കോഴിക്കോട്: കെ.എം. ഷാജിയുടെ കാര്യത്തിൽ എടുത്ത അതേ നിലപാട് തന്നെയാണ് കാരാട്ട് റസാക്കിന്റെ കാര്യത്തിലും തനിക്കുള്ളതെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. റസാക്കിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈകോടതി വിധിക്കെതിരെ സുപ്രിംകോടതിയിൽ നിന്ന് സ്റ്റേ ലഭിക്കാത്ത പക്ഷം അദ്ദേഹത്തെ അയോഗ്യനാക്കി തീരുമാനം പ്രഖ്യാപിക്കുമെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വ്യക്തമാക്കുന്നു. മുൻപ് കെ.എം. ഷാജി സഭയിൽ വരുന്നത് തടഞ്ഞത് നിയമപരമായ ബാധ്യത പാലിക്കുവാൻ വേണ്ടി മാത്രമായിരുന്നെന്നും സ്പീക്കർ പറഞ്ഞു.
“കെ.എം. ഷാജിക്ക് സുപ്രീം കോടതിയെ സമീപിക്കുന്നതിന് ഹൈകോടതി ഒരു മാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈകോടതി സുപ്രിംകോടതിയെ സമീപിക്കാൻ 15 ദിവസം സമയം അനുവദിച്ചിരുന്നു. എന്നാൽ ആ കാലയളവിനുള്ളിൽ സ്റ്റേ സമ്പാദിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഷാജിയെ സഭയിൽ വരുന്നതിൽ നിന്ന് വിലക്കിയത്.” ശ്രീരാമകൃഷ്ണൻ പറയുന്നു. ഇതേ നടപടി തന്നെയാകും റസാക്കിന്റെ കാര്യത്തിലും സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read ആലപ്പാട്ടെ സമരം അവസാനിപ്പിക്കണമെന്ന് സർക്കാർ; സീ വാഷിങ് നിർത്തി വെക്കും
വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പ്രചാരണം നടത്തിയെന്ന് പരാതിയിലാണ് കൊടുവള്ളി എം.എൽ.എ കാരാട്ട് റസാക്കിന്റെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. മണ്ഡലത്തിലെ വോട്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റസാക്കിനെതിരെ നടപടിയെടുത്തത്.
കടപ്പാട്: മാധ്യമം ഓൺലൈൻ