| Sunday, 22nd December 2024, 1:03 pm

15 ദിവസത്തിനകം 1.9 കോടി രൂപ പിഴയൊടുക്കണം ഇല്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടും; സംഭാൽ എം.പി സിയാഉര്‍ റഹ്‌മാന്‍ ബർഖിനോട് യു.പി.പി.സി.എൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: 15 ദിവസത്തിനകം 1.9 കോടി രൂപ പിഴയൊടുക്കണം ഇല്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് സംഭാൽ എം.പി സിയാഉര്‍ റഹ്‌മാന്‍ ബർഖിനോട് യു.പി പവർ കോർപ്പറേഷൻ ലിമിറ്റഡ്.

ഷാഹി മസ്ജിദ് സർവേയ്ക്കിടെയുണ്ടായ അക്രമത്തിൽ കേസെടുത്ത സമാജ്‌വാദി പാർട്ടിയുടെ സംഭാൽ എം.പി സിയാവുർ റഹ്മാൻ ബർഖിന് ചുറ്റും കുരുക്ക് മുറുകുകയാണ്. പണം നൽകിയില്ലെങ്കിൽ അദ്ദേഹത്തിൻ്റെ സ്വത്ത് കണ്ടുകെട്ടുമെന്ന് യു.പി പവർ കോർപ്പറേഷൻ ലിമിറ്റഡ് (യു.പി.പി.സി.എൽ) മുന്നറിയിപ്പ് നൽകി.

അനധികൃത നിര്‍മാണം ആരോപിച്ച് സിയാഉര്‍ റഹ്‌മാന്റെ വീടിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയതിന് പിന്നാലെ വൈദ്യുതി മോഷ്ടിച്ചുവെന്നാരോപിച്ച് എം.പിക്ക് 1.91 കോടി രൂപ പിഴ ചുമത്തിയിരുന്നു യോഗി സര്‍ക്കാര്‍.

സംഭാലില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി എം.പിയാണ് സിയാഉര്‍ റഹ്‌മാന്‍ ബര്‍ഖ്. മീറ്ററുമായി കണക്ട് ചെയ്യാതെ വീട്ടിലേക്കുള്ള വൈദ്യുതി ഉപയോഗിച്ചു എന്നാരോപിച്ചാണ് എം.പിക്ക് നേരെ വൈദ്യുതി ബോര്‍ഡ് പിഴ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ എം.പിയുടെ പിതാവിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.

അനുവദിച്ച ലോഡിനേക്കാള്‍ കൂടുതല്‍ വൈദ്യുതി എം.പിയുടെ വീട്ടില്‍ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വൈദ്യുതി വകുപ്പിന്റെ ഒരു സംഘം രണ്ട് ദിവസം മുമ്പ് സിയാഉറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മീറ്റര്‍ ഇല്ലാത്ത കണക്ഷനുകള്‍ കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. മാസങ്ങളായി എം.പിയുടെ വീട്ടില്‍ വൈദ്യുതി ബില്ല് ഇല്ലായിരുന്നുവെന്നും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഡെക്കാന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

സംഭാലിലെ ദീപ സരായ് പ്രദേശത്താണ് സിയാ ഉറിന്റെ വീട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം വീടിന് സമീപത്തുള്ള ഓടയ്ക്ക് മുകളില്‍ അനധികൃതമായി കോവണിപ്പടികള്‍ നിര്‍മിച്ചുവെന്നാരോപിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ച് അധികൃതര്‍ എം.പിയുടെ വീടിന്റെ ഒരു ഭാഗം പൊളിച്ച് നീക്കിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ സിയാഉറിനെതിരെ അധികൃതര്‍ സ്വീകരിച്ച അഞ്ചാമത്തെ നിയമ നടപടിയാണിത്.

Content Highlight: Sambhal MP Ziaur Rahman Barq asked to pay Rs 1.9-crore power fine in 15 days or face property attachment

We use cookies to give you the best possible experience. Learn more