കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ ആരൊക്കെ പ്രതിഷേധം സംഘടിപ്പിച്ചാലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അവര്‍ക്കൊപ്പം ശക്തമായി കൂടെനില്‍ക്കുമെന്ന് സമസ്ത നേതാവ് മുക്കം ഉമര്‍ ഫൈസി. ഈ വിഷയത്തില്‍ സമസ്തയില്‍ മറ്റ് അപശബ്ദങ്ങളൊന്നും ഇല്ല, ഉണ്ടെങ്കില്‍ അതിനെയൊക്കെ അവഗണിക്കേണ്ടതാണെന്നേ പറയാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍കോഡിനെതിരെ സി.പി.ഐ.എം കോഴിക്കോട് സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഏക സിവില്‍ കോഡിനെതിരെ ആരൊക്കെ പ്രതിഷേധം സംഘടിപ്പിച്ചാലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അവര്‍ക്കൊപ്പം ശക്തമായി കൂടെനില്‍ക്കുമെന്ന് പ്രസിഡന്റ് ജിഫ്രി തങ്ങള്‍ പ്രഖ്യാപിച്ചതാണ്. അണികളൊക്കെ ആ ഭാഗത്ത് തന്നെയാണ് നില്‍ക്കുന്നത്.
മറ്റ് അപശബ്ദങ്ങളൊന്നും ഇല്ല, ഉണ്ടെങ്കില്‍ അതിനെയൊക്കെ അവഗണിക്കേണ്ടതാണെന്നേ പറയാനുള്ളൂ. ഈ സെമിനാറിനുള്ള എല്ലാ പിന്തുണയും ആശീര്‍വാദവും നല്‍കുന്നു,’ മുക്കം ഉമര്‍ ഫൈസി പറഞ്ഞു.
2024ല്‍ ബി.ജെ.പിയുടെ ഏകാധിപത്യ ഭരണത്തിനുള്ള കോണിവെക്കല്‍ ഇതോടെ അവസാനിക്കുമെന്നും ഉമര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു. ‘ഏക സിവില്‍കോഡിനെതിരായ ഇത്തരം സെമിനാറുകള്‍ ഒരു തുടക്കമാണ്. ഇങ്ങനെ പലയിടത്തും നടന്നാല്‍ ബി.ജെ.പിയുടെ സ്വപ്നങ്ങള്‍ അവസാനിക്കും. 2024ല്‍ ബി.ജെ.പിയുടെ ഏകാധിപത്യ ഭരണത്തിനുള്ള കോണിവെക്കല്‍ ഇതോടെ അവസാനിക്കും.
കുട്ടികള്‍ നിലവിളിക്കുമ്പോള്‍ പോത്തായി വരുമെന്ന് പറഞ്ഞ് പേടിപ്പിക്കുന്നത് പോലെയാണ് ബി.ജെ.പി സര്‍ക്കാര്‍ ഏക സിവില്‍കോഡ് കൊണ്ടുവരുന്നത്. ഒടുക്കം പോത്തുമില്ല, ഒന്നുമുണ്ടാകാറില്ല. ഈ രൂപത്തില്‍ ജനങ്ങളെ ഭീതിപ്പെടുത്തി മറ്റൊരു ലക്ഷ്യം നേടുകയാണ് അവര്‍ ഉദ്ദേശിക്കുന്നത്,’ ഉമര്‍ ഫൈസി പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ ഏകീകരണത്തിന്റെ മറവിലാണ് പലതും കാട്ടിക്കൂട്ടുന്നതെന്നും ഒട്ടകപക്ഷി തല മണ്ണില്‍ മൂടുന്നത് പോലെ ആരും ഒന്നും കാണുന്നില്ലെന്നാണ് അവര്‍ വിചാരിക്കുന്നതെന്നും ഉമര്‍ ഫൈസി പറഞ്ഞു.
‘എന്തൊക്കെയാണ് അവര്‍ ചെയ്യുന്നത്. ആളുകളെ റോഡിലിട്ട് തല്ലിക്കൊല്ലുന്നു, ഭക്ഷണം നിയന്ത്രിക്കുന്നു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വരെ ഒരു പ്രത്യേക വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ചെയ്യുന്നത്. ബാബരി പള്ളി പൊളിച്ചതും സി.എ.എ കൊണ്ടുവന്നതിന്റെയുമൊക്കെ ലക്ഷ്യം ജനങ്ങളെ ഏകീകരിക്കലാണ്. ഹിന്ദുത്വവല്‍ക്കരണം നടപ്പാക്കാനും വിഭാഗീയത സൃഷ്ടിക്കാനുമാണ് ശ്രമം.
ഇന്ത്യയുടെ സൗന്ദര്യം വൈവിധ്യമാണ്. ഭരണഘടനയുടെ മൗലികാവകാശം തന്നെ പറയുന്നത് ഏതൊരു പൗരനും അവന് ഇഷ്ടമുള്ളതും വിശ്വസിക്കാനും സ്വീകരിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും പ്രചരിപ്പിക്കാനും സാധിക്കുമെന്നാണ്. പിന്നെന്തിനാ നമ്മള്‍ പേടിക്കുന്നത്. ജുഡീഷ്യറി ഏതെങ്കിലും സമയത്ത് സ്വാധീനിക്കപ്പെട്ടാല്‍ നമ്മള്‍ പേടിക്കേണ്ടി വരും.
ക്ഷേമകരമായ സമത്വങ്ങളെക്കുറിച്ച് മിണ്ടാതെയാണ് നമുക്കിടയിലേക്ക് ഏക സിവില്‍കോഡ് കൊണ്ടുവരുന്നത്. ദളിതന്മാര്‍ ചെന്ന് പറഞ്ഞപ്പോള്‍ അവരെ ഒഴിവാക്കി. ക്രിസ്ത്യാനികള്‍ ചെന്ന് പറഞ്ഞപ്പോള്‍ അവരെ ഒഴിവാക്കി.
ജിഫ്രി തങ്ങളുടെ നേതൃത്വത്തില്‍ സമസ്ത ചെല്ലുമ്പോള്‍ അവരെയും ഒഴിവാക്കുമെന്നാണ് കരുതുന്നത്. അപ്പോള്‍ പിന്നെ ഈ സാധനം വേണ്ടല്ലോ.. പോത്തായീന്റെ കളിയാണ് അവിടെ നടക്കുന്നതെന്നാണ് നമ്മള്‍ മനസിലാക്കേണ്ടത്,’ സമസ്ത നേതാവ് കൂട്ടിച്ചേര്‍ത്തു.