഹിലാരി ക്ലിന്റണും മുബാറക്കിനെ കൈയൊഴിയണമെന്ന് ബോധ്യമായി. ഇത്രയും കാലം പിന്തുണച്ചുകൊണ്ടിരുന്ന അവര്‍ക്ക് മറ്റുവഴിയുണ്ടായിരുന്നില്ല. അതേസമയം തന്നെ സൈനികമേധാവികള്‍ നിശ്ശബ്ദത വെടിയുകയും ജനങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള ചുമതല ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇതിലൂടെ അവര്‍ സ്വന്തം ഇമേജ് കാത്തുസൂക്ഷിച്ചു. അങ്ങനെ മുബാറക്കിനെയും ചില പ്രധാനപ്പെട്ട വൈതാളികരെയും പുറന്തള്ളുകയും ചെയ്തു.

ഈ പ്രസ്ഥാനത്തിന്റെ സാമാന്യവല്‍ക്കരണം മുഴുവന്‍ ഈജിപ്തുകാരെയും ഉള്‍ക്കൊള്ളുക എന്നത് ഗുണപരമായ ഒരു വെല്ലുവിളിയായിരുന്നു. ഏതൊരു ജനതയെയുംപോലെ ഇവര്‍ക്കും ഏകീകൃതമായ ഒരു ഘടകം രൂപപ്പെടുത്തുക എന്ന ലക്ഷ്യം അകലെയാണ്. ഇതിലെ ചില മുഖ്യഘടകങ്ങള്‍ വിപ്ലവല്‍ക്കരണമെന്ന ലക്ഷ്യത്തിന് കരുത്തുപകരുന്നതാണ്. അഞ്ചുലക്ഷം വരുന്ന തൊഴിലാളികളുടെ കടന്നുവരവ് ഈ യുദ്ധത്തെ നിര്‍ണ്ണായകമാക്കും. എണ്ണമറ്റ പണിമുടക്കുകളിലൂടെ യുദ്ധോത്സുകരായ തൊഴിലാളികള്‍ 2007ല്‍ ആരംഭിച്ച സംഘടനകളില്‍ ശക്തിപ്പെടുത്തുന്നതിനാണ് ഇത് സഹായിച്ചത്. അമ്പതിലേറെ സ്വതന്ത്രയൂണിയനുകള്‍ നിലവിലുണ്ട്.

ഭൂപരിഷ്‌കാര നിയമങ്ങള്‍ റദ്ദാക്കിയതിലൂടെ ചെറുകിട കര്‍ഷകരുടെ ആസ്തി തട്ടിയെടുക്കുന്നതിനെതിരെയുള്ള കര്‍ഷകപ്രതിഷേധവും ഈ പ്രസ്ഥാനത്തെ വിപ്ലവല്‍ക്കരിക്കുന്ന മറ്റൊരു ഘടകമാണ്. (മുസ്ലിം ബ്രദര്‍ഹുഡ് പാര്‍ലമെന്റില്‍ ഭൂപരിഷ്‌കാരനിയമത്തിനെതിരെയാണ് വോട്ടുചെയ്തത്. സ്വകാര്യസ്വത്ത് പവിത്രമല്ലെന്ന് ചൂണ്ടിക്കാട്ടി ഈ നിയമം സാത്താന്‍ (കമ്യൂണിസ്റ്റ്)പ്രേരിപ്പിച്ചതിന്റെ ഫലമാണെന്നാണ് അവര്‍ വാദിച്ചത്. മറ്റൊരു പ്രധാന സംഗതി വലിയൊരളവില്‍ ദരിദ്രജനവിഭാഗങ്ങള്‍ 2011 ഫെബ്രുവരിയിലെ പ്രകടനങ്ങളില്‍ പങ്കാളികളായി എന്നതാണ്. വിപ്ലവത്തെ സംരക്ഷിക്കാനുള്ള അയല്‍പക്ക ജനകീയ സമിതികളില്‍ ഇവര്‍ അണിനിരന്നു. ഇവരുടെ താടിയും മുഖപടവും വേഷവിധാനവുമൊക്കെ, ദരിദ്രജനവിഭാഗങ്ങളായ ഇവരെ ഈജിപ്തിലെ ഇസ്ലാമിക ജനസമൂഹത്തിന്റെ ആഴങ്ങളിലെ പ്രാതിനിധ്യമായി തിരിച്ചറിയാനും മുസ്ലിം ബ്രദര്‍ഹുഡിന്റെ സംഘാടനമായി അറിയപ്പെടാനും ഇടയാക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇവര്‍ രംഗത്തെത്തിയത് തടയാനാകാതെ കുഴങ്ങുകയാണ് മുസ്ലിം ബ്രദര്‍ഹുഡ് നേതൃത്വം. ഇതിനിടയില്‍ വലിയൊരു ഓട്ടപ്പന്തയമുണ്ട്. മുസ്ലിം ബ്രദര്‍ഹുഡിനും അവരുടെ സലഫിസ്റ്റ് ഇസ്ലാമിക സുഹൃത്തുക്കള്‍ക്കും ജനാധിപത്യസഖ്യവുമായി ഫലപ്രദമായ ഐക്യമുണ്ടാക്കാനും ആശയക്കുഴപ്പമുള്ള ബഹുജനങ്ങളെ (എനിക്കിഷ്ടമില്ലാത്ത പദമാണിത്) “അവരുടെ അച്ചടക്കത്തിന് വിധേയമാക്കാനും കഴിയുമോ?

തൊഴിലാളികളുടെയും ജനാധിപത്യശക്തികളുടെയും ഐക്യനിര രൂപപ്പെടുത്തുകയെന്ന ലക്ഷ്യം ഈജിപ്തില്‍ സാധ്യമായിട്ടുണ്ട്. 2011 ഏപ്രിലില്‍ സോഷ്യലിസ്റ്റ് ലക്ഷ്യമുള്ള നാല് പാര്‍ട്ടികള്‍, ഈജുപ്ഷ്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും പോപ്പുലര്‍ ഡമോക്രാറ്റിക് സഖ്യവും മുന്‍കാലത്തെ വിശ്വസ്ത ഇടതുപക്ഷങ്ങളുടെ അംഗങ്ങളില്‍ ഭൂരിപക്ഷവും ഇതിലുണ്ട്. തഗാമുപാര്‍ട്ടി, ഡമോക്രാറ്റിക് ലേബര്‍പാര്‍ട്ടി “ട്രോട്‌സ്‌കീയിസ്റ്റ്” സോഷ്യലിസ്റ്റ് റവല്യൂഷനറി പാര്‍ട്ടി, ഈജിപ്ഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (തഗാമു പാര്‍ട്ടിയിലെ ഒരു ഘടകമായിരുന്നു ഇത്) എന്നിവ ചേര്‍ന്ന് സോഷ്യലിസ്റ്റ് ശക്തികളുടെ ഐക്യം രൂപപ്പെടുത്തി പൊതു ലക്ഷ്യങ്ങളില്‍ യോജിച്ചുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സമാന്തരമായി ഒരു ദേശീയ കൗണ്‍സില്‍ (മജ്‌ലിസ് വദാനി) രൂപീകരിച്ച് സജീവപ്രവര്‍ത്തനവും ആരംഭിച്ചിരുന്നു. ഇതില്‍ സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള പാര്‍ട്ടികള്‍ക്കൊപ്പം വിശാലമായ ജനാധിപത്യകക്ഷികളും സ്വതന്ത്രട്രേഡ് യൂണിയനുകളും കര്‍ഷക സംഘടനകളും യുവജനങ്ങളുടെ സംഘടനകളും നിരവധി സാമൂഹിക സംഘടനകളും ഉള്‍പ്പെടുന്നു. 150അംഗങ്ങളുള്ള കൗണ്‍സിലില്‍ പങ്കാളികളാവാന്‍ മുസ്ലിം ബ്രദര്‍ഹുഡ് അടക്കമുള്ള വലതുപക്ഷ പാര്‍ട്ടികള്‍ വിസമ്മതിച്ചു. തങ്ങളുടെ പ്രസിദ്ധമായ വിപ്ലവവിരുദ്ധ മനോഭാവം തുടരുകയാണെന്ന് അവര്‍ ഇതിലൂടെ വ്യക്തമാക്കി.

(പ്രസിദ്ധ ഈജിപ്ഷ്യന്‍ സാമ്പത്തിക വിദഗ്ദനാണ് ലേഖകന്‍)

(തുടരും)

We use cookies to give you the best possible experience. Learn more