| Tuesday, 7th February 2023, 9:08 am

അവരും ദൈവത്തിന്റെ മക്കള്‍; സ്വവർ​ഗാനുരാ​ഗം ക്രിമിനല്‍ കുറ്റമാക്കുന്നത് തെറ്റ്; എല്‍.ജി.ബി.ടി.ക്യൂവിന് പിന്തുണയുമായി ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് പിന്നാലെ സ്വവർ​ഗാനുരാ​ഗത്തെ ക്രിമിനല്‍ കുറ്റമാക്കുന്നതിനെ അപലപിച്ച് ക്രിസ്ത്യന്‍ സഭാ നേതൃത്വം. ആംഗ്ലിക്കല്‍ ചര്‍ച്ചിലെ കാന്റര്‍ബറി ആര്‍ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി, ചര്‍ച്ച് ഓഫ് സ്‌കോട്ട്‌ലന്റിന്റെ പ്രസ്ബിറ്റീരിയന്‍ മോഡറേറ്റര്‍ റവ. ലെയ്ന്‍ ഗ്രീന്‍ഷീല്‍ഡ്‌സ് എന്നിവരാണ് സ്വവര്‍ഗാനുരാഗത്തിനെതിരായ നിയമങ്ങളെ അപലപിച്ച് രംഗത്തെത്തിയത്.

സുഡാനിലെ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു എല്‍.ജി.ബി.ടി.ക്യു അവകാശങ്ങളെ കുറിച്ചുള്ള നേതൃത്വത്തിന്റെ പരാമര്‍ശം.

സ്വവര്‍ഗാവുരാഗം ക്രിമിനല്‍ കുറ്റമാണെന്ന് പറയുന്നത് പാപമാണെന്നും, സ്വവര്‍ഗാനുരാഗിയാകുന്നത് തെറ്റായ കാര്യമല്ലെന്നും നേതൃത്വം വ്യക്തമാക്കി. സ്വവര്‍ഗാനുരാഗികളായവരും ദൈവത്തിന്റെ മക്കളാണ്. അവരെ പള്ളികളിലേക്ക് സ്വാഗതം ചെയ്യേണ്ടതുണ്ടെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.

‘സ്വവര്‍ഗാനുരാഗികളായ മക്കളെ മാതാപിതാക്കള്‍ വീടുകളില്‍ നിന്ന് പുറത്താക്കരുത്. അവരും ദൈവത്തിന്റെ മക്കളാണ്. ദൈവം പറഞ്ഞത് എല്ലാ മനുഷ്യരേയും സ്‌നേഹിക്കണമെന്നാണ്. കണ്ടുമുട്ടുന്നവരെയെല്ലാം സ്‌നേഹിക്കുക എന്നല്ലാതെ മറ്റൊന്നും സുവിശേഷങ്ങളില്‍ പറഞ്ഞതായി വായിച്ചിട്ടില്ല.

ഒരു ക്രിസ്ത്യന്‍ മത വിശ്വാസി എന്ന നിലക്ക് എല്ലാ മനുഷ്യരോടും നമുക്ക് ചെയ്യാനാകുന്നതും അതുതന്നെയാകണം,’ ചര്‍ച്ച് ഓഫ് സ്‌കോട്ട്ലന്റിന്റെ പ്രസ്ബിറ്റീരിയന്‍ മോഡറേറ്റര്‍ റവ. ലെയ്ന്‍ ഗ്രീന്‍ഷീല്‍ഡ്സ് പറഞ്ഞു.

അതേസമയം സ്വവര്‍ഗ വിവാഹം പിന്തുണക്കുന്നുണ്ടെങ്കിലും പള്ളികള്‍ അത് അംഗീകരിച്ചിട്ടില്ലെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍, ട്രാന്‍സ് ആന്‍ഡ് ഇന്റര്‍സെക്‌സ് അസോസിയേഷന്റെ കണക്ക് പ്രകാരം 66 രാജ്യങ്ങള്‍ സ്വവര്‍ഗ വിവാഹത്തെ ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്. ഇത് ശരിയല്ലെന്നും അവരും ദൈവത്തിന്റെ മക്കളാണെന്നും പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി.

Content Highlight: Same sex marriages should not be criminalised says christian leaders

We use cookies to give you the best possible experience. Learn more