| Sunday, 31st January 2021, 9:41 am

ബി.ജെ.പിയെ കയ്യോടെ പൊക്കി ട്വിറ്ററും ആള്‍ട്ട് ന്യൂസും; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കെജ്‌രിവാളിന്റെ 18 സെക്കന്റ് വീഡിയോയുടെ സത്യാവസ്ഥ ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് സംസാരിക്കുന്നുവെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് സംപിത് പത്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ വ്യാജമാണെന്ന് അടയാളപ്പെടുത്തി ട്വിറ്റര്‍. ഈ വീഡിയോ വ്യാജമാണെന്ന് ആള്‍ട്ട് ന്യൂസ് ഫാക്ട് ചെക്കും കണ്ടെത്തിയിട്ടുണ്ട്.

കെജ്രിവാളിന്റെ 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ബി.ജെ.പി വക്താവ് പത്ര അടുത്തിടെ ട്വീറ്റ് ചെയ്തത്. ”സര്‍, മൂന്ന് കാര്‍ഷിക ബില്ലുകളുടെയും പ്രയോജനങ്ങള്‍ പരാമര്‍ശിക്കുന്നു.” എന്നാണ് ക്യാപ്ഷന്‍ നല്‍കിയത്.

”നിങ്ങളുടെ ഭൂമി, എം.എസ്.പി, ചന്തകള്‍ (മണ്ഡി)എന്നിവ എടുത്തുകളയുകയില്ല. കര്‍ഷകന് ഇപ്പോള്‍ രാജ്യത്ത് എവിടെയും തന്റെ വിള വില്‍ക്കാന്‍ കഴിയും. ഇനി, കര്‍ഷകര്‍ക്ക് നല്ല വില ലഭിക്കും, അവര്‍ക്ക് മണ്ഡിക്ക് പുറത്ത് എവിടെയും വില്‍ക്കാന്‍ കഴിയും. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ കാര്‍ഷികരംഗത്തെ ഏറ്റവും വലിയ വിപ്ലവകരമായ നടപടിയാണിത്.,” എന്നായിരുന്നു പത്ര ട്വീറ്റ് ചെയ്ത വീഡിയോയില്‍ കെജ്‌രിവാള്‍ പറയുന്നത്.

പത്ര പങ്കിട്ട ഈ വീഡിയോ വ്യാജമായി നിര്‍മ്മിച്ച താണെന്ന് ആള്‍ട്ട് ന്യൂസിന്റെ ഫാക്ട് ചെക്ക് ടീം കണ്ടെത്തി. യഥാര്‍ത്ഥ ക്ലിപ്പില്‍ അരവിന്ദ് കെജ്രിവാള്‍ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സംസാരിക്കുന്നത് കേള്‍ക്കാം. ഇത് എഡിറ്റുചെയ്ത ക്ലിപ്പാണെന്ന് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വീഡിയോയിലെ വിവിധ പോയിന്റുകളില്‍ നിന്നും നിരവധി ചെറിയ ക്ലിപ്പുകള്‍ ചേര്‍ത്ത് 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ നിര്‍മ്മിച്ചതായി ആള്‍ട്ട് ന്യൂസ് കണ്ടെത്തി.

സീ പഞ്ചാബ് ഹരിയാന ഹിമാചല്‍ ചാനല്‍ 2021 ജനുവരി 15 ന് അരവിന്ദ് കെജ്‌രിവാളിന്റെ അഭിമുഖത്തിന്റെ മുഴുവന്‍ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. ചാനലിന്റെ എഡിറ്റര്‍ ദിലീപ് തിവാരിയും സഹപ്രവര്‍ത്തകന്‍ ജഗദീപ് സന്ധുവുമാണ് അഭിമുഖം നടത്തിയത്.

ഇതില്‍ കാര്‍ഷിക നിയമത്തിനെതിരെ തന്നെയാണ് കെജ്‌രിവാള്‍ സംസാരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sambit Patra tweets edited video to portray Arvind Kejriwal supporting farm bills

We use cookies to give you the best possible experience. Learn more