ന്യൂദല്‍ഹി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മോഷണം പോയെന്ന വെളിപ്പെടുത്തലിനു പിന്നാലെ രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താ സമ്മേളനത്തെ പരിഹസിച്ച് ബി.ജെ.പി ഔദ്യോഗിക വക്താവ് സംബിത് പത്ര രംഗത്തെത്തിയിരുന്നു. ഏറ്റവും ചെറിയ വാര്‍ത്താ സമ്മേളനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് രാഹുല്‍ ഗാന്ധിക്ക് ലഭിക്കും എന്നായിരുന്നു പത്ര പറഞ്ഞത്.
“രാഹുല്‍ ഗാന്ധി ഏറ്റവും ചെറിയ വാര്‍ത്താ സമ്മേളനത്തിനുള്ള പുതിയ ഗിന്നസ്/ ലിംകാ ലോക റെക്കോര്‍ഡ് നേടുമെന്ന് തോന്നുന്നു. മോദി സര്‍ക്കാറിന്റെ നേട്ടങ്ങളുടെ നീണ്ട പട്ടികയുമായി തട്ടിച്ചു നോക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഒരു മിനുട്ട് നീണ്ട വാര്‍ത്താ സമ്മേളനം ഒരു വൈരുദ്ധ്യമാണ്”- എന്നായിരുന്നു പാത്രയുടെ ട്വീറ്റ്.
എന്നാല്‍ പാത്രയുടെ അവകാശവാദത്തിലെ വസ്തുതാപരമായ തെറ്റ് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ഒരു മിനുട്ടല്ല, മറിച്ച് 16 മിനുട്ട് ആയിരുന്നു. പ്രധാനമന്ത്രി ആയതിന് ശേഷം നരേന്ദ്ര മോദി ഒരു വാര്‍ത്താ സമ്മേളനം പോലും നടത്തിയില്ലെന്നും ശശിധരന്‍ പാഴൂര്‍ എന്ന ട്വിറ്റര്‍ ഉപഭോക്താവ് കുറിച്ചു. “എടോ മണ്ടാ, അത് രാഹുല്‍ ഗാനധിയുടെ 875466ാമത് വാര്‍ത്താ സമ്മേളനമായിരുന്നു ഇന്നലെ നടന്നത്. നിങ്ങളുടെ നേതാവ് പ്രധാനമന്ത്രി ആയതിനു ശേഷം പരസ്യമായി ഒരു വാര്‍ത്താ സമ്മേളനം പോലു നടത്തിയിട്ടില്ല”- അദ്ദേഹം ട്വീറ്റ് ചെയ്തു.
പൂജ്യം സെക്കന്‍ഡ് വാര്‍ത്താ സമ്മേളനം എന്ന മോദിയുടെ ലോക റെക്കോര്‍ഡ് രാഹുല്‍ ഗാന്ധിക്ക് തകര്‍ക്കാന്‍ കഴിയാഞ്ഞത് ദുഖകരമായിപ്പോയെന്നും, ചില റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ പറ്റില്ലെന്നും മറ്റൊരു ഉപഭോക്താവ ട്വിറ്ററില്‍ കുറിച്ചു.
ചോദ്യങ്ങള്‍ സ്വീകരിക്കാതെയുള്ള വാര്‍ത്താ സമ്മേളനം എന്ന ആശയം തുടങ്ങി വെച്ചത് ബി.ജെ.പിയാണെന്നും ട്വിറ്ററില്‍ പരിഹാസമുയരുന്നു.
ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റഫാല്‍ കരാറുമായി ബന്ധപ്പെട്ട് “ദ ഹിന്ദു” പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയതാണെന്നുള്ള കേന്ദ്രസര്‍ക്കാര്‍ വാദത്തെ രാഹുല്‍ ഗാന്ധി രൂക്ഷമായി പ്രതികരിച്ചിരുന്നു.
മോദിയെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകള്‍ ഇപ്പോള്‍ ലഭ്യമായി കഴിഞ്ഞെന്നും രേഖകളുടെ അടിസ്ഥാനത്തില്‍ മോദിക്കെതിരെ ക്രിമിനല്‍ അന്വേഷണം നടത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു
തൊഴിലുകള്‍ കാണാതാവുന്നു. സാമ്പത്തിക വളര്‍ച്ചയും ഇലാതായിരിക്കുന്നു. അക്കൗണ്ടില്‍ എത്തുമെന്ന് പറഞ്ഞ 15 ലക്ഷവും കാണാതായിരിക്കുന്നു. ഇപ്പോഴതാ റഫാല്‍ രേഖകളും കാണാതായിരിക്കുന്നു. എല്ലാം കാണാതാവുന്നതാണ് മോദി ഭരണം. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തോന്നുന്നു.- എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
മോദിക്കെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതിനു പിന്നാലെ ട്വിറ്ററില്‍ എഫ്.ഐ.ആര്‍ എഗെയ്ന്‍സ്റ്റ് മോദി എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ്ങ് ആയിരുന്നു.