ബി.ജെ.പി മുസ്‌ലിംങ്ങളുടെ നിത്യ ശത്രുവല്ലെന്ന് സമസ്ത ഉന്നത നേതാവ്; 'നല്ല ഭരണം കൊണ്ടുവരികയാണെങ്കില്‍ സ്വാഗതം ചെയ്യും'
Kerala News
ബി.ജെ.പി മുസ്‌ലിംങ്ങളുടെ നിത്യ ശത്രുവല്ലെന്ന് സമസ്ത ഉന്നത നേതാവ്; 'നല്ല ഭരണം കൊണ്ടുവരികയാണെങ്കില്‍ സ്വാഗതം ചെയ്യും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th September 2019, 7:54 am

മുസ്‌ലിംങ്ങളുടെ നിത്യശത്രുവായി ബി.ജെ.പിയെ കാണുന്നില്ലെന്ന് സമസ്ത ഉന്നതാധികാര സമിതി അംഗം ഉമര്‍ ഫൈസി മുക്കം. നല്ല ഭരണം കൊണ്ടുവരികയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്ത് നിയമിക്കപ്പെടുന്നു എന്ന ഏറെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഉയര്‍ന്ന സ്ഥാനത്ത് ഒരു മുസ്‌ലിം വരിക എന്നുള്ളത് മുസ്‌ലിംങ്ങളെ സംബന്ധിച്ചും പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങളെ കുറിച്ചും ഏറെ സന്തോഷമുള്ള കാര്യമാണ്. ആ നിലക്ക് ഏറെ സന്തോഷത്തോടെ ഗവര്‍ണറെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ കാര്യനിര്‍വഹണത്തില്‍ നീതിയുക്തമായ പലതും ചെയ്യാന്‍ സാധിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

ബി.ജെ.പി കേന്ദ്രം ഭരിക്കുന്ന സമയത്ത് ഒരു മുസ്‌ലിംനെ ഗവര്‍ണറായി നിയമിക്കുന്നത് വിരോധഭാസമായി പലരും കാണുന്നുണ്ട്. അതിന്റെ ആവശ്യമില്ല. ബി.ജെ.പി മുസ്‌ലിംങ്ങളുടെ നിത്യശത്രുവായിട്ട് ആരും കാണുന്നില്ല. മുസ്‌ലിംങ്ങള്‍ കാണുന്നില്ല. ചില പരിപാടികളില്‍, വിഷയങ്ങളില്‍ ബി.ജെ.പിയോട് എതിര്‍പ്പുണ്ടാവാം. എന്നതല്ലാതെ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിയുന്ന ഭരണം ബി.ജെ.പി കാഴ്ചവെച്ചാല്‍ എന്താണ് പ്രശ്‌നം. നല്ല ഭരണം കാഴ്ചവെച്ചാല്‍ ബി.ജെ.പിയെ മുസ്‌ലിംങ്ങളെ സ്വാഗതം ചെയ്യുമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.