|

സംഭാല്‍ ഷാഹി മസ്ജിദ് വെടിവെപ്പ്; കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേ തടയുന്നതിനിടയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അയാനാണ് മരിച്ചത്.

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേ തടയുന്നതിനിടയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്ന് മുസ്ലിം യുവാക്കള്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ വെടിവെപ്പില്‍ സാരമായി പരിക്കേറ്റ യുവാവ് രാവിലെയോടെയും മരണപ്പെടുകയായിരുന്നു.

ഷാഹി ജുമാ മസ്ജിദില്‍ സര്‍വേക്കെതിരായുള്ള പ്രതിഷേധത്തിലിടയിലുണ്ടായ വെടിവെപ്പിലാണ് അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥര്‍, അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ചയാണ് ഉത്തര്‍പ്രദേശിലെ സംഭാലിലെ ഷാഹി മസ്ജിദില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരുമായ പ്രദേശവാസികള്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്. ഈ സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

സര്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതിന് പിന്നാലെ കല്ലേറുണ്ടായതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്തിടെ മസ്ജിദ് ക്ഷേത്രത്തിന്റെ അവശിഷ്ടത്തില്‍ പണിതതാണെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ നല്‍കിയ ഹരജിയില്‍ സര്‍വേ നടത്താന്‍ സംഭാല്‍ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു.

സംഭാലിലുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണകൂടത്തിനെതിരെയും ബി.ജെ.പിക്കെതിരെയും ശക്തമായ പ്രതിഷേധത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തിന് പിന്നില്‍ ബി.ജെ.പിയാണ് യു.പി. മുന്‍ മുഖ്യമന്ത്രിയും എം.പിയുമായ അഖിലേഷ് യാദവ് പറഞ്ഞു. ഗുരുതരമായ സംഭവമാണ് സംഭാലില്‍ ഉണ്ടായതെന്നും യു.പിയില്‍ കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ശ്രദ്ധമാറ്റാന്‍ വേണ്ടിയാണ് ഒരു സര്‍വേ സംഘത്തെ ബോധപൂര്‍വം മസ്ജിദിലേക്ക് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച പള്ളിയിരിക്കുന്ന സ്ഥലത്ത് ഹരിഹര്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ട് ഒരാള്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് പ്രദേശിക കോടതിയാണ് പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതിയിട്ടത്. കോടതിയുടെ ഉത്തരവുണ്ടായതിനെ പിന്നാലെ തന്നെ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു.

എന്നാല്‍ ഞായറാഴ്ച (24.11.24) രാവിലെ യാതൊരു മുന്നൊരുക്കവുമില്ലാതെ സര്‍വേ സംഘം പൊലീസിനെയും കൂട്ടി സ്ഥലത്തേക്ക് എത്തുകയാണുണ്ടായത്. ഈ സമയത്താണ് പ്രദേശവാസികള്‍ സര്‍വെ സംഘത്തെ തടഞ്ഞതും പൊലീസ് പ്രദേശവാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തതും.

Content Highlight: Sambhal Shahid Masjid firing; The death toll is five