ന്യൂദല്‍ഹി: വീടുകള്‍ കയറി വോട്ട് ചോദിച്ചും വീട്ടുകാര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചും തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുകയാണ് ബി.ജെ.പിയുടെ പുരിയിലെ സ്ഥാനാര്‍ത്ഥിയും വക്താവുമായ സംപിത് പത്ര. എന്നാല്‍ പുരിയിലെ ഒരു വീട്ടില്‍ കയറി ഭക്ഷണം കഴിക്കുന്ന സംപിത് പത്രയുടെ വീഡിയോയാണ് ഇപ്പോള്‍ അദ്ദേഹത്തിന് തിരിച്ചടിയായത്.
പുരിയിലെ ഒരു വസതിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയായിരുന്നു സംപിത് പത്ര ഷെയര്‍ ചെയ്തത്. നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ വീട്ടിലെ ഓരോരുത്തര്‍ക്കായി ഭക്ഷണം വായില്‍വെച്ചുകൊടുക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.
“” ഇത് എന്റെ വീടാണ്. എന്റെ അമ്മ അവരുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം എനിക്ക് വിളമ്പി തന്നു. എന്റെ കൈകൊണ്ട് ഞാന്‍ അവരേയും ഊട്ടി. മനുഷ്യസേവനമാണ് ദൈവത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രതിഫലം””- എന്നായിരുന്നു സംപിത് പത്ര ട്വിറ്ററില്‍ കുറിച്ചത്.
നിലത്തിരുന്ന് ഇലയിട്ട് ഭക്ഷണം കഴിക്കുന്ന സംപിത് പത്രയ്ക്ക് തൊട്ടടുത്തായി അടുപ്പില്‍ തീയൂതി ഭക്ഷണം ഉണ്ടാക്കുന്ന ഒരു സ്ത്രീയേയും കാണാമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ ആഘോഷത്തില്‍ കൊണ്ടുവന്ന ഉജ്ജ്വല യോജന പദ്ധതിയുടെ ഏറ്റവും വലിയ പരാജയമല്ലേ ആ കാണുന്നത് എന്ന് ചോദിച്ചായിരുന്നു ട്വിറ്ററില്‍ പലരും എത്തിയത്. വീഡിയോ പുറത്തുവിടുമ്പോള്‍ ഇങ്ങനെയൊരു തിരിച്ചടി താങ്കള്‍ പ്രതീക്ഷിച്ചു കാണില്ല അല്ലേയെന്നും ചിലര്‍ ചോദിക്കുന്നു.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ പദ്ധതി നല്‍കുമെന്ന് പ്രഖ്യാപനം ഉണ്ടായിട്ടും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വിറകടുപ്പില്‍ ഭക്ഷണം പാകം ചെയ്യേണ്ടി വരുന്ന പാവപ്പെട്ടവരുടെ അവസ്ഥ ചൂണ്ടിക്കാട്ടിയും ചിലര്‍ ട്വിറ്ററില്‍ എത്തി.
2016 ലായിരുന്നു മോദി ഉജ്ജ്വല യോജന പ്രഖ്യാപിച്ചത്. എന്നാല്‍ അത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയെന്നും ബി.ജെ.പി വക്താവ് തന്നെ അറിയാതെയാണെങ്കില്‍ പോലും അതിന് തെളിവ് നല്‍കി മുന്നോട്ട് വരേണ്ടി വന്നുവെന്നും പലരും ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.
7 കോടി കുടുംബങ്ങള്‍ ഉജ്ജ്വല യോജന പ്രകാരം സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭിച്ചുവെന്ന് ദേശീയ വനിതാ ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.
പിന്നാക്കക്കാരില്‍ പിന്നാക്കമായ ഒരു കുടുംബത്തെയാണ് സംപിത് പത്ര സന്ദര്‍ശിച്ചത്. അവര്‍ നിലത്തിരുന്ന് വിറകടുപ്പില്‍ ഭക്ഷണം പാകം ചെയ്യുന്നത് കണ്ടു. എന്നിട്ടും നിങ്ങളുടെ പദ്ധതി വിജയകരമാണെന്ന് ഞങ്ങള്‍ പറയണോ എന്നായിരുന്നു ചിലര്‍ ട്വിറ്ററില്‍ ചോദിച്ചത്.
മാത്രമല്ല 800 രൂപയ്ക്ക് മുകളില്‍ ഉയരുന്ന സിലിണ്ടറിന്റെ വിലയേയും ചിലര്‍ ട്വിറ്ററില്‍ ചോദ്യം ചെയ്യുന്നുണ്ട്.