| Saturday, 25th May 2019, 12:25 pm

പുരിയിലെ തോല്‍വിയില്‍ പ്രതികരണവുമായി ബി.ജെ.പി വക്താവ് സംപിത് പത്ര; പേരിനൊപ്പമുള്ള ചൗക്കിദാര്‍ നീക്കം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുരി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പി തൂത്തുവാരിയപ്പോഴും ഒഡീഷയിലെ പുരി ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര തോറ്റത് പാര്‍ട്ടിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.

ബി.ജെ.ഡിയുടെ സിറ്റിങ് എം.പി പിനാകി മിശ്രയോട് 11,700 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സംബിത് പത്ര തോറ്റത്. തോല്‍വിയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചാനല്‍ ചര്‍ച്ചകളിലടക്കം ബി.ജെ.പിയുടെ അക്രമണോത്സുക മുഖമായിരുന്ന സംബിത് പത്ര.

” സുഹൃത്തുക്കളേ ഞാന്‍ പുരിയില്‍ 10000 വോട്ടുകള്‍ക്ക് തോറ്റിരിക്കുന്നു. പുരിയില്‍ മത്സരിക്കാന്‍ അവസരം തന്ന ഭഗവാന്‍ ജഗന്നാഥനോട് ഈ അവസരത്തില്‍ ഞാന്‍ നന്ദി അറിയിക്കുന്നു. അതിനൊപ്പം ബി.ജെ.പിയുടെ കാര്യകര്‍ത്താക്കളോടും എനിക്കൊപ്പം നിന്ന പുരിയിലെ ജനങ്ങളോടുള്ള സ്‌നേഹവും ഞാന്‍ അറിയിക്കുന്നു. ”- എന്നായിരുന്നു പത്ര ട്വിറ്ററില്‍ കുറിച്ചത്. ട്വിറ്ററില്‍ പേരിനൊപ്പമുള്ള ചൗക്കിദാര്‍ എന്ന വിശേഷണവും പത്ര നീക്കം ചെയ്തിട്ടുണ്ട്.

303 സീറ്റുകളോടെ വലിയ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പത്ര അഭിനന്ദിച്ചു. ഒരു വ്യക്തിയുടെ ദൃഢനിശ്ചയം, ഊര്‍ജം, സത്യസന്ധത, വിശ്വാസ്യത എന്നിവ വലിയ മാറ്റം വരുത്തുന്നത് എങ്ങനെയാണെന്നതിന്റെ ഉദാഹരണമാണ് തെരഞ്ഞെടുപ്പ് വിജയമെന്നായിരുന്നു പത്ര ട്വിറ്ററില്‍ കുറിച്ചത്.

2012 ല്‍ ദല്‍ഹിയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ബി.ജെ.പിയ്ക്ക് വേണ്ടി മത്സരിച്ച് തോറ്റയാളാണ് പത്ര. 2014ല്‍ മോദി അധികാരത്തിലെത്തിയതോടെയാണ് ദേശീയ ചാനലുകളില്‍ സംബിത് പത്ര ബി.ജെ.പിയുടെ മുഖമായത്.

2014ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുചരിത മൊഹന്തിയെ വലിയ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് പിനാകി മിശ്ര ജയിച്ചിരുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ അശോക് സാഹു മൂന്നാം സ്ഥാനത്തായിരുന്നു.

എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ പ്രകാരം ബി.ജെ.പി 15നും 19നും ഇടയില്‍ സീറ്റുകള്‍ സംസ്ഥാനത്ത് നേടുമെന്നും ബി.ജെ.ഡി 2-6 സീറ്റുകളില്‍ ഒതുങ്ങുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ 12 സീറ്റുകളില്‍ ബി.ജെ.ഡി ജയിച്ചിട്ടുണ്ട്. ബി.ജെ.പി 8 സീറ്റുകളിലും ജയിച്ചു.

We use cookies to give you the best possible experience. Learn more