| Thursday, 2nd November 2023, 10:05 am

സ്വവര്‍ഗ വിവാഹം; സുപ്രീകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നിഷേധിച്ച വിധിക്കെതിരെ സുപ്രീംകോടതിയില്‍ പുനഃപരിശോധനക്കായുള്ള ഹരജി സമര്‍പ്പിച്ചു. വിധി തങ്ങളുടെ അവകാശങ്ങളെ നിഷേധിക്കുന്നുവെന്നും പരിശോധിച്ച് തിരുത്തേണ്ടതാണെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഹരജി നല്‍കിയിരിക്കുന്നത്. ഹരജിക്കാരിലൊരാളായ ഉദിത് സൂദാണ് കോടതി രജിസ്ട്രിയില്‍ പുനഃപരിശോധന ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

വിവേചനത്തിലൂടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും സമത്വം നിലനിര്‍ത്തുന്നതില്‍ അധികൃതര്‍ പരാജപെട്ടുവെന്നും ഹരജിയില്‍ പറഞ്ഞു. അതിനാല്‍ ഭൂരിപക്ഷ വിധി തെറ്റാണെന്നും വീണ്ടും പരിശോധിക്കേണ്ടതാണെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

വിധിയില്‍ വിഭിന്ന ലിംഗക്കാര്‍ക്ക് നിയമപരമായ അനൂകൂല്യങ്ങളും സംരക്ഷണ വലയവും നല്‍കുന്നുണ്ടെന്നും അതില്‍ നിന്ന് വിഭിന്നലിംഗേതര യൂണിയനുകളില്‍ ജീവിക്കുന്നവരെ ഒഴിവാക്കാക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

വിവാഹത്തിന്റെ അര്‍ത്ഥം നിര്‍വചിക്കാന്‍ പുറമെയുള്ള ഒരാള്‍ക്ക് കഴിയില്ലെന്നും, കരാറും തടവുശിക്ഷയും പോലെയുള്ള നിര്‍ബന്ധിത ഭരണകൂട നടപടികളാല്‍ പ്രായപൂര്‍ത്തിയായ ഒരാളുടെ വിവാഹം കഴിക്കാനുള്ള മൗലികാവകാശത്തെ ഇല്ലാതാക്കുന്നില്ലെന്നും ഹരജിയില്‍ വ്യക്തമാക്കി.

വിവേചനവും ഹര്‍ജിക്കാരുടെ മൗലികാവകാശ ലംഘനവും അംഗീകരിക്കുകയെന്നത് കോടതിയുടെ ബാധ്യതയാണെന്നും, മൗലികാവകാശ സംരക്ഷണവും അധികാര വിഭജനവും കോടതിയുടെ പരിധിയില്‍ വരുന്നതാണെന്നും ഹരജിയില്‍ സൂചിപ്പിച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നിഷേധിച്ചത്. നിയമപരമായി അംഗീകരിക്കപ്പെട്ടവ ഒഴികെയുള്ള വിവാഹങ്ങള്‍ക്ക് പല കാരണങ്ങളാലും യോഗ്യതയില്ലെന്നും നിയമപരമായ മാറ്റങ്ങള്‍ പാര്‍ലമെന്റ് പരിധിയില്‍ വരുന്നതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കോടതിയില്‍ സമര്‍പ്പിച്ച 21 ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നാല് വ്യത്യസ്ത വിധികളാണ് പ്രസ്താവിച്ചത്. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ പിന്തുണ നല്‍കുന്നതില്‍ അഞ്ച് ജഡ്ജിമാരും വിസമ്മതിച്ചു. 3:2 എന്ന കണക്കില്‍ ക്വിയര്‍ ദമ്പതികള്‍ക്ക് ദത്തെടുക്കാനുള്ള അവകാശശമില്ലെന്നും സുപ്രീംകോടതി വിധിച്ചു.

ക്വിയര്‍ സമൂഹം തങ്ങളുടെ ലിംഗ സ്വത്വത്തിന്റെയോ ലൈംഗിക ആഭിമുഖ്യത്തിന്റെയോ പേരില്‍ വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പാക്കാനും, ക്വിയര്‍ സമൂഹത്തെ പൊതുജനങ്ങളിലേക്ക് എത്തിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണപ്രദേശങ്ങളും നടപടികള്‍ സ്വീകരിക്കണമെന്ന് സി.ജെ.ഐ (ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ) ഉത്തരവ് നല്‍കിയിരുന്നു. മനുഷ്യനില്‍ ഇവയെല്ലാം സ്വാഭാവികമായുള്ളതാണെന്നും മാനസിക വിഭ്രാന്തിയല്ലെന്നും സി.ജെ.ഐ ചൂണ്ടിക്കാട്ടി.

Content Highlight: same-sex marriage; Review petition against the Supreme Court judgment

We use cookies to give you the best possible experience. Learn more