| Monday, 14th September 2020, 5:44 pm

'സ്ത്രീയും പുരുഷനും തമ്മിലുള്ളതാണ് വിവാഹം, സ്വവര്‍ഗ വിവാഹം നമ്മുടെ സംസ്‌കാരത്തിന് എതിരാണ്'; കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 1956 ലെ ഹിന്ദു വിവാഹനിയമ പ്രകാരം ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാട്.

നമ്മുടെ നിയമവും മൂല്യങ്ങളും സാമൂഹ്യാവസ്ഥയും വിവാഹം എന്നത് വിശുദ്ധകര്‍മമായാണ് കണക്കാക്കുന്നത്. ഒരേ ലിംഗത്തില്‍പ്പെട്ട ദമ്പതിമാരെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹത്തിന് സാധിക്കില്ല- സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.

ഹിന്ദു വിവാഹ നിയമപ്രകാരം ഇത്തരം വിവാഹങ്ങള്‍ അനുവദിച്ചാല്‍ അത് നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധമാകുമെന്നും സോളിസിറ്റര്‍ ജനറലായ തുഷാര്‍ മേത്ത വ്യക്തമാക്കി.

ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹത്തില്‍ ഏര്‍പ്പെടുന്നവര്‍ സ്ത്രീയും പുരുഷനുമായിരിക്കണം. മറ്റുള്ള വിവാഹങ്ങളെല്ലാം നിരോധിക്കപ്പെട്ടതാണ്.

സ്വവര്‍ഗാനുരാഗികളേയും ലെസ്ബിയനുകളെയും നിലവില്‍ നിയമപരമായ വിലക്കില്‍ നിന്ന് ഒഴിവാക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയും തുഷാര്‍ മേത്ത കോടതിയില്‍ ഹാജരാക്കിയിരുന്നു.

സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് ഇല്ലാതെ സ്വവര്‍ഗ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അബിജിത് അയ്യര്‍ മിത്ര എന്ന വ്യക്തിയും മറ്റ് കുറച്ച് പരാതിക്കാരും നല്‍കിയ ഹരജിയിന്‍മേലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമപരമായ തടസ്സങ്ങളില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാത്തത് ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന നടപടിയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളോ മറ്റ് തെളിവുവളോ കോടതിക്ക് മുന്നില്‍ ഹാജരാക്കാന്‍ ഹരജിക്കാരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഒക്ടോബറില്‍ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: same sex marriage wont allow says union government

We use cookies to give you the best possible experience. Learn more