സംപിത് പത്ര ഇന്ത്യ മുഴുവന്‍ സഞ്ചരിക്കണം, മോദിയുടെ പൊള്ളത്തരങ്ങള്‍ എല്ലാം ഇതു പോലെ പൊളിച്ചു കാണിക്കണം; ബി.ജെ.പി വക്താവിനെ പരിഹസിച്ച് കനയ്യകുമാര്‍
national news
സംപിത് പത്ര ഇന്ത്യ മുഴുവന്‍ സഞ്ചരിക്കണം, മോദിയുടെ പൊള്ളത്തരങ്ങള്‍ എല്ലാം ഇതു പോലെ പൊളിച്ചു കാണിക്കണം; ബി.ജെ.പി വക്താവിനെ പരിഹസിച്ച് കനയ്യകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th April 2019, 9:43 am

ന്യൂദല്‍ഹി: ബി.ജെ.പി ഔദ്യോഗിക വക്താവ് സംപിത് പത്ര ഇന്ത്യ മുഴുവന്‍ സഞ്ചരിക്കണമെന്നും, മോദിയുടെ കള്ളങ്ങള്‍ ഒരോന്നായി പൊളിച്ചു കാണിക്കണമെന്നും ബെഗുസരായിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഒഡീഷയിലെ വീട്ടില്‍ നിന്നും വിറകടുപ്പില്‍ നിന്ന് ഭക്ഷണമുണ്ടാക്കി കഴിക്കുന്ന വീഡിയോ പത്ര പുറത്തു വിട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു കനയ്യയുടെ പരിഹാസം.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കുന്ന ഉജ്ജ്വല്‍ യോജന എന്ന മോദി സര്‍ക്കാറിന്റെ ഏറെ ആഘോഷിക്കപ്പെട്ട പദ്ധതിയുടെ പരാജയത്തിന്റെ തെളിവാണ് പത്ര പുറത്തു വിട്ടിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടിയിരുന്നു.

Read More ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചു കാണില്ല അല്ലേ? ; തെരഞ്ഞെടുപ്പ് കാമ്പയിന്റെ ഭാഗമായി സംപിത് പത്ര ഷെയര്‍ ചെയ്ത വീഡിയോ വിവാദത്തില്‍

“ഒരു ബി.ജെ.പി വക്താവുണ്ട്, അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഒരു വീട്ടില്‍ കയറി ഭക്ഷണം കഴിച്ച് മോദിയുടെ ഉജ്ജ്വല്‍ പദ്ധതിയുടെ വിജയം പുറത്തു കൊണ്ടു വന്നു. അദ്ദേഹത്തിന്റെ ഫോട്ടോ മോദിയുടെ ഭവനപദ്ധതിയുടെ വിജയവും പുറത്തു കൊണ്ടു വന്നു. അദ്ദേഹം രാജ്യം മുഴുവന്‍ സഞ്ചരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സ്വന്തം പാര്‍ട്ടിയെ തുറന്നു കാട്ടുന്ന ബി.ജെ.പി നേതാവിനെക്കാള്‍ മറ്റെന്താണ് നല്ലതായിട്ടുള്ളത്”- കനയ്യ ട്വിറ്ററില്‍ കുറിച്ചു.

പുരിയിലെ ഒരു വസതിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയായിരുന്നു സംപിത് പത്ര ഷെയര്‍ ചെയ്തത്. നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ വീട്ടിലെ ഓരോരുത്തര്‍ക്കായി ഭക്ഷണം വായില്‍വെച്ചുകൊടുക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

2016 ലായിരുന്നു മോദി ഉജ്ജ്വല യോജന പ്രഖ്യാപിച്ചത്. എന്നാല്‍ അത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയെന്നും ബി.ജെ.പി വക്താവ് തന്നെ അറിയാതെയാണെങ്കില്‍ പോലും അതിന് തെളിവ് നല്‍കിയെന്നും ട്വിറ്റിറില്‍ പരിഹാസമുയര്‍ന്നിരുന്നു.

7 കോടി കുടുംബങ്ങള്‍ ഉജ്ജ്വല യോജന പ്രകാരം സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭിച്ചുവെന്ന് ദേശീയ വനിതാ ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.