ന്യൂദല്‍ഹി: ബി.ജെ.പി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ ഒഡീഷയിലെ പുരിയില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത് ബി.ജെ.പി വക്താവ് കൂടിയായ സംപിത് പത്രയെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പുരിയില്‍ നിന്ന് ജനവിധി തേടുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവയ്‌ക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് പത്രയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.
എന്നാല്‍ പുരിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകളാണ് ഉയര്‍ന്നു വന്നത്. സംപിത് പത്രയുടെ പഴയ ചില വിവാദപ്രസ്താവനകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പലരും കമന്റ് ചെയ്തത്.
“” ടെലിവിഷന്‍ സ്റ്റുഡിയോകളില്‍ എത്ര സമയം ചിലവഴിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തി സംപിത് പത്ര നോയിഡയിലായിരുന്നു ജനവിധി തേടേണ്ടത് എന്നായിരുന്നു ഒരു കമന്റ്. “” ഒരുപാട് സംപിത് പത്രകള്‍ ഇനിയും ജനവിധി തേടാതിരിക്കണമെങ്കില്‍ നല്ലവരായ പുരിയിലെ ജനങ്ങള്‍ ഈ രാജ്യത്തിന് വേണ്ടി അദ്ദേഹത്തിന്റെ വായടപ്പിക്കണമെന്നും വിലപ്പെട്ട വോട്ടുകള്‍ സൂക്ഷിച്ചുമാത്രം ഉപയോഗിക്കണമെന്നുമായിരുന്നു ചിലര്‍ ട്വിറ്ററില്‍ കുറിച്ചത്.
പുരി ജനത എന്ത് തെറ്റ് ചെയ്തിട്ടാണ് ഇത്തരമൊരു വിധി നേരിടേണ്ടി വന്നതെന്ന് ചോദിച്ച് പരിഹസിക്കുന്നവരും ഉണ്ട്.
മാധ്യമപ്രവര്‍ത്തകനായ ആദിത്യമേനോന്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. നിങ്ങളുടെ ജീവിതം മുഴുവന്‍ നിരാശനിറഞ്ഞതാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ, ഉണ്ടെങ്കില്‍ ഒരു നിമിഷം പുരി ജനതയെ കുറിച്ച് ആലോചിക്കൂ. അവര്‍ കരുതിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു എന്നാല്‍ അവര്‍ക്ക് ലഭിച്ചതോ സംപിത്ര പത്രയെ “” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്രോള്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്തുണ തേടി സംപിത് പത്ര റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണബ് ഗോസ്വാമിയെ കണ്ട സംഭവവും നേരത്തെ വാര്‍ത്തയായിരുന്നു. അര്‍ണബുമായി കൂടിക്കാഴ്ച നടത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ വികസന നേട്ടങ്ങളടങ്ങുന്ന ബുക്‌ലെറ്റ് അര്‍ണബിന് കൈമാറിയെന്നും രാജ്യത്തിന്റെ വികസന കാര്യങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തു എന്നുമായിരുന്നു അന്ന് സംപിത് പത്ര ട്വീറ്റ് ചെയ്തത്.
അര്‍ബണിന് ബുക്‌ലെറ്റ് കൈമാറുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ ഷെയര്‍ ചെയ്തായിരുന്നു സംപിത് പത്രയുടെ ട്വീറ്റ്. എന്നാല്‍ ഇതിന് പിന്നാലെ ഇരുവരേയും ട്രോളി നിരവധി പേര്‍ ട്വിറ്ററില്‍ എത്തി. മോദിയുടെ വികസപദ്ധതികളടങ്ങുന്ന ബുക്‌ലെറ്റ് അര്‍ണബിന് കൈമാറുന്ന ചിത്രം എഡിറ്റ് ചെയ്ത് ബുക് ലെറ്റിന് പകരം നായകള്‍ക്ക് കൊടുക്കുന്ന ഭക്ഷണമായ പെഡിഗ്രിയുടെ പാക്കറ്റാക്കിയായിരുന്നു ഒരാള്‍ ട്രോളാക്കിയത്.