സംഭാൽ അക്രമം; നിരോധനാജ്ഞ ഡിസംബർ 10 വരെ നീട്ടി സർക്കാർ
national news
സംഭാൽ അക്രമം; നിരോധനാജ്ഞ ഡിസംബർ 10 വരെ നീട്ടി സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th November 2024, 12:02 pm

ലഖ്‌നൗ: സംഭാലിലെ ഷാഹി ജുമാ മസ്ജിദിൾ സർവേ നടത്തുന്നതിനെ തുടർന്നുണ്ടായ സംഘർഷത്തിന് പിന്നാലെ ഡിസംബർ 10 വരെ പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ച് ഭരണകൂടം. പ്രദേശത്ത് സമാധാനം നിലനിർത്താൻ സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു.

ഡിസംബർ 10 വരെ ജില്ലയിൽ പുറത്തുനിന്നുള്ളവർക്കും സാമൂഹിക സംഘടനകൾക്കും ജനപ്രതിനിധികൾക്കും പ്രവേശനം വിലക്കി ജില്ലാ ഭരണകൂടം ശനിയാഴ്ച ഉത്തരവിറക്കുകയായിരുന്നു.

അധികൃതരുടെ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവരെയോ സാമൂഹിക സംഘടനകളെയോ ജനപ്രതിനിധികളെയോ ജില്ലാ പരിധിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് സംഭാൽ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെൻസിയ ഉത്തരവിട്ടു. പ്രദേശത്ത് സമാധാനം നിലനിർത്താനും അനിഷ്ടകരമായ സാഹചര്യങ്ങൾ ഒഴിവാക്കാനുമാണ് ഈ നടപടിയുടെ ലക്ഷ്യം.

ഈ സ്ഥലത്ത് മുമ്പ് ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന ഹിന്ദു ഹരജിക്കാരുടെ അവകാശവാദത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു വിചാരണ കോടതിയുടെ ഉത്തരവിൽ പള്ളിയിൽ സർവേ നിർബന്ധമാക്കിയിരുന്നു. ഇതേ തുടർന്നായിരുന്നു സംഘർഷം ഉണ്ടായത്.

നവംബർ 19 ന് ഷാഹി ജുമാ മസ്ജിദിൻ്റെ സർവേ നടത്താൻ പ്രാദേശിക കോടതി ഉത്തരവിട്ടു. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നേരത്തെ ഒരു ഹരിഹർ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ചില ഹരജിക്കാർ കോടതിയിൽ അവകാശപ്പെട്ടു. ഈ ഉത്തരവിനെത്തുടർന്ന് നവംബർ 24 ന് അക്രമം പൊട്ടിപ്പുറപ്പെട്ടു, കല്ലേറുണ്ടായ സംഭവങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെടുകയും പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ മൂന്നംഗ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. അലഹബാദ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി ദേവേന്ദ്ര കുമാർ അറോറയുടെ നേതൃത്വത്തിലായിരിക്കും കമ്മീഷൻ.

 

Content Highlight: Sambhal violence: Ban on entry of outsiders in the district till December 10, police patrolling intensified in the affected areas.