റിയാദ്: സാംബ കലാകാരികളുടെ നൃത്തപരിപാടിക്കെതിരെ സൗദിയില്‍ വിമര്‍ശനം.
സൗദിയിലെ തെക്കന്‍ ഭാഗത്തുള്ള നഗരമായ ജസാന്‍ പ്രവിശ്യയില്‍ നിന്നുള്ള നൃത്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിമര്‍ശനമുയരുന്നത്.
അര്‍ധവസ്ത്രധാരികളായ കലാകാരികളുടെ നൃത്തം മതവിശ്വാസത്തിനും സാമൂഹിക സദാചാരത്തിനും എതിരാണ് എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
ഇസ്‌ലാമിക് തത്വങ്ങളില്‍ അധിഷ്ഠിതമായി മുന്നോട്ട് പോയിരുന്ന രാജ്യത്തെ ഭരണകൂടം അതില്‍ നിന്നും വ്യതിചലിക്കുകയാണ് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരണമുയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതോടെ സംഭവത്തില്‍ പ്രാദേശിക ഭരണകൂടം അന്വേഷണമാരംഭിച്ചിരിക്കുകയാണ്.
ജസാന്‍ ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ആണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
നഗരത്തിന്റെ തെരുവില്‍ കലാകാരികള്‍ അര്‍ധവസ്ത്രധാരികളായി നൃത്തം ചെയ്തതില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് ജസാന്‍ പ്രവിശ്യ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. മിഡില്‍ ഈസ്റ്റ് ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞയാഴ്ചയായിരുന്നു പരമ്പരാഗത സാംബ വേഷം ധരിച്ച മൂന്ന് വിദേശ കലാകാരികളുടെ ഡാന്‍സ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ജസാനില്‍ നിന്നുള്ള ഈ ദൃശ്യത്തില്‍, സാംബ നൃത്തം ജനക്കൂട്ടം ആസ്വദിച്ച് നില്‍ക്കുന്നതും ഒപ്പം ചുവടുവെക്കുന്നതും കാണാമായിരുന്നു.
ജസാനിലെ വിന്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമായിട്ടായിരുന്നു തെരുവില്‍ നൃത്തപ്രകടനം നടന്നത്. ഡ്രംസ് വായിച്ച മ്യൂസിഷന്‍സിനൊപ്പമായിരുന്നു സാംബ കലാകാരികളുടെ നൃത്തം.
നൃത്തത്തിന്റെ വീഡിയോ സൗദിയിലെ സ്‌റ്റേറ്റ് ടി.വി ചാനലായ അല്‍ ഇഖ്ബാരിയ സംപ്രേഷണം ചെയ്തിരുന്നെങ്കിലും കലാകാരികളെ ബ്ലര്‍ (Blur) ചെയ്യുകയായിരുന്നു.
എന്നാല്‍ അന്വേഷണത്തിനെതിരെ സംസാരിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. അധികാരികള്‍ തന്നെ കലാകാരികളെ ഫെസ്റ്റിവലില്‍ നൃത്തം ചെയ്യാന്‍ വേണ്ടി എത്തിക്കുകയും പിന്നീട് അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുകയാണ് എന്നാണ് ഒരു വിഭാഗം പറയുന്നത്.
നേരത്തെ സൗദിയില്‍ നടന്ന ബീസ്റ്റ് മ്യൂസിക് ഫെസ്റ്റിവലിന് നേരെയും രാജ്യത്തെ യാഥാസ്ഥിക സമൂഹത്തില്‍ നിന്നും വിമര്‍ശനമുണ്ടായിരുന്നു. ഫെസ്റ്റിവലില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് നൃത്തം ചെയ്തു എന്നതായിരുന്നു വിമര്‍ശനത്തിന് കാരണമായത്.
ആഫ്രിക്കന്‍-ബ്രസീലിയന്‍ ഉത്ഭവചരിത്രമുള്ള കലാരൂപമാണ് സാംബ. ബ്രസീലില്‍ ഉണ്ടായിരുന്ന ആഫ്രിക്കന്‍ പൗരന്മാരാണ് ഈ കലാരൂപം ആവിഷ്‌കരിച്ചത്.
എണ്ണ കയറ്റുമതി രാജ്യം എന്നതിനപ്പുറം അന്താരാഷ്ട്ര തലത്തില്‍ സൗദിയുടെ പ്രശസ്തി വര്‍ധിപ്പിക്കുന്നതിനായ ഭരണകൂടം ‘വിഷന്‍ 2030’ എന്ന പദ്ധതി ആവിഷ്‌കരിച്ചിരുന്നു. പദ്ധതിയില്‍ വിനോദ മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചത്, യാഥാസ്ഥിതിക ചിന്താഗതിയുള്ള രാജ്യത്തെ ഭരണകൂടത്തില്‍ നിന്നുവന്ന പരിഷ്‌കൃതമായ മാറ്റം എന്ന രീതിയില്‍ വിലയിരുത്തപ്പെട്ടിരുന്നു.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് വിഷന്‍ 2030 പദ്ധതി ആവിഷ്‌കരിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Samba dancers under investigation in Saudi Arabia as the performance sparked strong reactions on social media that it is against religion and social morals